പോഷകാഹാരം ധാരാളം കഴിച്ചിട്ടും കല്ലും മണ്ണും ചോക്കും റബ്ബറും തിന്നുന്നു; എന്താണ് ഈ കുട്ടികൾക്ക് പറ്റിയത്?

കാഞ്ഞങ്ങാട്: ചിക്കനും മീനും ഉൾപ്പെടെയുള്ള ഊണ്. പ്രാതലിന് പുട്ടും കടലയും ദോശയും അപ്പവുമൊക്കെ. അത്താഴം കഴിഞ്ഞാൽ പഴവർഗങ്ങൾ പലതരം. എന്നിട്ടും പെൺകുട്ടികളിൽ ചിലർ മണ്ണ് തിന്നുന്നു. ചെറിയ കല്ല് കടിച്ചുപൊട്ടിച്ച് ചവച്ചരയ്ക്കുന്നു. കൈയിൽ ചോക്ക് കിട്ടിയാൽ അതും തിന്നും. ജ്യോമിട്രിക് ബോക്സ് തുറന്ന് റബ്ബറെടുത്ത് കടിക്കുന്നു. എന്തുകൊണ്ടാണ് ഇതിനോടെല്ലാം ഇവർക്കിഷ്ടമെന്ന് അധ്യാപകർക്ക് മനസ്സിലാകുന്നില്ല. കാഞ്ഞങ്ങാട് തീരദേശത്ത് പ്രവർത്തിക്കുന്ന ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഗേൾസ് ഹൈസ്കൂളിലെ കാര്യമാണിത്.
കല്ലും മണ്ണും ചോക്കുമെല്ലാം തിന്നുന്ന കുട്ടികളെ ഡോക്ടറെ കാണിച്ചതായും മരുന്ന് നൽകിയതായും സ്കൂൾ അധികൃതർ പറയുന്നു. അടുക്കളയിലെത്തി അരിയും വാരി വായിലിടുന്ന കുട്ടികളുണ്ട്. പോഷകാഹാരം കഴിക്കുന്നതുകൊണ്ടുമാത്രം ഇതെല്ലാം തിന്നണമെന്ന ആഗ്രഹമില്ലാതാകുന്നില്ലെന്നും അതിന് ശരിയായ രീതിയിലുള്ള പരിശോധന വേണമെന്നും മരുന്ന് കഴിക്കണമെന്നും ഡോക്ടർമാർ പറയുന്നു.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മാത്രമുള്ള റെസിഡെൻഷ്യൽ സ്കൂളാണിത്. തീരദേശമേഖലയിൽനിന്നുള്ള, നിർധനകുടുംബങ്ങളിലെ കുട്ടികളാണെല്ലാവരും. എട്ട്, ഒൻപത്, പത്ത് ക്ലാസുകളേയുള്ളൂ. ആകെ 43 പേർ. ഓരോ ക്ലാസിലും കുട്ടികൾ തുലോം കുറവ്. എട്ടാംതരത്തിൽ ഒൻപത് പേരേയുള്ളൂ. ഒൻപതിൽ 14-ഉം പത്തിൽ 20 പേരുമാണുള്ളത്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനമാണ് വിജയം. ഒരുകുട്ടി മുഴുവൻ വിഷയത്തിലും എ പ്ലസ് നേടുകയും ചെയ്തു.
കുട്ടികൾക്കുള്ള യൂണിഫോം, പുസ്തകം, ബാഗ്, കുട, ചെരുപ്പ് തുടങ്ങി എല്ലാം സ്കൂളിൽനിന്നുതന്നെ നൽകുന്നു. പ്രഥമാധ്യാപികയെ കൂടാതെ ആറ് അധ്യാപകരും രണ്ട് ഓഫീസ് സ്റ്റാഫും വാർഡനും കെയർടേക്കറും രണ്ട് പാചകക്കാരുമുണ്ട്. വർഷങ്ങൾക്കുമുൻപ് ചെറുവത്തൂരിൽ തുടങ്ങിയ ഈ വിദ്യാലയം പിന്നീട് കാഞ്ഞങ്ങാട്ടെ വാടകക്കെട്ടിടത്തിലേക്കും തുടർന്ന് തീരദേശത്തെ മീനാപ്പീസ് എന്ന സ്ഥലത്ത് നിർമിച്ച സ്വന്തം കെട്ടിടത്തിലേക്കും മാറ്റുകയായിരുന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും വിദ്യാഭ്യാസ ഉപഡയരക്ടറും മേൽനോട്ടം വഹിക്കുന്നു.
വിളർച്ചാരോഗമാകാനാണ് സാധ്യത
രക്തത്തിൽ ഇരുമ്പുസത്ത് കുറഞ്ഞതാകാം ഇതിനു കാരണം. അയേൺ ഡെഫിഷ്യൻസി അനീമിയുണ്ടോയെന്ന് പരിശോധിക്കണം. ഇതിന് മെഡിക്കൽ മേഖലയിൽ പറയുന്നത് ’പൈക്ക’ എന്നാണ്. കുട്ടികളെ പരിശോധിച്ചാലേ ഇതുതന്നെയാണെന്ന് ഉറപ്പാക്കാൻ കഴിയൂ.
ഡോ. കെ.സുധീപ്,
മെഡിസിൻ വിഭാഗം പ്രൊഫസർ,
മുൻ സൂപ്രണ്ട്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്
Content Highlights: A coastal school reports students with pica eating disorder, eating chalk and stones. Doctors suggest iron deficiency anemia as a possible cause.