അഞ്ചിലൊരു പെൺകുട്ടിക്ക് ആർത്തവ ക്രമക്കേടെന്ന് എയിംസ് സർവേ, ആർത്തവങ്ങൾ തമ്മിലുള്ള ഇടവേള ശ്രദ്ധിക്കണം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

വ്യായാമമില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെ കാരണം ആർത്തവസംബന്ധമായ ക്രമക്കേടുകൾ അനുഭവിക്കുന്ന പെൺകുട്ടികൾ നിരവധിയാണ്. രാജ്യത്തെ അഞ്ച് പെൺകുട്ടികളിൽ ഒരാൾ ക്രമരഹിതമായ ആർത്തവത്തിലൂടെ കടന്നുപോകുന്നുവെന്ന് വ്യക്തമാക്കുകയാണ് എയിംസ് ന‌ടത്തിയ സർവേ. കൗമാരപ്രായക്കാരിൽ ആർത്തവം തുടങ്ങി ആദ്യ വർഷങ്ങളിൽ ഇത്തരത്തിലുള്ള ചില ക്രമക്കേടുകൾ സാധാരണമായിരിക്കാമെന്നും പ്രായവും ആദ്യആർത്തവം കഴിഞ്ഞ് എത്ര കാലം കഴിഞ്ഞുവെന്നതും കണക്കിലെടുത്തുവേണം ആർത്തവക്രമക്കേടാണോ എന്ന വിലയിരുത്തലിൽ എത്താനെന്നും എയിംസിലെ പീഡിയാട്രിക് എൻഡോക്രൈനോളജി പ്രൊഫസർ ഡോ. രജനി ശർമ്മ പറയുന്നു.

2023 മുതൽ സർക്കാർ, സ്വകാര്യ സ്കൂളുകളിലെ 4,000 വിദ്യാർഥിനികൾക്കിടയിലാണ് സർവേ നടത്തിയത്. ആദ്യആർത്തവത്തിനു പിന്നാലെയുണ്ടാകുന്ന ക്രമക്കേടുകൾ കാര്യമാക്കേണ്ടതില്ലെന്നാണ് ഡോ.രജനി പറയുന്നത്. ആർത്തവങ്ങൾ തമ്മിലുള്ള ഇടവേള 21 ദിവസത്തിൽ കുറവാണെങ്കിലോ, 35 ദിവസത്തിൽ കൂടുതലാണെങ്കിലോ, അല്ലെങ്കിൽ തുടർച്ചയായി മൂന്ന് മാസം ആർത്തവം നിലയ്ക്കുകയാണെങ്കിലോ പരിശോധന ആവശ്യമാണ്.

എന്നാൽ ആർത്തവ ക്രമക്കേട് ഉണ്ട് എന്നതിനർഥം പി.എം.ഒ.എസ്. ആണെന്നു പറയാനാവില്ലെന്നും ഡോക്ടർ പറയുന്നുണ്ട്. മുഖക്കുരു, മുഖത്തും ശരീരത്തിലും അമിതമായി രോമവളർച്ച, ആൻഡ്രോജൻ ഹോർമോണുകളുടെ നില തുടങ്ങിയവ പരിശോധിച്ചു മാത്രമേ പി.എം.ഒ.എസ്. ആണോയെന്നു കണക്കാക്കാനാവൂ.

ആർത്തവ ക്രമക്കേ‌‌ടുകൾ പരിഹരിക്കുന്നതിൽ മരുന്നിനേക്കാൾ പ്രധാനം ജീവിതശൈലിയാണെന്നും വിദഗ്ധർ ഊന്നിപ്പറയുന്നു. പ്രോട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയ‌ടങ്ങിയ സമീകൃതാഹാരത്തോടൊപ്പം പതിവായി വ്യായാമം ചെയ്യുകയും വേണം.

