ജപ്പാന്‍ജ്വരം; ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സതേടണം, സൂക്ഷിച്ചില്ലെങ്കില്‍ അപകടകാരിയാകും

Representative Image| Photo: Canva.com
Representative Image| Photo: Canva.com

വടകര: കഴിഞ്ഞദിവസമാണ് വടകര പാക്കയില്‍ പ്രദേശത്ത് താമസിക്കുന്ന യു.പി. സ്വദേശിയായ കുട്ടിക്ക് ജപ്പാന്‍ജ്വരബാധ സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അഞ്ചുവര്‍ഷത്തിനുശേഷം ജില്ലയില്‍ ആദ്യമായാണ് ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2017-ല്‍ ബേപ്പൂരിലാണ് അവസാനമായി ജില്ലയില്‍ ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ വടകര നഗരസഭാ പരിധിയിലെ പാക്കയില്‍ ഭാഗത്ത് ആരോഗ്യവകുപ്പും വടകര നഗരസഭയും ജാഗ്രതാപ്രവര്‍ത്തനം ശക്തമാക്കി.

താരതമ്യേന രോഗപ്രതിരോധ കുറവുള്ള 15 വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ജപ്പാന്‍ജ്വരം എളുപ്പം ബാധിക്കുന്നത്. മുതിര്‍ന്നവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. കൊതുകിന്റെ ഉറവിടനശീകരണം കാര്യക്ഷമമാക്കുക, ഫോഗിങ് നടത്തുക, കൊതുകുവല, ലേപനങ്ങള്‍ ഉപയോഗിക്കുക എന്നിവ രോഗപ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കണം. രോഗലക്ഷണം കണ്ടാല്‍ ഉടനെ ചികിത്സതേടണം. ഏതുതരം പനിയായാലും വൈദ്യസഹായം തേടണം.

കരുതല്‍ വേണം

കൊറോണ വൈറസ് പോലെ രോഗിയായ മനുഷ്യനില്‍നിന്ന് മറ്റൊരാളിലേക്ക് ജപ്പാന്‍ജ്വരം പകരില്ല എന്നത് ആശ്വസകരമാണ്. പക്ഷേ, വൈറസുള്ള മറ്റ് ജീവികളില്‍നിന്ന് കൊതുക് വഴി മനുഷ്യശരീരത്തിലെത്തും എന്നതുകൊണ്ട് ജപ്പാന്‍ജ്വരം സൂക്ഷിച്ചില്ലെങ്കില്‍ അപകടകാരിയുമാണ്. കണ്ടല്‍ക്കാടുകളും ചതുപ്പുനിലങ്ങളും കൂടുതലുള്ള പാക്കയില്‍ മേഖലയില്‍ ദേശാടനപ്പക്ഷികളിലൂടെയാവാം വൈറസ് എത്തിയതെന്നാണ് മെഡിക്കല്‍സംഘത്തിന്റെ പ്രാഥമികനിഗമനം. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ മുട്ടയിടുന്ന ക്യൂലെക്‌സ് കൊതുകുവഴിയാണ് രോഗം കൂടുതലായി പകരുന്നത്.

രോഗലക്ഷണം

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണം കാണിക്കുന്നതുവരെയുള്ള ഇന്‍ക്യുബേഷന്‍ പീരിയഡ് അഞ്ചുദിവസം മുതല്‍ പതിനഞ്ച് ദിവസംവരെയാണ്. ശക്തമായ പനി, വിറയല്‍, ക്ഷീണം, തലവേദന, ഓക്കാനവും ഛര്‍ദിയും, ഓര്‍മക്കുറവ്, കഴുത്ത് തിരിക്കാന്‍പറ്റാത്ത അവസ്ഥ, മാനസികവിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. മസ്തിഷ്‌കത്തെ ബാധിക്കുന്ന ഈ രോഗം മൂര്‍ച്ഛിച്ചാല്‍ മരണവും സംഭവിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • മലിനജലത്തിലാണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ഇതിനുള്ള സാഹചര്യം ഒഴിവാക്കണം.
  • വീടും പരിസരങ്ങളും ശുചീകരിക്കുക.
  • ചിരട്ടകള്‍, ഒഴിഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, ടയറുകള്‍, എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുക.
  • ഓടകള്‍ ശുചീകരിക്കുക.
  • പൊതുസ്ഥലങ്ങളില്‍ മാലിന്യം ഇടുന്നത് തടയുക.
  • രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ സ്വയം ചികിത്സ നടത്താതിരിക്കുക.
  • മഴക്കാല പൂര്‍വ ശുചീകരണങ്ങള്‍ നടത്തുക.
  • കൊതുകുകളെ ഉറവിടങ്ങളില്‍നിന്നു തന്നെ നശിപ്പിക്കുക.

Content Highlights: japanese encephalitis symptoms treatment transmission