ജോലി ലഭിക്കുന്നതോടെ യുവതയുടെ ശാരീരിക പ്രവർത്തനങ്ങളും ഉറക്കവും കുറയുന്നതായി പഠനം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മനുഷ്യര്‍ ആയുസ്സിന്റെ ശരാശരി മൂന്നിലൊരുഭാഗം സമയവും ഉറക്കത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നത്, അതായത് എട്ട് മണിക്കൂര്‍ രാത്രി ഉറക്കം. എന്നാല്‍ യുവാക്കള്‍ ജോലി തിരക്കുകളിലേക്ക് കടക്കുന്നതോടെ ഇത് തകിടംമറിയുന്നുവെന്ന് പഠനം. ആരോഗ്യകരമായ ജീവതത്തിന് ആവശ്യമായ ഉറക്കവും വ്യായാമവും പ്രൊഫഷണല്‍ ജീവിതത്തിലേക്ക് കടക്കുന്നതോടെ കുറയുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു.

ഇന്റര്‍നാണല്‍ ജേര്‍ണല്‍ ഓഫ് ബിഹേവിയറല്‍ ന്യൂട്രീഷന്‍ ആന്റ് ഫിസിക്കല്‍ ആക്ടിവിറ്റി  ആണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ജോലിയിലേക്ക് പ്രവേശിക്കുന്ന ആദ്യ നാളുകളില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൂടുതലാണെങ്കിലും പിന്നീടുളള നാളുകളില്‍ ഇത് കുത്തനെ ഇടിയുന്നതായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ബസ് ഡ്രൈവിങ്, ഹെയര്‍ ഡ്രെസിങ്, ക്ലീനിങ് പോലുള്ള ശരീര ചലനങ്ങള്‍ ഉള്‍പ്പെട്ട ജോലി ചെയ്യുന്നവരിലാണ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. 

അതേസമയം കോര്‍പ്പറേറ്റ് ജോലികള്‍ ചെയ്യുന്നവരില്‍ ഇത് കുത്തനെ കുറഞ്ഞതായും പഠനത്തില്‍ പറയുന്നു. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരിലാണ് ഇതിലേറ്റവും പിന്നില്‍. എന്നാല്‍ ജോലി ഇവരുടെ സ്ലീപ് സൈക്കിളിനെ ബാധിച്ചിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു. 

കോര്‍പ്പറേറ്റ് ജോലികള്‍ ചെയ്യുന്നവര്‍ കൃത്യമായ ഇടവേളകളില്‍ ശാരീര പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സില്‍ അംഗമായ അലേന ഒക്ഷനാം അഭിപ്രായപ്പെട്ടു. ഒരു ദിവസ്സത്തെ ജോലി ആരംഭിക്കുന്നതിന് മുമ്പോ ശേഷമോ നടക്കുന്നതും ലഞ്ച് ബ്രേക്കിനായി ഇറങ്ങുമ്പോള്‍ അല്‍പ്പം നടക്കുന്നതും നല്ലതാണ്, അലേന പറഞ്ഞു.

യു.കെ.യിലെ 16-നും 30നും ഇടയില്‍ പ്രായമുള്ള 3000 പേരെയാണ് പഠനവിധേയമാക്കിയത്. പഠന വിധേയമായവരെല്ലാം 2015-നും 2023-നും മിടയില്‍ തൊഴില്‍ ജീവിതം ആരംഭിച്ചവരുമാണ്. 


 

Content Highlights: new study reveals how starting a job affects sleep and exercise habits