പിസിഒഎസിൽ നിന്ന് പിഎംഒഎസിലേക്ക്

പിഎംഒഎസ് നേരത്തേ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നാണ് അറിയപ്പെട്ടിരുന്നത്. പലപ്പോഴും ഭാരം കൂടുന്നതും ആർത്തവ തകരാറുകളും മുഖക്കുരുവുമൊക്കെ മാത്രമാണ് പിസിഒഎസിന്റെ പ്രശ്നങ്ങളെന്ന് കരുതി നിസ്സാരമാക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതോടെയാണ് പിസിഒഎസ് സംബന്ധിച്ച അവബോധം കൂടുതൽ ഗൗരവമുള്ളതാക്കാൻ പിഎംഒസ് അഥവാ പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം എന്നാക്കി മാറ്റണമെന്നു കാണിച്ച് മോണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ പഠനം നടത്തിയത്. ദി ലാൻസെറ്റ് ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ലോകമെമ്പാടും ഏകദേശം 8 ൽ 1 സ്ത്രീകളെ ബാധിക്കുന്ന ഈ വിഷയത്തെ കൂടുതൽ ഗൗരവത്തോടെ കണക്കാക്കേണ്ടതുണ്ടെന്ന് കണ്ടാണ് പേരുമാറ്റത്തിനുള്ള നിർദേശം വന്നത്.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്ന പേര് കേൾക്കുമ്പോൾ അണ്ഡാശയത്തിലെ സിസ്റ്റുകളെക്കുറിച്ചുള്ള ഒരു അവസ്ഥ മാത്രമാണെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. എന്നാൽ പല സ്ത്രീകളിലും രോഗനിർണയം നടത്തിയപ്പോഴും അണ്ഡാശയത്തിൽ അസാധാരണമായ സിസ്റ്റുകൾ കണ്ടെത്തിയില്ല. അണ്ഡാശയങ്ങൾക്ക് അപ്പുറം പലവിധ ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന ആരോഗ്യപ്രശ്നം എന്നതുകൊണ്ടുകൂടിയാണ് ആ രീതിയിൽ പേരു മാറ്റണമെന്ന വാദമുയർന്നത്. നിസ്സാരമായി കണക്കാക്കുന്നതു കൊണ്ടുതന്നെ പലപ്പോഴും രോഗനിർണയം വൈകുകയോ മറ്റ് സങ്കീർണതകളിലേക്ക് നയിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകാം.

ആർത്തവ തകരാറുകൾക്കൊപ്പം പ്രത്യുത്പാദനക്ഷമത, ശരീരഭാരം കൂടുക, ചർമ്മം, മാനസികാരോഗ്യം, രക്തത്തിലെ ഷുഗറിന്റെ അളവിൽ വ്യതിയാനം, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയെ ബാധിക്കുന്ന ഒരു സങ്കീർണ്ണമായ ഹോർമോണൽ, മെറ്റബോളിക് ഡിസോർഡർ ആണിതെന്നും ആ രീതിയിൽ തന്നെ ഗൗരവകരമായി വിഷയത്തെ സമീപിക്കണമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ശരീരത്തിലെ ഒന്നിലധികം ഹോർമോണുകളെ ബാധിക്കുന്ന അവസ്ഥ എന്നതാണ് പോളിഎൻഡോക്രൈൻ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. മെറ്റബോളിക് എന്നത് ശരീരഭാരം, ഇൻസുലിൻ, രക്തത്തിലെ ഷുഗർ, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. ഓവറി എന്നത് പ്രത്യുത്പാദന ആരോഗ്യം, അണ്ഡോത്പാദനം എന്നിവയേക്കുറിച്ചും സിൻഡ്രോം എന്നാൽ ഒരുമിച്ച് സംഭവിക്കുന്ന ലക്ഷണങ്ങളുടെ ഒരു കൂട്ടത്തേയും സൂചിപ്പിക്കുന്നു.

