ചൂട് കൂടുന്നത് പാരിസ്ഥിതിക പ്രശ്നം മാത്രമല്ല; പകർച്ചവ്യാധികൾക്കും കാരണമാവുന്നു- കേന്ദ്രമന്ത്രി

#Health Desk
ജിതേന്ദ്ര സിങ്| Photo: ANI
ജിതേന്ദ്ര സിങ്| Photo: ANI

ന്യൂ‍ഡൽഹി: രാജ്യത്തിന്റെ പലഭാഗങ്ങളിലും ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് പാരിസ്ഥിതിക പ്രശ്നം മാത്രമല്ല, പകർച്ചവ്യാധികൾക്കും പകർച്ചേതര രോഗങ്ങൾക്കും കാരണമാവുന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്.

ഡെങ്കിപ്പനി മുതൽ ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്കുവരെ ഉയർന്ന ചൂട് കാരണമാകുന്നുണ്ടെന്നും പൊതുജനാരോഗ്യ പ്രശ്നമായി ഇതിനെ കണക്കാക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യ ഇന്ന് ഉഷ്ണസംബന്ധമായ രോഗങ്ങളേയും ജീവിതശൈലീ രോഗങ്ങളേയും ഒരുപോലെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാച്ചുറൽ റിസോഴ്സ് ഡിഫൻസ് കൗൺസിൽ സംഘടിപ്പിച്ച ഗ്ലോബൽ ഹീറ്റ് & കൂളിങ് ഫോറത്തിൽ സംസാരിക്കവേയാണ് ജിതേന്ദ്ര സിങ് ഇക്കാര്യങ്ങൾ പറഞ്ഞത്.

ചൂടിനെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് കൂടുതൽ നേരം വെയിലേൽക്കരുത്.
  • അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.
  • ദാഹമില്ലെങ്കിലും ധാരാളം വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കുക. യാത്രാവേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.
  • തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ഉപയോഗിക്കുക.
  • കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണം.
  • ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
  • വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
  • വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളേയും പ്രായമായവരേയും ഇരുത്തിയിട്ട് പോകാതിരിക്കുക.
  • ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ പകൽസമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
  • വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന പാനീയങ്ങൾ മാത്രം ഉപയോഗിക്കുക.
  • കടകളിലും ഹോട്ടലുകളിലും ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാണെന്ന് ഉറപ്പ് വരുത്തണം

Content Highlights: Union Minister Jitendra Singh identifies heatwaves as a major public health concern for 2026