മൂന്നുദിവസമായിട്ടും പനി കുറഞ്ഞില്ല, പിന്നാലെ ടെർമിനൽ ഇലൈറ്റിസ്;കഠിനദിനങ്ങൾ പങ്കുവെച്ച് ജാസ്മിൻ ഭാസിൻ

അടുത്തിടെയാണ് നടി ജാസ്മിൻ ഭാസിന് ടെർമിനൽ ഇലൈറ്റിസ് എന്ന രോഗാവസ്ഥ ബാധിച്ചതിനേക്കുറിച്ച് പങ്കുവെച്ചത്. പിറന്നാൾ ആഘോഷിക്കേണ്ടിയിരുന്ന ദിവസം ആശുപത്രിയിലായെന്നും പിന്നീടാണ് ടെർമിനൽ ഇലൈറ്റിസ് എന്ന അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞതെന്നും ജാസ്മിൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ ദിവസങ്ങളിലൂടെ കടന്നുപോയതിനേക്കുറിച്ച് പങ്കുവെക്കുകയാണ് നടി. ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമായിരുന്നു അതെന്നാണ് ജാസ്മിൻ പറയുന്നത്.
ദുബായിലേക്ക് പിറന്നാൾ ആഘോഷത്തിനായുള്ള യാത്ര ഇങ്ങനെയാവുമെന്ന് കരുതിയിരുന്നില്ലെന്നും ജാസ്മിൻ പറഞ്ഞു. ദുബായിലെത്തിയയുടൻ തനിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പനിച്ചപ്പോൾ യാത്രയുടേതാകും എന്നാണ് ആദ്യം കരുതിയത്. പനികൂടിയതോടെ പാരസെറ്റാമോൾ ഇൻജക്ഷൻ നൽകിയെങ്കിലും ഭേദമായില്ല. മൂന്നുദിവസത്തോളം പനി ഒട്ടും കുറഞ്ഞില്ലെന്നും 103,104 ഡിഗ്രി പനിയാണ് ഉണ്ടായിരുന്നതെന്നും താരം ഓർക്കുന്നു.
പനി ഒട്ടും കുറയാതെവന്നതോടെ ആശുപത്രിയിലെത്തിച്ചപ്പോൾ അണുബാധ പരിശോധിക്കാനുള്ള സിആർപി ടെസ്റ്റ് ചെയ്തു. അപ്പോഴാണ് അണുബാധ വളരെ അപകടകരമായ അവസ്ഥിയിലെത്തിയെന്നു തിരിച്ചറിഞ്ഞത്. പൂജ്യത്തിനും അഞ്ചിലും ഇടയിൽ ഉണ്ടായിരിക്കേണ്ട സിആർപി നില തനിക്ക് 323 ആയിരുന്നു. അണുബാധ ശരീരത്തിൽ കൂടുമ്പോൾ സെപ്സിസ് ഉണ്ടാവുകയും ശരീരമാകെ വ്യാപിക്കുകയും ചെയ്യും. തുടർന്നു മൂന്നുദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞതിനുശേഷമാണ് ഇന്ത്യയിലേക്കു തിരിച്ചതെന്നും നടി പറഞ്ഞു.
സ്കാനിങ്ങുകളും മറ്റും ചെയ്തപ്പോഴാണ് ടെർമിനൽ ഇലൈറ്റിസ് എന്ന അവസ്ഥയാണെന്നു തിരിച്ചറിഞ്ഞതെന്നും ജാസ്മിൻ പറഞ്ഞു. നിലവിൽ തന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടുവെങ്കിലും മാനസികമായി താൻ ഏറെ തകർന്നുപോയിരുന്നു. ഒന്നിനുപിന്നാലെ ഒന്നെന്ന രീതിയിൽ രണ്ടുമാസത്തിനിടെ നിരവധിതവണ വയ്യാതായിരുന്നു. തിരക്കിട്ട ഓട്ടത്തിനിടയിൽ അവനവനെ ശ്രദ്ധിക്കാനും പരിപാലിക്കാനും സമയം കണ്ടെത്തണമെന്ന് ഓർമിപ്പിക്കുന്ന അനുഭവമായിരുന്നു ഇതെന്നും ജാസ്മിൻ പറയുന്നു. സ്ത്രീകൾ പലപ്പോഴും സ്വന്തം ആരോഗ്യം കാര്യമായെടുക്കാറില്ല. വീടും ജോലിയും മറ്റു കാര്യങ്ങളുമായി ഓട്ടത്തിലായിരിക്കും. അതിനൊപ്പം സ്വന്തംകാര്യങ്ങളും ശ്രദ്ധിക്കാൻ മറക്കരുതെന്നും നടി കൂട്ടിച്ചേർക്കുന്നു.
എന്താണ് ടെർമിനൽ ഇലൈറ്റിസ്?
ചെറുകുടലിന്റെ അവസാനത്തെ ഭാഗമായി ഇലിയത്തിൽ വീക്കം മൂലമുണ്ടാകുന്ന അവസ്ഥയാണിത്. അടിവയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങൾ. മലത്തിൽ രക്തം, ഭാരം കുറയുക തുടങ്ങിയവയും ഉണ്ടായേക്കാം. അൾസറൈറ്റീവ് കൊളൈറ്റിസ്, കുടലിലെ വീക്കം, ലിംഫ്നോഡ് ടിഷ്യൂവിന്റെ അസാധാരണമായ വളർച്ച, ലിംഫോമ, ജനിതക വ്യതിയാനം തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി വിദഗ്ധർ കരുതുന്നത്.
ചില രോഗികളിൽ ലക്ഷണങ്ങൾ കാര്യമായി പ്രകടമാകാറില്ലെങ്കിലും ചിലരിൽ ഗുരുതരമാകാറുമുണ്ട്. ലക്ഷണങ്ങളിൽ നിന്നുമാത്രം രോഗം സ്ഥിരീകരിക്കാനാവില്ല. രോഗിയെ പരിശോധിച്ചതിനുശേഷം രക്തപരിശോധനകൾ, സ്കാനിങ്ങുകൾ, എൻഡോസ്കോപ്പി തുടങ്ങിയവയ്ക്കു ശേഷമേ രോഗസ്ഥിരീകരണം നടത്താനാവൂ. തുടർച്ചയായി വയറുവേദന, വയറിളക്കം, മലത്തിൽ രക്തം, അകാരണമായി ശരീരഭാരം കുറയുക എന്നിവയുണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടാൻ വൈകരുത്.
Content Highlights: Jasmine Bhasin suffered from a severe case of Terminal Ileitis while in Dubai., The actress experienced high fever (103-104 degrees) and high CRP levels of 323., Terminal Ileitis causes inflammation in the final part of the small intestine