ജപ്പാനിലെ ജനനനിരക്കില്‍ റെക്കോഡ് ഇടിവ്; ആശങ്ക, നടപടികളുമായി സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

ടോക്യോ: ജനസംഖ്യ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നുവെന്ന സൂചന നൽകി തുടർച്ചയായ ഒൻപതാം വർഷവും ജപ്പാനിൽ ജനനനിരക്ക് കുത്തനെ ഇടിഞ്ഞു. സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 2024-ൽ 6.86 ലക്ഷം കുട്ടികളാണ് ജനിച്ചത്. 2023-നെ അപേക്ഷിച്ച് 5.7 ശതമാനത്തിന്റെ ഇടിവ് ആണ് കണക്കിൽ രേഖപ്പെടുത്തുന്നത്. 1899-നുശേഷം ജപ്പാനിൽ ഏഴുലക്ഷത്തിൽ താഴെ കുട്ടികൾ ജനിച്ച വർഷമാണ് 2024 എന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

2023-ൽ 7,58,631 കുട്ടികളായിരുന്നു ജപ്പാനിൽ ജനിച്ചത്. 2022-ലേതിനെക്കാൾ 5.1 ശതമാനം കുറവാണ് അന്ന് രേഖപ്പെടുത്തുന്നത്. പ്രത്യുത്പാദന നിരക്ക് 2023-ൽ 1.20 ആയിരുന്നെങ്കിൽ അത് വീണ്ടും കുറഞ്ഞ് 1.15 ആയതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ജനസംഖ്യയെ സ്ഥിരതയോടെ നിലനിർത്താൻ ആവശ്യമായ  2.1 എന്ന നിരക്കിനേക്കാൾ വളരെ താഴെയാണിത്. 2024-ൽ 16 ലക്ഷം മരണങ്ങൾ രേഖപ്പെടുത്തിയതായും, ഇത് മുൻവർഷത്തേക്കാൾ 1.9 ശതമാനം കൂടുതലാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

ജപ്പാനിലെ നിലവിലെ  ‘നിശ്ശബ്ദ അടിയന്തരാവസ്ഥ’യ്ക്ക് തുല്യമാണെന്ന് പ്രധാനമന്ത്രി ഷിഗേരു ഇഷിബ പറഞ്ഞു. ജനനനിരക്ക് വർധിപ്പിക്കുന്നതിനായി ചില നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ശിശു അലവൻസ്, സൗജന്യ ഹൈസ്കൂൾ വിദ്യാഭ്യാസം, ദമ്പതിമാർ ഒരേസമയം പേരന്റ് ലീവ് എടുക്കുമ്പോൾ മുഴുവൻ ശമ്പളവും ലഭിക്കുമെന്ന ഉറപ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

2070-ഓടെ ജപ്പാന്റെ ജനസംഖ്യ 30 ശതമാനം ഇടിഞ്ഞ് 8.7 കോടിയിലെത്തുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ചിന്റെ പഠനം നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ പത്തിൽ നാലുപേർ അറുപത്തഞ്ചോ അതിനുമുകളിലോ പ്രായമുള്ളവരായിരിക്കുമെന്നും പഠനത്തിൽ പറയുന്നു.

Content Highlights: Japan's Declining Birthrate: A Silent Emergency and Government Response