സർക്കാർ ആശുപത്രിയിൽ മരുന്നുണ്ടോ? കാലാവധിയെത്ര? ആപ്പിലൂടെ അറിയാം

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഏതൊക്കെ മരുന്നുകളുണ്ടെന്ന് പൊതുജനങ്ങൾക്ക് അറിയാൻ ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് തയ്യാറാക്കുന്നു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) 14 ജില്ലകളിലേക്കും നൽകുന്ന മരുന്നുകളുടെ വിവരങ്ങൾ ലഭ്യമാക്കും. ഓരോമരുന്നും എത്രത്തോളം ഉപയോഗിച്ചു, കെട്ടിക്കിടപ്പുണ്ടോ, ക്ഷാമമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആപ്പിലൂടെ അറിയാം. ആശുപത്രികളിൽ ശേഖരമുള്ള മരുന്നുകളുടെ കാലാവധിയും അറിയാം. മരുന്നുക്ഷാമം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പിനെ വിവരമറിയിക്കാം.
ചില ആശുപത്രികളിൽ മരുന്ന് കെട്ടിക്കിടക്കുമ്പോൾ മറ്റിടങ്ങളിൽ ക്ഷാമം റിപ്പോർട്ടുചെയ്യുന്ന സ്ഥിതിയുണ്ടാകാറുണ്ട്. കെ.എം.എസ്.സി.എലിന്റെ മരുന്നുവാങ്ങലിൽ ക്രമക്കേടുകൾ ആരോഗ്യവകുപ്പ് കണ്ടെത്തിയതിനുപിന്നാലെയാണ് പുതിയസംവിധാനം.
വെയർഹൗസുകൾ എ.ഐ. നിയന്ത്രണത്തിലേക്ക്
ആവശ്യമനുസരിച്ച് മരുന്നുവിതരണം ക്രമീകരിക്കാൻ കോർപ്പറേഷന്റെ വെയർഹൗസുകൾ തമ്മിലുള്ള ഏകോപനത്തിന് എ.ഐ. അധിഷ്ഠിത പ്ലാറ്റ്ഫോമും നിലവിൽവരും. ഓരോ വെയർഹൗസിലുമുള്ള തത്സമയ ശേഖരണവിവരങ്ങൾ ആരോഗ്യവകുപ്പിന്റെ ഉന്നതതലങ്ങളിൽ പരിശോധിക്കാൻ ഇത് സഹായിക്കും.
Content Highlights: Kerala's health department is developing an app to inform the public about available medicines in government hospitals across 14 districts.