ആന്റിബയോട്ടിക്കുകളെ തിരിച്ചറിയാം, കവറിലെ നീല സ്ട്രിപ്പ് നോക്കി

Representative Image| Photo: Canva.com
Representative Image| Photo: Canva.com

തൃശ്ശൂർ: അമിതമരുന്നുപയോഗത്തിന് തടയിടാൻ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി എല്ലാ ആന്റിബയോട്ടിക് മരുന്നുകളുടെ കവറുകളും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാക്കും. എല്ലാ കവറുകളിലും നീലനിറത്തിൽ സ്ട്രിപ്പ് ഉണ്ടാകണമെന്ന നിയമഭേദഗതിക്കുള്ള കരടാണ് പ്രസിദ്ധീകരിച്ചത്.

നിലവിലെ നിയമപ്രകാരം ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാൻ പാടില്ല. പുതിയ കരടിൽ ഇക്കാര്യം കൂടുതൽ വ്യക്തതയോടെ എടുത്തുപറയുന്നു. ഔഷധമന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നത സാങ്കേതികസമിതിയായ ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡാണ് ഇതു സംബന്ധിച്ച ശുപാർശ നൽകിയത്. ശുപാർശ അംഗീകരിച്ച മന്ത്രാലയം കരട് നിർദേശങ്ങളിൽ അഭിപ്രായം അറിയിക്കാൻ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

കർശനമായ നിർദേശമുണ്ടായിട്ടും കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽപ്പന നടത്തുന്നത് വ്യാപകമാണെന്നാണ് കണ്ടെത്തൽ. ഇത്തരം കച്ചവടം പുതിയ നിബന്ധന നിലവിൽവരുന്നതോടെ നിയന്ത്രിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. കവറിൽ മരുന്നുകളുടെ വിശദവിവരങ്ങൾ മറയാത്ത വിധത്തിൽ ഇടതുവശത്ത് താഴെമുതൽ മുകളറ്റംവരെ നീലനിറത്തിലുള്ള സ്ട്രിപ്പ് നൽകണമെന്നാണ് നിർദേശം.

Content Highlights: India`s government introduces stricter rules to combat antibiotic overuse. Learn about the new blue strip labeling and prescription requirements.