രോഗീപരിചരണം മെച്ചപ്പെടുത്താൻ സഹായകം, ഇന്ത്യയിലെ 48% ഡോക്ടർമാർ എഐ ഉപയോഗിക്കുന്നു- റിപ്പോർട്ട്

#Health Desk
പ്രതീകാത്മക ചിത്രം| Photo: Gemini AI
പ്രതീകാത്മക ചിത്രം| Photo: Gemini AI

കൃത്രിമനിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓരോ മേഖലകളിലും വലിയ മാറ്റമാണുണ്ടാക്കിയിരിക്കുന്നത്. പഠനത്തിനും തൊഴിൽമേഖലയിലെ ആവശ്യങ്ങൾക്കുമൊക്കെ എഐയുടെ സഹായം തേടുന്നത് സാധാരണമാണിന്ന്. ആരോഗ്യരംഗത്തും എഐ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇപ്പോാഴിതാ ഇന്ത്യയിലെ ഡോക്ടർമാർ എഐ ഉപയോഗിക്കുന്നതു സംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇതുപ്രകാരം രാജ്യത്തെ 48% ഡോക്ടർമാരും തൊഴിൽമേഖലയിലെ ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്.

ക്ലിനിഷ്യൻ ഓഫ് ദി ഫ്യൂച്ചർ 2026-ന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. ആരോഗ്യമേഖലയിൽ എഐയെ ശക്തമായൊരു ടൂളായി കാണുമ്പോഴും ഫലപ്രദമായി ഉപയോഗിക്കാൻ സജ്ജമായിട്ടില്ലാത്ത ഡോക്ടർമാരും നിരവധിയുണ്ടെന്ന് പഠനം പറയുന്നു.

ഏകദേശം 75% പേർ രോഗികളുടെ പരിചരണം മെച്ചപ്പെടുത്താൻ എഐ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. എഐയിലൂടെ ഇതിനകം തന്നെ നല്ല മാറ്റംവന്നുവെന്ന് 50ശതമാനം പേർ വിശ്വസിക്കുന്നു. ആരോഗ്യമേഖലയിലെ 49ശതമാനംപേർ എഐയെ ജോലിയുടെ ഭാഗമായി ഉപയോഗിക്കുന്നവരാണ്. 34ശതമാനം പേർ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ടൂളുകൾ ദിനേന ഉപയോഗിക്കുന്നുണ്ട്. 56ശതമാനംപേർ ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനും വിവരങ്ങൾ ശേഖരിക്കാനും തൊഴിലിടം സുഗമമാക്കാനും എഐ ഉപയോഗിക്കുന്നവരാണ്.

അടുത്ത അഞ്ചു മുതൽ പത്തുവർഷത്തിനുള്ളിൽ ആരോഗ്യമേഖലയിൽ എഐ സുപ്രധാന സ്ഥാനം വഹിക്കുമെന്ന് 80ശതമാനംപേർ വിശ്വസിക്കുന്നു. രോഗീപരിചരണത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും കൺസൾട്ടേഷനുകൾക്കും എഐ സഹായകമാകുമെന്ന് പകുതിയിലേറെ പേരും കരുതുന്നുണ്ട്.

അതേസമയം 45% പേർക്ക് മാത്രമേ മതിയായ എഐ പരിശീലനം ലഭിച്ചിട്ടുള്ളൂ എന്നും റിപ്പോർട്ട് പറയുന്നുണ്ട്. 46% നഴ്സുമാരുമായി താരതമ്യം ചെയ്യുമ്പോൾ 18% ഡോക്ടർമാർക്ക് മാത്രമാണ് മതിയായ എഐ പരിശീലനം ലഭിച്ചിട്ടുള്ളത്.

എഐയെ സ്വീകരിക്കാൻ ആരോഗ്യസ്ഥാപനങ്ങൾ പൂർണമായും തയ്യാറായിട്ടില്ലെന്ന ആശങ്കയും റിപ്പോർട്ട് പങ്കുവെക്കുന്നുണ്ട്. 41% ആരോഗ്യപ്രവർത്തകർക്കു മാത്രമേ അവരുടെ തൊഴിലിടത്തിൽ എഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുന്നുള്ളൂ.

എഐ ഡോക്ടർമാർക്ക് പകരമാണെന്നല്ല മറിച്ച് ആരോഗ്യമേഖലയിലെ പ്രധാന നാഴികക്കല്ലായി മാറുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

നിരവധി ഡോക്ടർമാർ വൈകാതെ ഈ പ്രൊഫഷൻ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നതാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളിലൊന്ന്. 2030 ഓടെ തൊഴിൽ ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് 69% ഡോക്ടർമാരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ജോലിഭാരം, സമ്മർദ്ദം, ആരോഗ്യമേഖലയിലെ മാറ്റങ്ങൾ തുടങ്ങിയവയാണ് ഇതിനുകാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്.

Content Highlights: 48% of Indian doctors currently integrate AI into their professional practice., 75% of doctors believe AI significantly improves patient care standards., Only 18% of doctors have received formal AI training compared to 46% of nurses.