ഇന്ത്യയിൽ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരാകുന്ന പത്തിൽ ഒമ്പതുപേരും സാമ്പത്തിക പരാധീനത നേരിടുന്നു- പഠനം

ഇന്ത്യയിൽ ഐവിഎഫ് ചികിത്സ മൂലം സാമ്പത്തിക തകർച്ചയിലേക്ക് പോകുന്ന കുടുംബങ്ങൾ ഏറെയെന്ന് റിപ്പോർട്ട്. ഐവിഎഫ് ചികിത്സ ചെയ്യുന്ന ഇന്ത്യൻ ദമ്പതികളിൽ പത്തിൽ ഒമ്പതുപേരും സാമ്പത്തിക പരാധീനത അനുഭവിക്കുന്നുവെന്നാണ് ഐസിഎംആർ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ഐവിഎഫ് ചികിത്സയിലൂടെ കടന്നുപോയവരിൽ എൺപത്തിയൊമ്പത് ശതമാനം പേർ കുടുംബത്തിന്റെ വാർഷിക വരുമാനത്തിന്റെ പത്തുശതമാനത്തിൽ കൂടുതൽ ചെലവാക്കുന്ന സ്ഥിതിയാണെന്നും ഐസിഎംആർ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഹെൽത്ത് റിസർച്ച് ഡിപ്പാർട്മെന്റിന്റെ നിർദേശാനുസരണമാണ് ഐസിഎംആർ റിപ്പോർട്ട് തയ്യാറാക്കിയത്. നാഷണൽ ഹെൽത്ത് അതോറിറ്റിക്കുവേണ്ടിയുള്ള ഹെൽത്ത് അസെസ്മെന്റ് ടെക്നോളജിയുടെ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടിൽ ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിക്ക് കീഴിൽ ഐവിഎഫ് ചികിത്സയും കൊണ്ടുവരുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താമെന്നും പറയുന്നുണ്ട്.
PGIMER ചണ്ഡിഗർ, ഡൽഹിയിലെ മൗലാനാ ആസാദ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എസ്എടി ഹോസ്പിറ്റൽ എന്നിങ്ങനെ മൂന്ന് സർക്കാർ സെന്ററുകളിൽ നിന്നും വർധയിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ്, ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ& റിസർച്ച് എന്നീ സ്വകാര്യ സെന്ററുകളിൽ നിന്നും ഐവിഎഫ് ചികിത്സയ്ക്ക് വിധേയരായ 130 ദമ്പതികളുടെ വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സ്വകാര്യ ആശുപത്രികളിൽ മരുന്നിനും ചികിത്സയ്ക്കുമൊക്കെയായി ഉയർന്ന ചെലവ് വഹിക്കേണ്ടിവരുമ്പോൾ സർക്കാർ ആശുപത്രികൾ ചികിത്സയ്ക്കായുള്ള യാത്രാച്ചെലവ്, താമസം തുടങ്ങിയവയ്ക്കാണ് പണം കൂടുതൽ ചെലവഴിക്കേണ്ടിവരുന്നത്. ഒന്നിലേറെ ഐവിഎഫ് സൈക്കിളുകൾ ആവശ്യമായി വരുന്നവർക്ക് ചികിത്സാചെലവ് ഭീമമാണെന്നും സർക്കാർ പദ്ധതിക്ക് കീഴിൽ കൊണ്ടുവരികയാണ് പരിഹാരമെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യൻ ദമ്പതികളിൽ നാലുമുതൽ പതിനേഴുശതമാനം വരെയുള്ളവർ വന്ധ്യതയിലൂടെ കടന്നുപോവുന്നുണ്ടെന്നും അതിൽ എട്ട് ശതമാനം പേർക്ക് ഐവിഎഫ് ചികിത്സ വേണ്ടിവരാറുണ്ടെന്നും ലോകാരോഗ്യസംഘടന നേരത്തേ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
ഐ.വി.എഫ്.
സ്വാഭാവികമായി നടക്കേണ്ട അണ്ഡ-ബീജ സംയോജനം ശരീരത്തിന് പുറത്ത്, ലാബില്‍ കൃത്രിമമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്). അങ്ങനെ ലാബില്‍ വളര്‍ത്തിയെടുക്കുന്ന ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ തിരികെ നിക്ഷേപിക്കുകയും ചെയ്യുന്നു.
ആര്‍ക്കൊക്കെ അനുയോജ്യം ?
അണ്ഡവാഹിനിക്കുഴലിന് തടസ്സം, എന്‍ഡോമെട്രിയോസിസ് എന്നീ പ്രശ്നങ്ങളുള്ളവരില്‍ ഐ.വി.എഫ്. പ്രയോജനപ്പെടുത്താറുണ്ട്. കൂടാതെ ബീജത്തിന്റെ ചലനക്കുറവും എണ്ണക്കുറവും ഉള്ളവര്‍ക്കും ഐ.വി.എഫ്. ആവശ്യമായി വരാം. കൃത്യമായി കാരണം കണ്ടെത്താന്‍ കഴിയാത്ത വന്ധ്യതയുള്ളവര്‍ക്കും ഐ.വി.എഫ്. നിര്‍ദേശിക്കാറുണ്ട്. ഇന്‍ട്രായൂട്ടറൈന്‍ ഇന്സെമിനേഷന് (ഐ.യു.ഐ.) ചികിത്സ പരാജയപ്പെട്ടവര്‍ക്കും ഐ.വി.എഫ്. വേണ്ടിവരും.
