രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു, കൂടുതൽ രോഗികൾ കേരളത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ധർ

Representative Image| Photo: PTI
Representative Image| Photo: PTI

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ മൂവായിരം കടന്നു. കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം 3,395 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവുമധികം കോവിഡ് രോ​ഗികളുള്ള സംസ്ഥാനം കേരളമാണ്. 1,336 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലും കോവിഡ് കേസുകളിൽ വർധനവുണ്ട്. 

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് ബാധിച്ച് നാല് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‍ഡൽഹി, കേരളം, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര-467, ഡൽഹി-375, ​ഗുജറാത്ത്-265, കർണാടക-234, വെസ്റ്റ് ബെം​ഗാൾ-205, തമിഴ്നാട്-185, ഉത്തർപ്രദേശ്-117 എന്നിങ്ങനെയാണ് നിലവിലെ കോവിഡ് കേസുകൾ. 

രണ്ടുവർഷങ്ങൾക്കിടെ ആദ്യമായാണ് രാജ്യത്തെ കോവിഡ് കേസുകൾ മൂവായിരം കടക്കുന്നത്. 2023 ഏപ്രിൽ ഒന്നിനാണ് മുമ്പ് 3084 കേസുകൾ റിപ്പോർട്ട് ചെയ്തത്. 

നിലവിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഐസിഎംആറിന്റെ (Indian Council of Medical Research) ഡയറക്ടർ ജനറൽ ഡോ. രാജീവ് ഭെൽ പിടിഐയോട് പറഞ്ഞു. ഒമിക്രോണിന്റെ നാല് ഉപവകഭേദങ്ങളാണ് നിലവിലെ വ്യാപനത്തിന് പിന്നിലെന്നും LF.7, XFG, JN.1, NB.1.8.1എന്നിവയാണ് ആ വകഭേദങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് നിരക്കുകളിൽ വർധനവുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വ്യാപകമായ പരിശോധനാസംവിധാനം ഏർപ്പെടുത്തേണ്ട സ്ഥിതി ഇപ്പാഴില്ലെന്നും കൂടുതൽ പരിശോധന നടത്തുന്നതുകൊണ്ടാണ് നിരക്കുകൾ കൂടുന്നതെന്നുമാണ് മന്ത്രി പറഞ്ഞത്. പ്രായമുള്ളവർ, രോ​ഗങ്ങളുള്ളവർ തുടങ്ങിയവർ ദയവായി പൊതുഇടങ്ങളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്നും മറ്റ് രോ​ഗങ്ങളുള്ളവർ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുകുകയും ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞിരുന്നു.

ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലകളില്‍ ഏതെങ്കിലും മേഖലകളില്‍ രോഗപ്പകര്‍ച്ചയുണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താൻ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോ​ഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്..

വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

Content Highlights: COVID-19 Resurgence in India: Kerala Reports Highest Number of Cases