കീമോതെറാപ്പിയുടെ ഫലമായി മുടി കൊഴിയാതിരിക്കാന്‍ കേറ്റിന് തുണയായത് കോള്‍ഡ് ക്യാപ് തെറാപ്പിയോ?

ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യയും വെയ്ല്‍സിലെ രാജകുമാരിയുമായ കേറ്റ് മിഡില്‍ടണിന് 2024-ലാണ് അര്‍ബുദ ബാധ സ്ഥിരീകരിച്ചത്. ഏത് അര്‍ബുദമാണ് അവരെ ബാധിച്ചതെന്ന് പരസ്യമാക്കിയില്ലെങ്കിലും രോഗം ഭേദമായതായി അടുത്തിടെ കേറ്റ് ലോകത്തെ അറിയിച്ചിരുന്നു. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു അവര്‍ ഇക്കാര്യം അറിയിച്ചത്.
അതിനിടെ, അര്‍ബുദ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പിക്ക് വിധേയ ആയെങ്കിലും മുടി കൊഴിഞ്ഞുപോകാതിരിക്കാനുള്ള മാര്‍ഗമായ കോള്‍ഡ് കാപ് തെറാപ്പി കേറ്റ് സ്വീകരിച്ചിരുന്നോ എന്നതരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍, രാജകുമാരി കോള്‍ഡ് ക്യാപ് തെറാപ്പിക്ക് വിധേയ ആയിട്ടില്ലെന്ന് പീപ്പിള്‍സ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം ലണ്ടനിലെ ഒരു കാന്‍സര്‍ ആശുപത്രിയില്‍ കേറ്റ് സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ കോള്‍ഡ് കാപ് തെറാപ്പിക്ക് വിധേയ ആയ കാതറിന്‍ ഫീല്‍ഡ് എന്നൊരു യുവതിയോട് സംസാരിക്കുകയും ചെയ്തു. കാതറിന്‍, തന്റെ കോള്‍ഡ് കാപ് തെറാപ്പിയെ കുറിച്ചുള്ള കാര്യങ്ങള്‍ കേറ്റിനോട് പങ്കുവെച്ചു. രാജകുമാരി തന്നോട് സഹാനുഭൂതി പ്രകടിപ്പിച്ചുവെന്നും അവര്‍ കോള്‍ഡ് ക്യാപ് തെറാപ്പി സ്വീകരിച്ചില്ലെന്ന് പറഞ്ഞുവെന്നും കാതറിന്‍ പറഞ്ഞതായി പീപ്പിള്‍സ് മാസിക റിപ്പോര്‍ട്ട് ചെയ്തു.
ശിരോചര്‍മത്തിന്റെ താപനില, കുറയ്ക്കുകയാണ് കോള്‍ഡ് ക്യാപ് തെറാപ്പിയില്‍ ചെയ്യുന്നത്. ഇതിനായി സ്‌കാള്‍പ് കൂളിങ് ഡിവൈസ് ഉപയോഗിക്കും. കീമോതെറാപ്പിയെ തുടര്‍ന്നുണ്ടാകുന്ന മുടി കൊഴിച്ചിലിനെ നിയന്ത്രിക്കാന്‍ ചിലരെ ഈ സ്‌കാള്‍പ് കൂളിങ് സഹായിക്കുമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നു.
Content Highlights: kate middleton cancer treatment cold cap therapy