ആരോഗ്യ സൂചികയിൽ നില മെച്ചപ്പെടുത്തി കേരളം; തിരിച്ചുവരവിന്റെ സൂചനയെന്ന് വിദഗ്ധർ, ഇപ്പോൾ നാലാമത്

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: നിതി ആയോഗിന്റെ ‘ഗോൾ ഓഫ് ഗുഡ് ഹെൽത്ത് ആൻഡ് വെൽബീയിങ് ഇൻഡെക്സി’ൽ കേരളത്തിന്റെ സ്ഥാനം നാലാമത്. ആത്മഹത്യയും റോഡപകടങ്ങളും മാനദണ്ഡം ആയതോടെ സൂചികയിൽ കേരളം താഴേക്ക് പോയിരുന്നു.

പുതിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുന്നതിനുമുമ്പ് 2018-19, 2019-20 വർഷങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്നു കേരളം. പുതിയ ഘടകങ്ങൾ വന്നതോടെ 2020-21ൽ പന്ത്രണ്ടാം സ്ഥാനത്തേക്കുപോയ സംസ്ഥാനത്തിന്റെ തിരിച്ചുവരവിന്റെ സൂചനയാണ് ഇപ്പോഴത്തെ നാലാം സ്ഥാനമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ഏറ്റവും പുതിയ വിലയിരുത്തൽ (2023-24) പ്രകാരം 90 പോയിന്റ് നേടിയ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. 84 പോയിന്റ് നേടിയ മഹാരാഷ്ട്രയും ഉത്തരാഖണ്ഡും രണ്ടാമതും. 83 പോയിന്റുള്ള ഹിമാചൽ പ്രദേശാണ് മൂന്നാമത്. കേരളത്തിനൊപ്പം 80 പോയിന്റോടെ കർണാടകവും നാലാം സ്ഥാനത്തുണ്ട്.

2030-ഓടെ സുസ്ഥിര ലക്ഷ്യം നേടുന്നതിനായി ആവിഷ്കരിച്ച ഘടകങ്ങളാണ് വിലയിരുത്തിയിട്ടുള്ളത്. മാതൃമരണനിരക്ക്, അഞ്ചുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം, ക്ഷയരോഗം, ഒമ്പതുമുതൽ 11 മാസം വരെയുള്ള കുഞ്ഞുങ്ങളുടെ പ്രതിരോധകുത്തിവെപ്പ്, എച്ച്ഐവി ബാധിതർ, ആയുർദൈർഘ്യം, ആശുപത്രികളിലെ പ്രസവം, സ്വന്തം കീശയിൽനിന്നുള്ള ചികിത്സച്ചെലവ്, ആരോഗ്യപ്രവർത്തകരുടെ എണ്ണം തുടങ്ങി 11 ഘടകങ്ങളാണ് വിലയിരുത്തിയത്. ഇതിൽ റോഡപകടനിരക്ക്, ചികിത്സച്ചെലവ്, ആത്മഹത്യ എന്നിവയിലെ ഉയർന്ന നിരക്കാണ് കേരളത്തിന് തടസ്സമായത്.

ആത്മഹത്യനിരക്ക് ലക്ഷത്തിൽ നാല് എന്നതാണ് ദേശീയ ലക്ഷ്യമെങ്കിലും കേരളത്തിൽ ഇപ്പോൾ ഇത് 28.5 ആണ്. റോഡപകടങ്ങളിൽ ഇവിടെ ലക്ഷത്തിൽ 12.1 ആണ് മരണനിരക്ക്.

സ്വന്തംകീശയിൽനിന്ന് ആരോഗ്യ ആവശ്യങ്ങൾക്ക്‌ ചെലവാക്കുന്നത് ദേശീയതലത്തിൽ 13 ശതമാനമാണെങ്കിൽ, ഇതിൽ മുന്നിലുള്ള കേരളവും അരുണാചൽ പ്രദേശും 17 ശതമാനം ചെലവിടുന്നു.

Content Highlights: Kerala`s health index ranking improves to 4th in NITI Aayog`s report