ഇന്ത്യയുടെ ആരോഗ്യംകെടുത്തുന്ന അമിതവണ്ണം; 2050-ഓടെ 44.9 കോടി പേരെ ബാധിക്കും, അടിയന്തര പരിഹാരം ആവശ്യം

ന്യൂഡൽഹി: അമിതവണ്ണം ഇന്ത്യയിൽ അടിയന്തര ശ്രദ്ധവേണ്ട ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണെന്ന് വിദഗ്ധർ. ദി ലാൻസെറ്റ് പ്രോജക്ടിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഇന്ത്യയിലെ 44.9 കോടിപ്പേർ, അതായത് ജനസംഖ്യയുടെ മൂന്നിലൊന്നും 2050 ആകുമ്പോഴേക്കും പൊണ്ണത്തടിയും അമിതഭാരവുമുള്ളവരായിരിക്കും. ഇതിൽ 21.8 കോടി പുരുഷന്മാരും 23.1 കോടി സ്ത്രീകളും ഉൾപ്പെടും.
ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ഫാറ്റി ലിവർ, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ ഇന്ത്യയിൽ കൂടിവരാനുള്ള കാരണം അമിതഭാരമാണെന്ന് വിദഗ്ധർ പറയുന്നു. 20-നും 30-നും ഇടയിൽ പ്രായമായവരിൽ ഇത്തരം രോഗങ്ങൾ കൂടിവരുന്നതിലും പൊണ്ണത്തടി വലിയ പങ്കുവഹിക്കുന്നു. ഇപ്പോൾത്തന്നെ ലോകത്ത് കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യമാണ് ഇന്ത്യ (10.1 കോടി).
‘‘പൊണ്ണത്തടി ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ രൂപരേഖ മാറ്റിവരയ്ക്കുകയാണ്. ഇതിന് അടിയന്തര പരിഹാരം കാണാത്തപക്ഷം രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളെയും സാമ്പത്തിക ഉത്പാദനക്ഷമതയെയും ഇത് ഗുരുതരമായി ബാധിക്കും.’’ എയിംസിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് മെഡിസിനിലെ അഡീഷണൽ പ്രൊഫസർ ഡോ. നീരജ് നിശ്ചൽ പറഞ്ഞു. നഗരപ്രദേശങ്ങളിലോ ഉയർന്ന വരുമാനമുള്ളവരിലോ മാത്രമല്ല പൊണ്ണത്തടിയുടെ വ്യാപനം വർധിച്ചുവരുന്നത്. ഗ്രാമപ്രദേശങ്ങളിലും കൗമാരക്കാരിലും ഈ പ്രശ്നമുണ്ട്. ഒരുനടപടിയും സ്വീകരിച്ചില്ലെങ്കിൽ ആഗോള പൊണ്ണത്തടിയുടെയും ജീവിതശൈലീരോഗങ്ങളുടെയും പ്രഭവകേന്ദ്രമായി ഇന്ത്യ ഉടൻ മാറുമെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകി.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ
1. സ്നാക്സ് ഹെൽത്തിയാക്കാം
മിക്കയാളുകളും ഇടയ്ക്കിടെയുള്ള വിശപ്പകറ്റാൻ സ്നാക്സുകളിൽ അഭയം തേടുന്നവരാണ്. അവ പലതും ബേക്കറി ഉത്പന്നങ്ങളുമായിരിക്കും. എരിവും പുളിയും മധുരവുമൊക്കെ നിറഞ്ഞ ഇവ വീണ്ടും വണ്ണംവെക്കാൻ ഇടയാക്കുകയും ചെയ്യും. സ്നാക്സ് കഴിക്കണം എന്നുതോന്നുന്ന സമയങ്ങളിൽ ഹെൽത്തിയായവയ്ക്ക് പ്രാധാന്യം നൽകാം. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫൈബറും നല്ലകൊഴുപ്പുമൊക്കെ അടങ്ങിയ സ്നാക്സുകൾ പകരംകഴിക്കാം. നട്സും പച്ചക്കറി സാലഡും പഴങ്ങളുമൊക്കെ പകരം കഴിക്കാം. ഇവ വയറുനിറഞ്ഞതുപോലെ തോന്നിക്കുകയും കൂടുതൽ ഭക്ഷണംകഴിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
