രാജ്യത്തെ കോവിഡ് വ്യാപനത്തിന് പിന്നിൽ പുതിയ വകഭേദവും, ഒമിക്രോണിന്റെ പിൻഗാമിയായ XFG-യെ അറിയാം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 6815 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 324 പുതിയ കോവിഡ് കേസുകളും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേരളം-2053, ഗുജറാത്ത്-1109, പശ്ചിമ ബെംഗാൾ- 747, ഡൽഹി-691, മഹാരാഷ്ട്ര-631 എന്നിങ്ങനെയാണ് നിലവിലെ ഉയർന്ന കോവിഡ് നിരക്കുകൾ. ഇപ്പോഴത്തെ രോഗവ്യാപനത്തിന് പിന്നിൽ XFG എന്ന പുതിയ വകഭേദവും ഉണ്ടെന്നാണ് ഇൻസാകോഗ് (Indian SARS-CoV-2 Genomics Consortium) പുറത്തുവിട്ട പുതിയ ഡേറ്റ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ രോഗവ്യാപനത്തിൽ 163 കേസുകൾക്ക് പിന്നിൽ XFG ആണെന്ന് ഇൻസാകോഗ് വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 89 രോഗികളോടെ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം XFG കേസുകൾ ഉള്ളത്.
ഒമിക്രോൺ വകഭേദത്തിന്റെ പിൻഗാമിയാണ് XFG വകഭേദവുമെന്ന് ലാൻസെറ്റ് ജേർണലിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. കാനഡയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. LF.7, LP.8.1.2 എന്നീ വകഭേദങ്ങളിൽ നിന്നാണ് XFG ഉണ്ടായിരിക്കുന്നത്. വ്യാപനശേഷി കൂടുതലുള്ള ഈ വകഭേദത്തിന് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ എളുപ്പത്തിൽ മറികടക്കാനുമാവുമെന്ന് ലാൻസെറ്റ് പഠനത്തിലുണ്ട്.
ഒമിക്രോണിന്റെ മറ്റ് വകഭേദങ്ങളേപ്പോലെ തന്നെ വന്നുപോവുന്ന ഈ വകഭേദം ഇതുവരെ തീവ്രമാകുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയിട്ടില്ല. രാജ്യത്തെ നിലവിലെ രോഗവ്യാപനത്തിന് പിന്നിൽ ഒമിക്രോൺ ഉപവകഭേദങ്ങളായ LF.7, XFG, JN.1, NB. 1.8.1 എന്നിവയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഐസിഎംആർ (Indian Council of Medical Research) ഡയറക്ടർ ജനറലായ ഡോ. രാജീവ് ഭെൽ നേരത്തേ വ്യക്തമാക്കിയിരുന്നു.
ആരോഗ്യപാഠങ്ങൾ ഓർക്കുക
കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങൾ നാട്ടിലൊക്കെയുണ്ട്. ഇടയ്ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനിപോലെ വന്നുപോകാം. നിലവിൽ കാണുന്ന മിക്ക കേസുകളും ലഘുവായി വന്നുപോകുന്നതാണ്. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഭേദമാകും. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആസ്പത്രി സന്ദർശനങ്ങൾ വേണ്ടെന്നുവെക്കുക, കോവിഡ്കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക എന്നിവയാണ് അടിസ്ഥാന രോഗപ്രതിരോധ മാർഗങ്ങൾ.
ലക്ഷണങ്ങൾ
ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങളുണ്ടാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യോപദേശം തേടണം.
Content Highlights: India reports rise in COVID-19 cases with the new XFG variant spreading across several states