2036 ആകുമ്പോഴേക്കും 80 ദശലക്ഷം സ്ത്രീകളിൽ വന്ധ്യതയുണ്ടാകാം, പൊതുജനാരോഗ്യ പ്രശ്നമായി മാറുന്നു- പഠനം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

2036 ആകുമ്പോഴേക്കും 35-49 പ്രായപരിധിയിലുള്ള ഏകദേശം 80 ദശലക്ഷം സ്ത്രീകളെ വന്ധ്യത ബാധിച്ചേക്കാമെന്ന് ലാൻസെറ്റ് പഠനം . ആഗോളതലത്തിൽ 35 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ വന്ധ്യത ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ദി ലാൻസെറ്റ് ഒബ്‌സ്റ്റെട്രിക്സ്, ഗൈനക്കോളജി & വിമൻസ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

204 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ വിലയിരുത്തലിലെത്തിയത്. വൈകി അമ്മയാവുന്നത്, പ്രായമായവർ കൂടുന്നത്, ജീവിതശൈലി തുടങ്ങിയവയാണ് വന്ധ്യതയുടെ പ്രധാന കാരണങ്ങളെന്ന് പഠനം പറയുന്നു. 2023-ൽ ഏകദേശം 53.6 ദശലക്ഷം സ്ത്രീകളെയായിരുന്നു വന്ധ്യത ബാധിച്ചിരുന്നതെങ്കിൽ പിന്നീടതിൽ വൻവർധനവാണ് ഉണ്ടായതെന്നും പഠനം വ്യക്തമാക്കുന്നു.

ഈ റിപ്പോർട്ട് പരിഭ്രാന്തരാക്കാൻ അല്ലെന്നും മറിച്ച് പ്രത്യുത്പാദന ആരോഗ്യം സംബന്ധിച്ച് അവബോധം ഉണ്ടായാരിക്കാനാണെന്നും ഗവേഷകർ പറയുന്നു. വന്ധ്യത എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല പുരുഷന്മാരുടെ വന്ധ്യതാ കേസുകളിലും വർധനവാണുള്ളതെന്നും പഠനം പറയുന്നുണ്ട്.

2023-2036 കാലയളവിൽ 35 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ വന്ധ്യത ഏകദേശം 50% വർധിക്കുമെന്ന് പഠനം പറയുന്നു. പ്രായം കൂടുന്നതിനനുസരിച്ച് പ്രത്യുത്പാദന ശേഷി സ്വാഭാവികമായി കുറയുകയും ഇത് സ്വാഭാവിക ഗർഭധാരണത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. പ്രായം കൂടി അമ്മയാവുന്നത് ഗർഭമലസൽ, ഗർഭകാലത്തെ സങ്കീർണ്ണതകൾ എന്നിവയുടെ അപകടസാധ്യത കൂട്ടുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

വരും വർഷങ്ങളിൽ വന്ധ്യത ഒരു വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി മാറാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നുണ്ട്. അവബോധം വർധിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, പ്രത്യുത്പാദന സേവനങ്ങൾ കൂടുതൽപേർക്ക് ലഭ്യമാക്കുക, നേരത്തെ കുടുംബം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുക എന്നിവയിലൂടെയെല്ലാം വന്ധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ കരുതുന്നു.

വന്ധ്യതയുടെ കാരണങ്ങൾ

നിരവധി കാരണങ്ങൾ വന്ധ്യതയ്ക്ക് ഇടയാക്കുന്നുണ്ട്. അതുപോലെ തന്നെ പൊതുവെ കൂടുതൽ പേരും ധരിച്ച് വെച്ചിരിക്കുന്നത് പോലെ വന്ധ്യതയ്ക്കിടയാക്കുന്നത് സ്ത്രീയുമായി ബന്ധപ്പെട്ട കാരണങ്ങൾ മാത്രവുമല്ല. സ്ത്രീയിലും പുരുഷനിലും വിവിധങ്ങളായ കാരണങ്ങൾ മൂലം വന്ധ്യത സംഭവിക്കാം.

സ്ത്രീകളിൽ അണ്ഡോത്പാദനത്തിലെ തകരാറുകൾ, അണ്ഡവാഹിനി കുഴലിലെ പ്രശ്നങ്ങൾ, ഫൈബ്രോയിഡുകൾ, എൻഡോമെട്രിയോസിസ്, ഗർഭപാത്രത്തിലെ തകരാറുകൾ, നേരത്തെ നടന്ന ശസ്ത്രക്രിയയെ തുടർന്നുള്ള പ്രശ്നങ്ങൾ തുടങ്ങിയ പലകാരണങ്ങളും വന്ധ്യതയ്ക്കിടയാക്കിയേക്കാം.

പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണത്തിലുണ്ടാകുന്ന കുറവ്, ബീജമില്ലാതാകുന്ന അവസ്ഥ, ബീജത്തിന്റെ ചലനശേഷിക്കുറവ്, ബീജത്തിന്റെ ആകൃതിയിലെ വ്യതിയാനം, ശുക്ലത്തിലെ തകരാറുകൾ, ഉദ്ദാരണ സംബന്ധമായ ബുദ്ധിമുട്ടുകൾ മുതലായ കാരണങ്ങളും വന്ധ്യതയിലേക്ക് നയിക്കാം.

Content Highlights: Lancet study predicts 80 million women aged 35-49 will face infertility by 2036., Infertility cases projected to rise by 50% between 2023 and 2036