2. പതുക്കെ കഴിക്കാം, അളവു കുറയ്ക്കാം
പലരും ഭക്ഷണം അളവുനോക്കാതെ വാരിവലിച്ചു കഴിക്കുന്നവരാണ്. ഭക്ഷണം വേഗത്തിൽ കഴിക്കുന്നതും അളവിൽ ശ്രദ്ധിക്കാതിരിക്കുന്നതുമൊക്കെ വണ്ണംകൂട്ടുന്ന ഘടകങ്ങളാണ്. അതിനാൽ ഇവയിൽ മാറ്റംവരുത്തേണ്ടതും പ്രധാനമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കലാണ് ആദ്യം ചെയ്യേണ്ടത്. ചെറിയ പാത്രത്തിൽ സാധാരണ എടുക്കുന്നതിനേക്കാൾ കുറച്ച് അളവിൽ ഭക്ഷണം എടുത്തുതുടങ്ങാം. പതിയെ പതിയെ അതിന്റെ അളവ് കുറച്ചുകൊണ്ട് വരികയും ചെയ്യാം. അതുപോലെ തന്നെ സാവധാനം ചവച്ചരച്ചു കഴിക്കുകയും വേണം. ചോറും എണ്ണയും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുമൊക്കെ കുറച്ച് ആരോഗ്യപ്രദമായ ആഹാരങ്ങൾ കൂട്ടുകയും ചെയ്യണം.
3. വെള്ളത്തിൽ വീട്ടുവീഴ്ച്ച വേണ്ട
വണ്ണംകുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? എന്നാൽ വെള്ളംകുടിക്കുന്നതിൽ വിട്ടുവീഴ്ച്ച ചെയ്യുകയേ അരുത്. വെള്ളം കുടിക്കുന്നത് വയറുനിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലും വെള്ളത്തിന്റെ പങ്ക് വളരെവലുതാണ്. ദിവസവും എട്ടുമുതൽ പത്തുഗ്ലാസോളം വെള്ളം കുടിക്കണം.
4. ഉറക്കം പ്രധാനം
വണ്ണംകുറയ്ക്കാൻ തുടങ്ങുന്ന പലരും ആഹാരത്തിലും വ്യായാമത്തിലും മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കാറുള്ളത്. എന്നാൽ ഉറക്കത്തിനും വണ്ണംകുറയ്ക്കുന്നതിൽ വലിയപങ്കുണ്ട്. ശരീരത്തിന് മതിയായ ഉറക്കം ലഭിക്കാതിരിക്കുക വഴി ലെപ്റ്റിൻ എന്ന ഹോർമോണിന്റെ അളവിൽ ഏറ്റക്കുറച്ചിൽ വരികയും ഇത് വിശപ്പിനെ സ്വാധീനിക്കുകയും ചെയ്യും. താരതമ്യേന ഉറക്കം കുറഞ്ഞവരിൽ കൃത്യമായി ഏഴുംഎട്ടും മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് വണ്ണംകൂടുന്നതായി പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഉറക്കം ചിട്ടയാകുന്നതിലൂടെ രാത്രികാലങ്ങളിൽ അനാവശ്യമായി സ്നാക്സ് കഴിക്കുന്ന ശീലവും ഇല്ലാതാകും.
5. വ്യായാമവും വേണം
വണ്ണംകുറയ്ക്കാൻ വ്യായാമം പ്രധാനമാണെന്നത് പലർക്കും അറിയുന്ന കാര്യമാണ്. വ്യായാമം മുടങ്ങാതെ ചെയ്യുന്നതിലൂടെ ആരോഗ്യകരമായി വണ്ണംകുറയ്ക്കാനാവും. വ്യായാമം സ്ഥിരമാക്കുക വഴി ഊർജം നിലനിർത്താനും കലോറി കുറയ്ക്കാനുമാവും. കലോറി കുറയ്ക്കുന്നതിലൂടെയാണ് മിക്കയാളുകൾക്കും പെട്ടെന്ന് വണ്ണം കുറയുന്നതായി കാണാറുള്ളത് . കുറച്ചുനാളത്തേക്ക് വ്യായാമം ചെയ്യുന്നതിനു പകരം സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് ഗുണം ചെയ്യുക.
Content Highlights: A concerning Lancet study reveals India`s rising obesity rates