ബോധവത്കരണം ഫലംകണ്ടു, സംസ്ഥാനത്ത് വീട്ടുപ്രസവം കുറയുന്നു

തിരുവനന്തപുരം: മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വീടുകളിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ സാമ്പത്തികവർഷം ജനുവരിവരെ നടന്നത് 202 വീട്ടുപ്രസവം. അതിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായതായി ആരോഗ്യവകുപ്പിന്റെ കണക്ക്.
ആരോഗ്യകേന്ദ്രങ്ങളിലല്ലാതെ വീടുകളിലും മറ്റിടങ്ങളിലും പ്രസവിക്കുന്നതിലെ അപകടം വ്യക്തമാക്കി ആരോഗ്യ, തദ്ദേശവകുപ്പുകളുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം ഏപ്രിൽമുതൽ ശക്തമായ ബോധവത്കരണം നടക്കുന്നുണ്ട്.
നവജാതശിശുക്കളിൽ ആദ്യ 24-48 മണിക്കൂറിനുള്ളിൽത്തന്നെ ജനനവൈകല്യ നിർണയ പരിശോധന നടത്തണം.
ബാഹ്യ വൈകല്യങ്ങൾക്കുപുറമേ ഹൃദ്രോഗം തിരിച്ചറിയുന്നതിനുള്ള പൾസ് ഓക്സിമെട്രിക് സ്‌ക്രീനിങ്, കേൾവി, കാഴ്ച പരിശോധന, മെറ്റാബോളിക് രോഗങ്ങൾ, ന്യൂറോ ഡവലപ്‌മെന്റൽ പ്രശ്നം എന്നിവ കണ്ടെത്തുന്നതിനാണിത്. പ്രസവം ആരോഗ്യകേന്ദ്രങ്ങളിലായാലെ ഇതെല്ലാം ഉറപ്പാക്കാനാകൂ.
2018-നുശേഷം ഏകദേശം പത്തുലക്ഷം കുട്ടികളെ ഇത്തരം സ്‌ക്രീനിങിന് വിധേയരാക്കിയിട്ടുണ്ടെന്നും അതിൽ 37,000 -ത്തിൽ അധികം ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ആശുപത്രിച്ചെലവ്, സമീപം ആശുപത്രികളില്ലാതിരിക്കുക, പരിചിതമായ സ്ഥലത്ത് പ്രസവിക്കാനുള്ള താത്‌പര്യം, സാംസ്കാരിക-മതപരമായ കാരണങ്ങൾ തുടങ്ങിയവയാണ് പ്രസവത്തിന് ആശുപത്രിയിൽ പോകാതിരിക്കാൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ.
സംസ്ഥാനത്ത് 2019-’20 മുതൽ മലപ്പുറം ജില്ലയിലാണ് വീട്ടുപ്രസവം കൂടുതൽ. ഇവിടെയും എണ്ണം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മലപ്പുറം താനൂർ ഗവ. ആശുപത്രിയിലെ ഡോ. കെ. പ്രതിഭ പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം.
നവജാത ശിശുമരണനിരക്ക് 2030-ഓടെ ആയിരം കുഞ്ഞുങ്ങൾക്ക് 12 എന്നതാണ് ലക്ഷ്യംവെച്ചിരുന്നതെങ്കിലും നിലവിൽ 1000 കുഞ്ഞുങ്ങൾക്ക അഞ്ച് എന്ന നിലയിലെത്തിയിട്ടുണ്ട്.
Content Highlights: Strong awareness campaigns by the Health and Local Self-Government departments have led to a decrease in home births in Kerala, helping the state maintain an impressively low infant mortality rate of 5 per 1,000 births.