ആശുപത്രികൾ നിറയുന്നു: വീട്ടുനിരീക്ഷണം പ്രോത്സാഹിപ്പിച്ച് ആരോഗ്യവകുപ്പ്

കൊച്ചി: കോവിഡ് പ്രതിദിന കേസുകൾ കൂടിവരുന്നതനുസരിച്ച് സംസ്ഥാനത്തെ ആശുപത്രികളും നിറയുകയാണ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഗുരുതര ലക്ഷണങ്ങളില്ലാത്തവർക്കും അപകട സാധ്യത കുറഞ്ഞ വിഭാഗങ്ങളിൽ പെടുന്നവർക്കും വീട്ടുനീരീക്ഷണം (ഹോം ഐസലേഷൻ) പ്രോത്സാഹിപ്പിക്കുകയാണ് ആരോഗ്യവകുപ്പ്.
വീട്ടുപരിചരണം സംബന്ധിച്ച് റാപ്പിഡ് റെസ്‌പോൺസ് ടീം, ആശാ വർക്കർമാർ, തദ്ദേശസ്ഥാപന പ്രതിനിധികൾ വനിത-ശിശു വികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി ഐ.സി.ഡി.എസ്. പ്രവർത്തകർ എന്നിവർക്ക് പരിശീലനം ആരംഭിച്ചിട്ടുണ്ട്. വീട്ടുനിരീക്ഷണത്തിൽ ഉള്ളവർ മുൻകരുതൽ പാലിക്കണമെന്നാണ് നിർദേശം.
കോവിഡ് പോസിറ്റീവ് ആയവരിൽ നേരിയ രോഗലക്ഷണങ്ങളുള്ളവർക്കും മറ്റ് ഗുരുതരാവസ്ഥയില്ലാത്തവർക്കും വീട്ടുനിരീക്ഷണത്തിൽ കഴിയാം. അനുബന്ധരോഗങ്ങളുള്ളവർ, ശ്വാസകോശരോഗങ്ങളുള്ളവർ, ഹൃദയം, കരൾ, വൃക്കരോഗങ്ങളുള്ളവർ, പ്രായമായവർ എന്നിവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ വീട്ടുനിരീക്ഷണത്തിൽ കഴിയാവൂ. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുമ്പോൾ രോഗാവസ്ഥ സ്വയം നിരീക്ഷിക്കേണ്ടതും അപകടസൂചനകൾ കണ്ടാൽ ആരോഗ്യപ്രവർത്തകരുടെ സഹായം തേടുകയും വേണം.
ശനിയാഴ്ച വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,85,516 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,77,086 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും 8430 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1124 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുതിയ കേസുകളുടെ വളർച്ചാനിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 201 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ, ആശുപത്രികൾ, ഫീൽഡ് ആശുപത്രികൾ, ഐ.സി.യു, വെന്റിലേറ്റർ, ഓക്സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ വർധിച്ചിട്ടുണ്ട്.
Content Highlights: Kerala health department recommends home isolation
Content Highlights: