രാജ്യത്ത് കോവിഡ് രോഗികൾ 5000 കടന്നു, ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ പോലെയും വരാം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ അയ്യായിരം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,364 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവുമധികം കോവിഡ് രോ​ഗികളുള്ള സംസ്ഥാനം കേരളമാണ്. 1679 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുവന്നത്. തൊട്ടുപിന്നാലെ ​ഗുജറാത്ത്- 615, വെസ്റ്റ് ബെം​ഗാൾ- 596, ഡൽഹി- 562 എന്നിങ്ങനെയാണ് കോവിഡ് കേസുകൾ. 

ഒമിക്രോൺ വിഭാഗത്തിലെ ഒമിക്രോൺ ജെഎൻ. 1 വകഭേദമായ എൽഎഫ്. 7 ആണ് വ്യാപിക്കുന്നത്. ഭയപ്പെടേണ്ട വകഭേദമല്ലെങ്കിലും ശ്രദ്ധാപൂർവം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൈന ഉൾപ്പെടെയുള്ള ഏഷ്യയിലെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതിന് പിന്നിലും ഈ വകഭേദങ്ങളാണ് എന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പും വിശദീകരിക്കുന്നു. എങ്കിലും പ്രായം കൂടിയവർ, നിയന്ത്രണമില്ലാത്ത പ്രമേഹം, അമിതരക്തസമ്മർദം, ആസ്ത്മ, സിഒപിഡി പോലുള്ള ദീർഘകാല ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.

ആരോഗ്യപാഠങ്ങൾ ഓർക്കുക

കോവിഡ് വൈറസ് പൂർണമായും പിൻവാങ്ങിയിട്ടില്ല. തീവ്രത കുറഞ്ഞ വകഭേദങ്ങൾ നാട്ടിലൊക്കെയുണ്ട്. ഇടയ്ക്കൊക്കെ അവ തലപൊക്കാം. സാധാരണ ജലദോഷപ്പനിപോലെ വന്നുപോകാം. നിലവിൽ കാണുന്ന മിക്ക കേസുകളും ലഘുവായി വന്നുപോകുന്നതാണ്. നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ ഭേദമാകും. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകഴുകുക, അനാവശ്യ ആസ്പത്രി സന്ദർശനങ്ങൾ വേണ്ടെന്നുവെക്കുക, കോവിഡ്കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക എന്നിവയാണ്‌ അടിസ്ഥാന രോഗപ്രതിരോധ കാര്യങ്ങൾ.

ലക്ഷണങ്ങൾ

ജലദോഷപ്പനിയുടെ ലക്ഷണങ്ങളാണ് മുഖ്യമായും കണ്ടുവരുന്നത്. പനി, മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ക്ഷീണം, വയറ്റിൽ അസ്വസ്ഥത, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഏറിയും കുറഞ്ഞും കാണാം. മഴക്കാലത്ത് സാധാരണ ജലദോഷപ്പനികളിലും സമാനലക്ഷണങ്ങളുണ്ടാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സയ്ക്ക് മുതിരാതെ വൈദ്യോപദേശം തേടണം.

Content Highlights: India reports 5,364 new COVID-19 cases, with Kerala reporting the highest number.