വിലകൂടിയ ബ്രാൻഡഡ് മരുന്നുപേക്ഷിച്ച് മലയാളികൾ, ജനറിക് മരുന്നുവിൽപനയിൽ കേരളം രണ്ടാമത്

ആലപ്പുഴ: വിലകൂടിയ ബ്രാൻഡഡ് മരുന്നുപേക്ഷിച്ച് കൂടുതൽ മലയാളികൾ കുറഞ്ഞ വിലയുള്ള ജനറിക് മരുന്നിലേക്ക്. കേന്ദ്ര ഫാർമസ്യൂട്ടിക്കൽ വകുപ്പിന്റെ പുതിയ കണക്കു പ്രകാരം ജൻഔഷധികളിലെ വിൽപ്പനയിൽ കേരളം രാജ്യത്തു രണ്ടാമതാണ്. കഴിഞ്ഞ മാസം 18.12 കോടി രൂപയുടെ വിൽപ്പനയാണു നടന്നത്. 19.55 കോടിയുടെ മരുന്നു വിറ്റ ഉത്തർപ്രദേശാണ് മുന്നിൽ.
കുറച്ചായി ഉത്തർപ്രദേശും കേരളവും വിൽപ്പനയിൽ ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ ഏപ്രിലിൽ കേരളം ഒന്നാമതെത്തിയിരുന്നു. ചില മാസങ്ങളിൽ വിൽപ്പന 28 കോടി വരെയെത്തിക്കാൻ കേരളത്തിനു കഴിഞ്ഞു.
2019 മുതൽ 2024 വരെയുള്ള അഞ്ചുവർഷം ജനറിക് മരുന്നു വിൽപ്പനയുടെ 50 ശതമാനവും നടന്നത് കേരളം, ഉത്തർപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ്. ഈ മരുന്നിലുള്ള ആളുകളുടെ വിശ്വാസം കൂടിയതാണ് വിൽപ്പന കൂടാൻ കാരണം. ബ്രാൻഡഡ്, ജനറിക് മരുന്നുകൾക്ക് ഒരേ ഗുണനിലവാരമാണെന്നും വിലകൂടിയ മരുന്നുകൾക്കു ഗുണം കൂടണമെന്നില്ലെന്നുമുള്ള പഠനം പുറത്തുവന്നതോടെ വിൽപ്പന ഇനിയും ഉയരുമെന്നാണു പ്രതീക്ഷ. ബ്രാൻഡഡ് മരുന്നിനെക്കാൾ 50 മുതൽ 80 വരെ ശതമാനം വിലക്കുറവും വിൽപ്പന കൂടാൻ കാരണമായി.
അന്ന് 449 ഇനം; ഇന്ന് രണ്ടായിരത്തിലേറെ
കേരളത്തിൽ ജൻഔഷധി തുടങ്ങിയപ്പോൾ 449 ഇനം ജനറിക് മരുന്നുകളാണുണ്ടായിരുന്നത്. 10 വർഷം പിന്നിട്ടപ്പോൾ അത് 2,110 ആയി ഉയർന്നു. 315 സർജിക്കൽ ഉപകരണങ്ങളും ജൻഔഷധികളിൽ കുറഞ്ഞവിലയ്ക്കു ലഭിക്കും. പുതിയ മരുന്നു കണ്ടെത്തുന്ന കമ്പനിയുടെ പേറ്റന്റ് കാലാവധി കഴിഞ്ഞാൽ, ആ മരുന്ന് മറ്റുകമ്പനികൾക്കും നിർമിക്കാം. അതുകൊണ്ട്, ജൻഔഷധികളിൽ കൂടുതൽ മരുന്നുകൾ ഇനിയുമെത്തും.
വിതരണത്തിനു സ്വകാര്യ കമ്പനികളും
പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയുടെ ഭാഗമായി 2008-ൽ മൻമോഹൻ സിങ് സർക്കാരാണ് ജൻഔഷധി കേന്ദ്രങ്ങൾ തുടങ്ങിയത്. പിന്നീട്, 2015-ൽ നരേന്ദ്രമോദി സർക്കാർ പദ്ധതി പുനരവതരിപ്പിച്ചു. കേരളത്തിൽ 2016-ലായിരുന്നു തുടക്കം. അന്ന് രണ്ടു വിൽപ്പന കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇപ്പോൾ 1,743 കേന്ദ്രങ്ങളുണ്ട്. ഇവയെല്ലാം കേന്ദ്ര നിയന്ത്രണത്തിലാണ്. എന്നാൽ, ആവശ്യക്കാരുണ്ടെന്നറിഞ്ഞതോടെ സ്വകാര്യ കമ്പനികളും ജനറിക് മരുന്നുവിതരണശൃംഖല തുറന്നുതുടങ്ങി.
Content Highlights: Kerala sees a surge in generic medicine sales, ranking second nationally.