ഇന്ത്യയിലെ പ്രമേഹക്കുതിപ്പ് ഏറെ അപകടകരം, മുന്നറിയിപ്പുമായി പഠനം

#എം.കെ. രാജശേഖരൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തൃശ്ശൂർ: ഇന്ത്യയിലെ പ്രമേഹക്കുതിപ്പ് ഏറെ അപകടകരമെന്ന് വീണ്ടും മുന്നറിയിപ്പ്. 2031-ആകുമ്പോഴേക്കും ലക്ഷത്തിൽ 8585.45 പേർക്ക് രോഗമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

11-ാം റാങ്കിലായിരുന്നത് 14-ലേക്ക് മാറി ചെറിയതോതിൽ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളം പ്രമേഹത്തിന്റെ നിഴലിൽത്തന്നെയാണ്. തമിഴ്‌നാട്, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കൂടുതൽ അപകടത്തിൽ.

1990 മുതൽ 2021 വരെയുള്ള ഔദ്യോഗികരേഖ ശാസ്ത്രീയമായി പഠിച്ച് വിശകലനംചെയ്താണ് പഠനം തയ്യാറാക്കിയത്. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലെ വിദഗ്‌ധരായിരുന്നു സംഘത്തിൽ. ‘ഫ്രോന്റിയേഴ്സ് ഇൻ എൻഡോെെക്രനോളജി ജേണലി’ൽ പഠനം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

1990-ൽ ലക്ഷത്തിൽ 162.74 പേർക്കാണ് പ്രമേഹം ബാധിച്ചിരുന്നതെങ്കിൽ 21 വർഷം കഴിഞ്ഞപ്പോൾ അത് 264.53 ആയി മാറി. ഓരോവർഷവും ശരാശരി 0.63 ശതമാനമാണ് വളർച്ച. മരണനിരക്കിലും വലിയമാറ്റമാണ്. ലക്ഷത്തിന് 23.09-ൽനിന്ന് 31.12-ലേക്ക്.

രോഗമുണ്ടാക്കുന്ന വൈകല്യംമൂലമുള്ള നഷ്ടങ്ങളും പഠനം വെളിവാക്കുന്നുണ്ട്. തമിഴ്‌നാടും ഗോവയുമാണ് ഇക്കാര്യത്തിൽ മുന്നിൽ.

കേരളത്തിൽ 1990-ൽ ഒരുലക്ഷം ആളുകളിൽ ശരാശരി 215.09 പേർക്കാണ് രോഗം. എന്നാൽ, 2021 ആകുമ്പോഴേക്കും ഇത് 284.92 ആയാണ് മാറിയത്.

തമിഴ്‌നാട്ടിലാകട്ടെ ഇത് യഥാക്രമം 220.54, 392.41 എന്ന നിലയിലാണ്. കേരളത്തിലെ മരണനിരക്ക് 24.95-ൽനിന്ന് 30.05 ആയി. തമിഴ്‌നാട്ടിൽ 45.12-ൽനിന്ന് 64.54 ആയാണ് കുതിച്ചത്.

ജീവിതശൈലിയിലെ ക്രമീകരണവും നിലവാരമുള്ള ആരോഗ്യപരിപാലനവും ഉറപ്പുവരുത്തണമെന്നും പഠനം ആവശ്യപ്പെടുന്നു.
 

Content Highlights: Study reveals alarming rise in diabetes cases in India