കപിൽ ശർമയുടെ അമ്പരപ്പിക്കുന്ന മാറ്റം; എന്താണ് ശരീരഭാരം കുറയാൻ താരം പരീക്ഷിച്ച 21-21-21 റൂൾ ?

കപിൽ ശർമ | Photo: AFP, PTI
കപിൽ ശർമ | Photo: AFP, PTI

ആരാധകരെ അമ്പരപ്പിക്കുന്ന മാറ്റമായിരുന്നു നടൻ കപിൽ ശർമ തന്റെ ശരീരഭാരം കുറയ്ക്കുന്നതുവഴി വരുത്തിയത്. വിമാനത്താവളത്തിൽ നിന്നുള്ള കപിലിന്റെ വീഡിയോ കണ്ട് ആരാധകർ അക്ഷരാര്‍ഥത്തില്‍ അന്തംവിട്ടു. ഒസെംപിക് എന്ന മരുന്നുപയോഗിച്ചാവാം ബോളിവുഡ് നടൻ ശരീരഭാരം കുറച്ചത് എന്നുവരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴിതാ ഫിറ്റ്നസ് വിദ​ഗ്ധൻ യോഗേഷ് ഭത്തേജ തന്നെ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തുകയാണ്. കപിൽ ശർമ കൂടാതെ, ഫറാ ഖാൻ, സോനു സൂദ് എന്നിവരുൾപ്പെടെയുള്ളവരുടെ കോച്ച് ആണ് യോ​ഗേഷ്. കപിൽ ഉൾപ്പെടെയുള്ളവരോടെ അടിസ്ഥാനപരവും ഫലപ്രദവുമായ ഒരു ദിനചര്യ പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് യോ​ഗേഷ് പറയുന്നത്. 21-21-21 റൂൾ എന്ന് അറിയപ്പെടുന്ന ഈ ദിനചര്യയെക്കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 

21-21-21 റൂൾ
ആദ്യത്തെ 21 ദിവസം

യോ​ഗേഷിന്റെ അഭിപ്രായത്തിൽ ആദ്യത്തെ 21 ദിവസം ശരീരത്തെ ചലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ ശരീരത്തിലെ എല്ലാ പേശികളെയും ചലിപ്പിക്കുക. സ്ട്രെച്ചുകൾ ചെയ്യുക. ഡയറ്റ് നിയന്ത്രണമോ മാറ്റങ്ങളോ ഇല്ലാതെ ഇതിൽ തന്നെ ശ്രദ്ധിക്കുക.

അടുത്ത 21 ദിവസം
ഈ 21 ദിവസങ്ങളിൽ ഭക്ഷണക്രമം ശ്രദ്ധിക്കുക. കാർബോഹൈഡ്രേറ്റോ കലോറിയോ കുറയ്ക്കണമെന്നല്ല പറയുന്നത്. മറിച്ച്, ചെറിയ മാറ്റങ്ങൾ ഭക്ഷണക്രമത്തിൽ വരുത്തുക. ഉദ്ദാഹരണത്തിന് ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം മധുരം കഴിക്കുന്നവർ അത് കുറയ്ക്കുക.  ദിവസം മുഴുവൻ ചായ കുടിക്കുന്നതും ഒഴിവാക്കുക. പൂർണമായി ഒഴിവാക്കുന്നില്ലെങ്കിലും അളവ് എങ്കിലും കുറയ്ക്കുക. കൂടുതൽ ഊർജ്ജസ്വലമായും ആരോഗ്യമുള്ളവരായും നമുക്ക് തോന്നും. 

അടുത്ത 21 ദിവസങ്ങൾ
ഈ ദിവസങ്ങളിൽ പുകവലി, മദ്യപാനം, കഫീൻ എന്നിവ നിയന്ത്രിക്കുക. ശരീരത്തിനെ സംബന്ധിച്ച് ഒരു പ്രയോജനവും നൽകാത്ത വസ്തുക്കൾ ഉപേക്ഷിക്കുക. 

ഈ ദിവസങ്ങൾ യാതൊരു പ്രയത്നവുമില്ലാതെ ഒരു മനോഭാവം വളർത്തിയെടുക്കാൻ സഹായിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. കാരണം ഓരോ 21 ദിവസവും ഒറ്റ കാര്യത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജീവിതത്തിൽ ഒറ്റയടിക്ക് കലോറി വെട്ടിക്കുറയ്ക്കുകയല്ല വേണ്ടത്. മറിച്ച് പതുക്കെ പരിഷ്കരിക്കുകയാണ്. ഈ പ്രക്രിയയിലൂടെ മുന്നോട്ട് പോയി  42-ാം ദിവസം എത്തുമ്പോൾ മാറ്റം പ്രകടമാകും. അത് നിങ്ങൾക്ക് നിങ്ങളെ തന്നെ കൂടുതൽ മികച്ചതായി കാണാൻ തോന്നിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. 63 ദിവസങ്ങൾക്ക് ശേഷം നല്ല മാറ്റമുണ്ടാകും. തുടക്കക്കാർക്ക് ഏറ്റവും ഫലപ്രദമായ മാർ​ഗമിതാണെന്നും യോ​ഗേഷ് കൂട്ടിച്ചേർത്തു. 
 

Content Highlights: Kapil Sharma's Weight Loss Transformation: Unveiling the 21-21-21 Fitness Rule