അർബുദത്തോട് പൊരുതുന്ന കേറ്റ് വിംബിൾഡൺ വേദിയിൽ; നിറഞ്ഞ കയ്യടിയോടെ സ്വീകരണം

വിംബിള്‍ഡൺ ടെന്നീസ് ഫൈനല്‍ വേദിയിലെത്തിയ വെയിൽസ് രാജകുമാരി കേറ്റ് മിഡിൽട്ടണിന് വൻ സ്വീകരണം. അർബുദ ബാധിതയാണെന്ന് സ്ഥിരീകരിച്ച ശേഷം രണ്ടാം തവണയാണ് കേറ്റ് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് കാണികൾ രാജകുമാരിയെ സ്വീകരിച്ചത്.
ജൂലൈ 14-ന് വിംബിള്‍ഡന്‍ വേദിയായ സെന്റര്‍ ക്രൗണ്‍ ടെന്നീസ് കോര്‍ട്ടില്‍ നടന്ന വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനല്‍ കാണാനായി കേറ്റ് എത്തിയപ്പോഴാണ് കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിയോടെ സ്വീകരിച്ചത്. മത്സര വിജയത്തിന് മാറ്റുകൂട്ടിക്കൊണ്ട് വിംബിള്‍ഡന്‍ പുരുഷവിഭാഗം കിരീട ജേതാവായ കാര്‍ലോസ് അല്‍ക്കരാസിന് കിരീടം കൈമാറിയതും കേറ്റ് തന്നെയാണ്. പർപ്പിൾ നിറത്തിലുള്ള സാഫിയ ഗൗണണിഞ്ഞ് എത്തിയ കേറ്റ് നിറഞ്ഞ ചിരിയോടെയും ചുറുചുറുക്കോടെയും കാണികളെ അഭിവാദ്യം ചെയ്തു.
വെയിൽസ് രാജകുമാരിയെ സെന്റര്‍ കോര്‍ട്ട് സ്വീകരിക്കുന്നു എന്ന അടിക്കുറിപ്പോടെ വിംബിള്‍ഡന്‍ ടൂര്‍ണമെന്റെ ഔദ്യോകിക ഇന്‍സ്റ്റഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചത്.
കടുത്ത ടെന്നീസ് ആരാധികയും ടെന്നീസ് കളിക്കാരിയുമായ കേറ്റ് സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസും സെര്‍ബിയയുടെ നെവോക് ജോക്കോവിച്ചും തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനാണ് വിംബിള്‍ഡന്‍ വേദിയിലെത്തിയത്. മകള്‍ ഷാര്‍ലെറ്റും സഹോദരി പിപ്പ മിഡില്‍ട്ടണും കേറ്റിനോപ്പമുണ്ടായിരുന്നു.
ജൂണില്‍ ചാള്‍സ് രാജാവിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതു പരിപാടിയിലാണ് കേറ്റ് അവസാനമായി പങ്കെടുത്തത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേറ്റ് മിഡില്‍ടണ്‍ അര്‍ബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും തുറന്നുപറഞ്ഞത്.
കാന്‍സര്‍ സ്ഥിരീകരിച്ചതിനു ശേഷം ഔദ്യോഗിക കര്‍ത്തവ്യങ്ങളില്‍ നിന്നെല്ലാം കേറ്റ് വിട്ടുനില്‍ക്കുകയായിരുന്നു. ചാള്‍സ് മൂന്നാമന്‍ കാന്‍സര്‍ ബാധിതനാണെന്ന് അറിയിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് കേറ്റും തന്റെ അസുഖവിവരം വെളിപ്പെടുത്തിയത്.
Content Highlights: https://www.telegraphindia.com/entertainment/kate-middleton-receives-30-second-standing-ovation-at-w