കാൻസർ രോഗികൾക്കായി 2 കോടി രൂപയുടെ പദ്ധതിയുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

തൃശൂർ: നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമിട്ട് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. സംസ്ഥാനത്തുടനീളം കാൻസർ ബാധിതരായ ആയിരത്തോളം ആളുകൾക്ക് 20000 രൂപയുടെ മരുന്നുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുക. ലോക കാൻസർ ദിനത്തോടനുബന്ധിച്ച് തൃശൂർ ചക്കോളാസ് പവലിയൻ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു. ചലച്ചിത്ര താരം മംമ്ത മോഹൻദാസ് മുഖ്യാഥിതിയായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ജോയ്ആലുക്കാസ് ഫൗണ്ടഷന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പദ്ധതിയ്ക്ക് ഏകദേശം 2 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസകരമായ പദ്ധതിയാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ആരംഭിക്കുന്നതെന്നും കുട്ടികളിലെ കാൻസർ ചികിത്സയ്ക്ക് മാത്രമായി തൃശൂരിൽ അത്യാധുനിക ആശുപത്രി സംവിധാനം ഒരുക്കുമെന്നും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2009ൽ ആരംഭിച്ച ജോയ്ആലുക്കാസ് ഫൗണ്ടേഷൻ മുഖേന രാജ്യത്തുടനീളം നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഡയാലിസിസ് രോഗികൾക്കുള്ള സാമ്പത്തിക പിന്തുണ, ഹൃദ്രോഗികൾക്ക് സൗജന്യ പേസ്‌മേക്കറുകൾ, മറ്റു മെഡിക്കൽ സഹായങ്ങൾ എന്നീ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി 500-ത്തിലധികം ജോയ് ഹോമുകളും ഇന്ത്യയിലുടനീളം നിരവധി കുട്ടികൾക്ക് ‘ജോയ് ഓഫ് ഹോപ്പ്’ സ്കോളർഷിപ്പുകളും നൽകിയിട്ടുണ്ട്.

ചടങ്ങിൽ ജോയാലുക്കാസ് ഫൗണ്ടേഷൻ കോർഡിനേറ്ററായിരുന്ന പിപി ജോസിനെ ആദരിക്കുകയും ചെയ്തു. വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ ഗൈനക് ഓങ്കോളജി ആൻഡ് ബ്രെസ്റ്റ് സയൻസ് വിഭാഗം ഡയറക്ടർ ഡോ. ചിത്രതാര കെ മുഖ്യപ്രഭാഷണം നടത്തി. ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ്ആലുക്കാസ്, അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി എം ഐ, ജൂബിലി മിഷൻ ഹോസ്പിറ്റൽ സിഇഒ ഡോ. ബെന്നി ജോസഫ്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.

Content Highlights: Joyalukkas Foundation launches a noble initiative to provide essential cancer medicines worth ₹20,000 to 1000 underprivileged patients across Kerala