ചികിത്സാരീതി
കൂടുതല്‍ അണ്ഡങ്ങളെ ഒരേസമയം പാകമാക്കാന്‍ ഗൊണോഡോട്രോപ്പിന്‍ എന്ന ഹോര്‍മോണ്‍ ഇഞ്ചക്ഷന് നല്‍കും. വജൈനല്‍ അള്‍ട്രാസൗണ്ട് വഴി അണ്ഡത്തിന്റെ വളര്‍ച്ച നിരന്തരം വിലയിരുത്തും. അതിനനുസരിച്ച് ഹോര്‍മോണ്‍ ഇഞ്ചക്ഷന്റെ അളവിലും മാറ്റം വരുത്തും.
അണ്ഡമുള്ള ഫോളിക്കളുകള്‍ക്ക് 18 മില്ലീമീറ്ററെങ്കിലും വലുപ്പം ആകുന്നതോടെ അണ്ഡവിസര്‍ജനത്തിന് പാകമാക്കാന്‍ സഹായിക്കുന്ന ഹ്യൂമണ്‍ കോറിയോണിക് ഗൊണാഡോട്രോഫിന്‍ ഇഞ്ചക്ഷന് നല്‍കും. ഈ ഇഞ്ചക്ഷന് നല്‍കിയശേഷം 34-36 മണിക്കൂറുകള്‍ക്കുശേഷമാണ് അണ്ഡങ്ങള്‍ ശേഖരിക്കുക.
അള്‍ട്രാസൗണ്ട് പ്രോബ് ഉപകരണത്തോട് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സൂചി ഉപയോഗിച്ചാണ് ഇരു അണ്ഡാശങ്ങളില്‍നിന്നും അണ്ഡങ്ങള്‍ ശേഖരിക്കുന്നത്. ശേഖരിച്ച അണ്ഡങ്ങള്‍ ഉടന്‍ ലാബിലെ കള്‍ച്ചര്‍ മീഡിയമുള്ള ഡിഷിലേക്ക് മാറ്റും. 4-5 മണിക്കൂറിനുള്ളില്‍ ഇതിലേക്ക് ഏറ്റവും ഗുണമേന്മയുള്ള ബീജങ്ങളെ നിക്ഷേപിക്കും. 16-20 മണിക്കൂറിനുശേഷം പരിശോധിക്കുമ്പോള്‍ ബീജസങ്കലനം നടന്നോ എന്ന് മനസ്സിലാക്കാനാകും.
ബീജസങ്കലനത്തിനുശേഷം അഞ്ചുദിവസംവരെ ലാബില്‍തന്നെ വളരാന്‍ അനുവദിക്കും. അതില്‍ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കുക. ആറുമുതല്‍ പത്തുവരെ കോശങ്ങളുള്ള ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) എന്ന ഭ്രൂണവളര്‍ച്ചാ ഘട്ടത്തിലാണ് ഇതിനെ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. ഗര്‍ഭാശയമുഖത്തിലൂടെ കടത്തുന്ന കത്തീറ്ററിലൂടെ അള്‍ട്രാസൗണ്ട് സഹായത്തോടെയാണ് ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുക. അതിനുമുന്‍പുതന്നെ ഭ്രൂണത്തെ സ്വീകരിക്കാന്‍ ഗര്‍ഭപാത്രത്തെ സജ്ജമാക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ നല്‍കും. കഴിയുന്നതും ഒരു ഭ്രൂണംമാത്രമാണ് നിക്ഷേപിക്കുക. 35 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ ഒന്നിലധികം ഭ്രൂണങ്ങളെ നിക്ഷേപിക്കാറുണ്ട്. ബാക്കിയുള്ള ഭ്രൂണത്തെ ഭാവിയില്‍ ഉപയോഗിക്കാന്‍ പറ്റുന്നതരത്തില് ശീതീകരിച്ച് സൂക്ഷിക്കുകയും ചെയ്യാം.
ഇന്ത്യയിൽ 2.8 കോടി പേർ വന്ധ്യത നേരിടുന്നുണ്ടെന്നും അവരിൽ പലരും സാമ്പത്തിക പരാധീനതകളാൽ ചികിത്സയ്ക്ക് മുതിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. വന്ധ്യതാ കേസുകളിൽ 46 ശതമാനം സ്ത്രീകളുടെ കാരണങ്ങൾ മൂലവും 20 ശതമാനം പുരുഷന്മാരുടെ കാരണങ്ങൾ മൂലവുമാണ് ഉണ്ടാകുന്നതെന്നും റിപ്പോർട്ട് പറയുന്നു. വന്ധ്യതയുടെ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് പോളിസിസ്റ്റിക് ഓവറി സിൻഡ്രോമാണ്.
Content Highlights: Report reveals 90% of Indian couples undergoing IVF treatment fall into debt.