മൃഗങ്ങൾക്കുപോലും താമസിക്കാൻകഴിയുന്ന അവസ്ഥയല്ല- മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥയിൽ ഹൈക്കോടതി

കൊച്ചി: സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ ഞെട്ടിക്കുന്നതാണെന്നും ആധുനികത അവിടേക്ക് എത്തിനോക്കിയിട്ടില്ലെന്നും ഹൈക്കോടതി. മൃഗങ്ങൾക്കുപോലും താമസിക്കാൻകഴിയുന്ന അവസ്ഥയല്ല അവിടെയുള്ളത്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി വേണമെന്നും പണമില്ലെന്നുപറഞ്ഞ് സർക്കാർ പിൻമാറരുതെന്നും ഹൈക്കോടതി പറഞ്ഞു.
തിരുവനന്തപുരം, തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിട്ടു സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതി വിഷയം പരിഗണിച്ചത്. കോഴിക്കോട് മാനസികാരോഗ്യകേന്ദ്രവും സന്ദർശിക്കുമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മനുഷ്യാവകാശ ലംഘനമാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്നതെന്നു കോടതി പറഞ്ഞു. പൈശാചികമാണ് അവസ്ഥ. രോഗികളെ പാർപ്പിച്ചിരിക്കുന്ന മുറികളെ സെൽ എന്നൊന്നും പറയാനാകില്ല. അവിടത്തെ കാഴ്ചകൾ കണ്ടിട്ടും പതറുന്നില്ലെങ്കിൽ മനുഷ്യർ അല്ല.
സെല്ലിനുള്ളിൽ മുറിയുടെ നടുക്കായാണ് ശൗചാലയം. ഒരു മറപോലുമില്ല. നൂറ്റാണ്ടുകളായി തുടരുന്ന അവസ്ഥ ഇതാണ്. കൊളോണിയൽ രൂപമാണിപ്പോഴും മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക്. ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനാലാണ് നിലവിലെ അവസ്ഥയിലെങ്കിലും കൊണ്ടുപോകാനാകുന്നത്. ആരോഗ്യസെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഒാൺലൈനിൽ ഹാജരായി.
Content Highlights: The Kerala High Court has strongly criticized the state government over the horrific and colonial-era living conditions in government mental health centers, calling them unfit even for animals and demanding urgent remedial action.