വേദനയില്ലാതെ കുത്തിവെക്കാം; സൂചി വികസിപ്പിച്ച് മലയാളിയുള്‍പ്പെട്ട ഗവേഷകസംഘം

#റീനു ആന്‍ എബ്രഹാം
ഡോ. അനു രഞ്ജിത്ത്, ഐ.ഐ.എസ്.സി സംഘം വികസിപ്പിച്ച മൈക്രോ നീഡില്‍ മാതൃക | Photo: Special Arrangement
ഡോ. അനു രഞ്ജിത്ത്, ഐ.ഐ.എസ്.സി സംഘം വികസിപ്പിച്ച മൈക്രോ നീഡില്‍ മാതൃക | Photo: Special Arrangement

'ഉറുമ്പുകടിക്കുന്ന വേദനയേ ഉള്ളു'വെന്ന പല്ലവി ഇനി കേള്‍ക്കേണ്ട. വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകള്‍ കുറഞ്ഞചെലവില്‍ നിര്‍മിക്കാനുള്ള രീതിവരുന്നു. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഒരു സംഘം ഗവേഷകരാണ് ഇതിന് പിന്നില്‍. തൃശ്ശൂര്‍ സ്വദേശി ഡോ. അനു രഞ്ജിത്തും സംഘത്തിലുണ്ട്.

വേദനയില്ലാതെ കുത്തിവെക്കാവുന്ന പോളിമെറിക് നീഡിലുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാന്‍ ചെലവ് കൂടുതലാണ്. നിലവില്‍ രാജ്യത്ത് ഇതുപയോഗത്തിലില്ല. പോളിമെറിക് ലായനി അച്ചില്‍ (കാസ്റ്റ് മോള്‍ഡ്) ഒഴിച്ചാണ് പുതിയ മൈക്രോനീഡില്‍ ഉണ്ടാക്കുന്നത്. സാധാരണ താപനിലയില്‍ ഖരാവസ്ഥയിലെത്തുമെന്നതിനാല്‍ സമയം ലാഭിക്കാം. നിലവിലെ രീതി ഇതിനെക്കാള്‍ സങ്കീര്‍ണമാണ്.

വേദനയെങ്ങനെ

കുത്തിവെപ്പ് സമയത്ത് തൊലിയുടെ അടിയിലുള്ള നാഡികളില്‍ സിറിഞ്ച് കൊള്ളുമ്പോഴാണ് വേദനയുണ്ടാകുന്നത്. മൈക്രോ നീഡില്‍ തൊലിയുടെ തൊട്ടുതാഴെ വരെയേ എത്തുന്നുള്ളൂ. അതിനാലാണ് വേദനയില്ലാത്തത്. ദിവസേന ഒന്നിലധികം തവണ ഇന്‍സുലിന്‍ എടുക്കേണ്ടിവരുന്ന രോഗികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും മൈക്രോനീഡില്‍ ഉപകാരപ്പെടും.

ചെലവു കുറവായതിനാല്‍ പുതിയ മാതൃക വിപണിയിലും സ്വീകാര്യമാകും. ആകൃതിയിലെ പ്രത്യേകതമൂലം 20 ശതമാനം കുറവ് മരുന്ന് മതിയെന്നതും നേട്ടമാണ്.

നിബ് ഇല്ലാത്ത പേന പോലെ

ഒരു പിരമിഡിന്റെ ആകൃതിയിലാണ് മൈക്രോനീഡിലിന്റെ അറ്റം. 700-800 മൈക്രോണ്‍ (ഒരു മൈക്രോണ്‍= .0001 മില്ലിമീറ്റര്‍) ആണ് ഇതിന്റെ കനം. കൂടാതെ 30 മൈക്രോണാണ് സൂചിയുടെ അഗ്രത്തിന്റെ വ്യാസം. നിബ് ഇല്ലാത്ത പേന എപ്രകാരമാണോ അതുപോലെയാണ് ഐ.ഐ.എസ്. വികസിപ്പിച്ച മൈക്രോനീഡില്‍ മാതൃക.

കേരളത്തിനും അഭിമാനം

ബെംഗളൂരു നാഷണല്‍ എയറോസ്‌പേസ് ലബോറട്ടറിയില്‍ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റായ ഡോ. അനുവും ഈ ഗവേഷക സംഘത്തിലുണ്ട് എന്നത് കേരളത്തിനും അഭിമാനമാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും വിരമിച്ച എം.ജെ. സൈമണിന്റെയും റോസമ്മയുടെയും മകളാണ് അനു. 

എയര്‍ ട്രാഫിക് കണ്‍ട്രോളറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് രഞ്ജിത്ത് ജോര്‍ജ്, മക്കള്‍ എന്നിവര്‍ക്കൊപ്പം ബെംഗളൂരുവിലാണ് താമസം. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്‌സില്‍ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: indian institute of science researchers produce microneedles