വീങ്ങിയ നാവും മുടികൊഴിച്ചിലും; അയൺ കുറയുന്നുവോ?, ശരീരം നൽകുന്ന ഈ സൂചനകൾ തിരിച്ചറിയാം

പ്രതീകാത്മക ചിത്രം | Photo: Gemini
പ്രതീകാത്മക ചിത്രം | Photo: Gemini

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രധാന പോഷകാഹാര പ്രശ്നമാണ് ഇരുമ്പിന്റെ അളവ് കുറയുന്നത്. ചുവന്ന രക്താണുക്കളിലേക്ക് ഓക്സിജൻ എത്തിക്കുന്ന ഹീമോഗ്ലോബിൻ നിർമിക്കാൻ മനുഷ്യശരീരത്തിന് ഇരുമ്പ് ആവശ്യമാണ്. ഇവയുടെ കുറവ് ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്. സാധാരണമായ ക്ഷീണത്തിനും വിളറിയ ചർമത്തിനുമപ്പുറം പല ലക്ഷണങ്ങളും ഇവ കാണിക്കാറുമുണ്ട്. 

വീങ്ങിയ നാവ്
വായുടെയും നാവിന്റെയും ഭാഗത്തുള്ള പേശികളുടെയും കോശങ്ങളുടെയും ആരോഗ്യം നിലനിർത്താൻ ശരീരത്തിന് ഇരുമ്പ് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നതോടെ, നാവിൽ നീർവീക്കം ഉണ്ടാകുകയും അത് മിനുസമുള്ളതായിത്തീരുകയും അല്ലെങ്കിൽ അസാധാരണമായ ചുവപ്പ് നിറം കാണിക്കുകയും ചെയ്യുന്നു. Glossitis എന്നാണ് ഈ അവസ്ഥയെ പറയുന്നത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ നാവിൽ അസാധാരണമായ മാറ്റങ്ങളോ വേദനയോ ഉണ്ടാകുന്നെങ്കിൽ ഒരു ഡോക്ടറെ കണ്ട് ഇരുമ്പിന്റെ അളവ് പരിശോധിക്കേണ്ടതാണ്.

റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം (RLS)
ആളുകളുടെ കാലുകളിൽ അനിയന്ത്രിതമായ ചലനങ്ങൾക്ക് കാരണമാകുന്ന അവസ്ഥയാണ് റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം. തലച്ചോറിലെ അയണിന്റെ കുറവ് ചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമൈനിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഇത് ആർഎൽഎസ് ലക്ഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. 

മുടികൊഴിച്ചിലും നഖങ്ങൾ പൊട്ടുന്നതും
ഇരുമ്പിന്റെ കുറവ് മുടിയുടെയും നഖത്തിന്റെയും ആരോഗ്യത്തെ ബാധിച്ചേക്കും. ഇരുമ്പിന്റെ അളവ് കുറയുന്നതോടെ, ശരീരം പ്രധാന അവയവങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് പ്രഥമ പരി​ഗണന നൽകുന്നു. കൂടാതെ, മുടിയുടെ ഫോളിക്കിളുകളെയും നഖങ്ങളെയും അവഗണിക്കുകയും ചെയ്യുന്നു. ഇത് മുടിയുടെ കനം കുറയാനും അമിതമായി കൊഴിയുന്നതിനും കാരണമാകുന്നു. സമാനമായി, നഖങ്ങൾ ദുർബലവും കനം കുറഞ്ഞതുമാകുന്നു. 

ചെവിയിൽ മൂളൽ
ചെവിയിൽ അസാധാരണമായി ഉണ്ടാകുന്ന മൂളലോ ഇരമ്പലോ പോലുള്ള ശബ്ദങ്ങൾ ഇരുമ്പിന്റെ കുറവിനെ സൂചിപ്പിക്കുന്നതാകാം. ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളർച്ച കാരണം ഓക്സിജൻ വേണ്ടത്ര ലഭിക്കാതെ വരുന്നത് ചെവികളുടെ പ്രവർത്തനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇരുമ്പിന്റെ അളവ് കുറയുന്നത് ചെവിക്ക് സമീപമുള്ള രക്തയോട്ടത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. കാരണമില്ലാതെ ചെവിയിൽ ഇത്തരം ശബ്ദങ്ങൾ കേൾക്കുന്ന ആളുകൾ, അവരുടെ വൈദ്യപരിശോധനയുടെ ഭാഗമായി ശരീരത്തിലെ ഇരുമ്പിന്റെ അളവ് പരിശോധിക്കേണ്ടതാണ്.

(മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ മറ്റ് രോ​ഗങ്ങളുടെ ഭാ​ഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)

Content Highlights: Iron Deficiency Symptoms: Beyond Fatigue and Pale Skin