ഹൃദയാരോഗ്യം കാക്കാൻ കാപ്പി, ദിവസവും രണ്ടുമുതൽ അഞ്ചുകപ്പുവരെ കുടിക്കുന്നത് സുരക്ഷിതം

വാഷിങ്ടൺ: കാപ്പിപ്രിയർക്കൊരു സന്തോഷവാർത്ത. ഹൃദയാരോഗ്യത്തിന് കാപ്പി ഗുണംചെയ്യുമെന്നും ദിവസവും രണ്ടുമുതൽ അഞ്ചു കപ്പുവരെ (എട്ട് ഔൺസ്) കാപ്പി കുടിക്കുന്നത് സുരക്ഷിതമാണെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എ.എച്ച്.എ.). സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠന അവലോകനത്തിലാണ് ഇക്കാര്യം പറയുന്നത്.
മിതമായ അളവിൽ കാപ്പി കുടിക്കുന്ന, ആരോഗ്യമുള്ള മുതിർന്നവരിൽ കൊറോണറി ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ, രക്താതിസമ്മർദം, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്ന് പഠനം പറയുന്നു. ഏകദേശം 400 മില്ലിഗ്രാംവരെ കഫീൻ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കില്ലെന്നാണ് വിവിധ പഠനങ്ങളുടെ അവലോകനത്തിൽ കണ്ടെത്തിയത്.
ഫിൽട്ടർ കാപ്പികൾക്കും ഇൻസ്റ്റന്റ് കാപ്പികൾക്കുമാണ് ആരോഗ്യഗുണങ്ങൾ സംബന്ധിച്ച തെളിവുകളുള്ളത്. ഫിൽട്ടർ ചെയ്യാത്ത കാപ്പികളിൽ ചീത്ത കൊളസ്‌ട്രോൾ (എൽ.ഡി.എൽ.) ഉയർത്താൻ സാധ്യതയുള്ള ‘ഡെറ്റർപീൻ’ സംയുക്തങ്ങൾ കൂടുതലായിരിക്കും. എനർജി ഡ്രിങ്കുകൾക്ക് ഈ കണ്ടെത്തലുകൾ ബാധകമല്ലെന്നും അവയിലെ ഉയർന്ന കഫീന്റെ സാന്നിധ്യവും മറ്റു ഘടകങ്ങളും രക്തസമ്മർദം ഉയരാനും ഹൃയമിടിപ്പിന്റെ ക്രമംതെറ്റാനുമിടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. കഫീനോടുള്ള ശരീരത്തിന്റെ പ്രതികരണം ആളുകൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നതിനാൽ ഗർഭിണികൾ, ഹൃദ്രോഗം നേരത്തേയുള്ളവർ തുടങ്ങിയവരൊക്കെ ഡോക്ടറുടെ നിർദേശപ്രകാരമേ കാപ്പിയുടെ അളവ് നിശ്ചയിക്കാവൂ എന്നും എ.എച്ച്.എ. പറഞ്ഞു.
Content Highlights: Drinking 2-5 cups of coffee daily is considered safe for healthy adults., Coffee consumption is linked to lower risks of heart disease, stroke, and Type-2 diabetes., Filter and instant coffees offer the most health benefits.