ഈ മൂന്ന് കാര്യങ്ങളിൽ വിട്ടുവീഴ്ച അരുത്, കോവിഡ് കേസുകൾ കൂടുന്നതിൽ ആശങ്ക വേണ്ട- ആരോഗ്യമന്ത്രി

വീണാ ജോര്‍ജ്
വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ആ​ഗോളതലത്തിൽ കോവിഡ് കേസുകളുടെ വർധന ഉണ്ടായപ്പോൾത്തന്നെ കേരളം ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. എപ്പോഴും എന്നതുപോലെ കോവിഡ് കേസുകൾ ഉയരുന്നത് കണ്ടപ്പോൾത്തന്നെ സംസ്ഥാനത്ത് ആവശ്യമായ പരിശേധനകൾ നടത്തണമെന്ന നിർദേശം ജില്ലകൾക്ക് നൽകിയിരുന്നുവെന്നും അതാണ് രോ​ഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഞായറാഴ്ച വൈകുന്നേരം റിപ്പോർട്ട് ചെയ്ത 1952 കോവിഡ് കേസുകളിൽ എൺപത് കേസുകളിലാണ് ആശുപത്രിവാസമുണ്ടായത്. അത് കോവിഡ് കാരണമല്ല, മറ്റുരോ​ഗങ്ങളാൽ ആശുപത്രിയിലായവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാപനശേഷി കൂടുതലാണെങ്കിലും രോ​ഗസ്വഭാവത്തിൽ തീവ്രതയുള്ള വകഭേദമല്ല ഇപ്പോഴത്തേത്. എന്നുകരുതി ജാ​ഗ്രത എടുക്കേണ്ടെന്നല്ല, മറ്റ് രോ​ഗങ്ങൾ ഉള്ളവർ തീർച്ചയായും മുൻകരുതലെടുക്കണം, മന്ത്രി പറഞ്ഞു.

രോ​ഗപ്രതിരോധത്തിൽ പ്രധാനമായ മൂന്നുകാര്യങ്ങളേക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. അതിൽ ആദ്യത്തേത് മാസ്ക് ധരിക്കുക എന്നതാണ്. പ്രത്യേകിച്ച് മറ്റ് രോ​ഗങ്ങൾ ഉള്ളവർ നിർബന്ധമായും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചിരിക്കണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം എന്നതും ആശുപത്രികളിൽ ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം എന്നതും പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

പലരാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുകയാണ്. സംസ്ഥാനത്തും കോവിഡ് കേസുകളിൽ വീണ്ടും വർധനവുണ്ടായേക്കാം. എന്നുകരുതി ആശങ്കയിലേക്ക് പോകേണ്ട കാര്യം നിലവിൽ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യപാഠങ്ങൾ ഓർക്കുക

കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങൾ നാട്ടിലൊക്കെയുണ്ട്. ഇടയ്ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനിപോലെ വന്നുപോകാം. നിലവിൽ കാണുന്ന മിക്ക കേസുകളും ലഘുവായി വന്നുപോകുന്നതാണ്. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഭേദമാകും. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആസ്പത്രി സന്ദർശനങ്ങൾ വേണ്ടെന്നുവെക്കുക, കോവിഡ്കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക എന്നിവയാണ്‌ അടിസ്ഥാന രോഗപ്രതിരോധ കാര്യങ്ങൾ.

ലക്ഷണങ്ങൾ

ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങളുണ്ടാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യോപദേശം തേടണം.

Content Highlights: Kerala sees a rise in COVID-19 cases, but the Health Minister assures no need for panic