അണ്ഡാശയങ്ങളിൽ പുരുഷ ഹോർമോണുകൾ അഥവാ ആൻഡ്രോജനുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങൾ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോർമോൺ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവർത്തനരീതിയിൽ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.എം.ഒ.എസ്. എന്ന അവസ്ഥ ഉണ്ടാകുന്നത്.

അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.എം.ഒ.എസ്. കാണാറുണ്ട്. അതിനാൽ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ഇരുവരും ശീലമാക്കേണ്ടതുണ്ട്.

ഏത് പ്രശ്നത്തിനാണ് മുൻഗണന നൽകേണ്ടത് എന്നതിനനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാൽ സ്ഥിരമായും പൂർണമായും ലക്ഷണങ്ങളിൽ നിന്നും മുക്തമാകാനുള്ള മരുന്നുകൾ ലഭ്യമല്ല. എന്നാൽ കൃത്യമായ ജീവിതശെെലി ക്രമീകരണം ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കും.

ആർത്തവ കൃത്യതയ്ക്കായി ഹോർമോൺ കോമ്പിനേഷനുകൾ സഹായകരമാകുന്നു. വന്ധ്യത പ്രശ്നമാകുമ്പോൾ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകൾ കഴിക്കേണ്ടതായി വരാം. മുഖക്കുരു, രോമവളർച്ച, കറുത്ത പാടുകൾ മുതലായവയ്ക്ക് ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരമുള്ള ചികിത്സ സ്വീകരിക്കാം.

കാരണങ്ങൾ അറിയാം

  • ജനിതക പാരമ്പര്യ കാരണങ്ങൾ.
  • തെറ്റായ ആഹാര ശീലങ്ങളും ജീവിതരീതികളും.
  • ചില ഹോർമോൺ രോഗങ്ങളുടെ ലക്ഷണമായും വരാം.
  • നിരവധി കാരണങ്ങൾ പി.എം.ഒ.എസിന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

ലക്ഷണങ്ങൾ

ആർത്തവ ക്രമത്തിലെ ഏറ്റക്കുറച്ചിലുകളാണ്‌ പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. രക്തസ്രാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക, ആർത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആർത്തവം ഉണ്ടാവുന്നതിനുള്ള കാലതാമസം, വലിയ ഇടവേളയ്ക്ക് ശേഷം അമിത രക്തസ്രാവത്തോടെ ദീർഘനാൾ നീണ്ടുനിൽക്കുന്ന രക്തസ്രാവം, ആർത്തവം നിലച്ചുപോയതു‌പോലെയുള്ള അവസ്ഥ, അമിതവണ്ണം, രോമവളർച്ച, മുഖക്കുരു തുടങ്ങിയവയെല്ലാം പിഎംഒഎസിന്റെ ലക്ഷണങ്ങളാണ്. എന്നാൽ, ഫൈബ്രോയിഡുകളുടേത് പോലെ വേദന ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടില്ല.

ചികിത്സ

ഇസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ അടങ്ങിയ ഗുളികകൾ ക്രമീകരിച്ചു നൽകിയാണ് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കലാണ് ആദ്യപ്രതിവിധി. പിഎംഒഎസ് ഉള്ളവർ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ശരീരം ആയാസപ്പെടുന്ന തരത്തിൽ വ്യായാമം ചെയ്യണം. ദീർഘദൂര നടത്തം, സ്‌കിപ്പിങ്, സൈക്ലിങ്, നൃത്തം തുടങ്ങിയവയെല്ലാം ഫലപ്രദമാണ്.

ഭക്ഷണത്തിൽനിന്നും ഇവ ഒഴിവാക്കുക

ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങൾ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് മുൻതൂക്കം നൽകുക. പച്ചക്കറികൾക്കും പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്താം.

Content Highlights: Explore the causes of irregular periods and PCOS, and learn about lifestyle changes and dietary adjustments to manage these conditions effectively.