എത്ര ഡയറ്റ് ചെയ്തിട്ടും ഭാരം കുറയുന്നില്ലേ?, ഈ ഫാസ്റ്റിങ് ഗുണംചെയ്യുമെന്ന് പഠനം

ഉപവാസത്തിന് നിരവധി ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭാരം കുറയ്ക്കാൻ ആരോഗ്യപരമായ ഉപവാസം നല്ലതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വണ്ണംകുറയ്ക്കാൻ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് വളരെ മികച്ചതാണെന്ന് പറയുകയാണ് പുതിയൊരു പഠനം. നേച്ചർ മെഡിസിന്‍ ജേര്‍ണലിലാണ് ഇതേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭക്ഷണ സമയക്രമീകരണം എങ്ങനെ ഭാരം കുറയുന്നതിനെ സഹായിക്കും എന്ന ഗവേഷണത്തിനൊടുവിലാണ് ഈ കണ്ടെത്തലിലെത്തിയത്. സ്‌പെയിനില്‍ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നിൽ.
197 പേരിലാണ് പഠനം നടത്തിയത്. രാവിലെയും ഉച്ചയ്ക്ക് ശേഷവും മാത്രം എട്ടുമണിക്കൂര്‍ ഇടവേളയെടുത്ത് ഭക്ഷണം കഴിക്കുന്നവരാണ് ഒന്നാമത്തെ ഗ്രൂപ്പ്. രണ്ടാമത്തെ ഗ്രൂപ്പ് ഉച്ചയ്ക്കും വൈകുന്നേരവും മാത്രം ഭക്ഷണം കഴിക്കുന്നവരാണ്. മൂന്നാമത്തെ ഗ്രൂപ്പ് എട്ടുമണിക്കൂര്‍ ഇടവേളയില്‍ മാത്രം ഭക്ഷണം കഴിക്കുന്നവരും നാലാമത്തെ ഗ്രൂപ്പ് ഭക്ഷണ നിയന്ത്രണങ്ങളൊന്നുമില്ലാതെ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നവരുമാണ്.
മെഡിറ്റനേറിയന്‍ ഡയറ്റ് പിന്തുടരുന്നവരേക്കാള്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് നടത്തുന്നവര്‍ക്ക് ഭാരം കുറയുന്നതായി കണ്ടെത്തി. 2.04 മുതല്‍ 3.1 കിലോ വരെയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് നടത്തിയവര്‍ക്ക് കുറഞ്ഞത്. ഭക്ഷണ സമയ ക്രമീകരണം ഭാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്
ഭക്ഷണം നേരത്തെ കഴിക്കുന്നതിലൂടെ ഭക്ഷണം ദഹിക്കാന്‍ സഹായിക്കുന്നു. ഇതോടൊപ്പം രക്തത്തിലെ പഞ്ചസാരയിലെ അളവ് കുറയ്ക്കാനും സാധിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു. ഇക്കാരണങ്ങളാൽ ഇന്റര്‍മിറ്റന്റ് ഫാസിറ്റിങ്ങാണ് നല്ലതെന്നാണ് പഠനത്തില്‍ സ്ഥാപിക്കുന്നത്.
ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
- ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
- ടി.വി.യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
Content Highlights: New study shows intermittent fasting helps weight loss more than Mediterranean diet