ഐവിഎഫ് ചികിത്സ പരാജയപ്പെടുന്നതിൽ മാനസിക സമ്മർദവും ഉത്കണ്ഠയും പ്രധാനം- പഠനം

പ്രതീക്ഷകളുമായെത്തുന്ന ഐവിഎഫ് ചികിത്സയിൽ പലരും പരാജയപ്പെടാറുണ്ട്. പലവിധ ഘടകങ്ങൾ കാരണമാകാമെങ്കിലും സ്ത്രീയുടെ മാനസികാരോഗ്യം ചികിത്സയുടെ വിജയത്തിൽ പ്രധാനമാണെന്ന് പങ്കുവെക്കുകയാണ് പുതിയൊരു പഠനം. പുണെയിലെ ഒരു ഐവിഎഫ് സെന്റർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഐവിഎഫ് ചികിത്സയിൽ പരാജയപ്പെട്ട സ്ത്രീകളിലെ പ്രധാന ഘടകങ്ങളിലൊന്ന് ഉത്കണ്ഠയും സമ്മർദവുമാണെന്ന് പഠനത്തിൽ കണ്ടെത്തി. ഐവിഎഫ് ചികിത്സയിലൂടെ കടന്നുപോകുന്ന 120 സ്ത്രീകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഐവിഎഫ് പരാജയപ്പെട്ട സ്ത്രീകളിൽ അമിത ഉത്കണ്ഠയും സമ്മർദവും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. എന്നാൽ ഐവിഎഫിൽ വിജയിച്ച സ്ത്രീകളിൽ ഉത്കണ്ഠയുടെയും സമ്മർദത്തിന്റെയും തോത് കുറവുമായിരുന്നു.
മാനസികാരോഗ്യം തകരാറിലാകുന്നത് ഐവിഎഫ് പരാജയത്തിന് കാരണമാകാമെന്നാണ് പഠനം വ്യക്തമാക്കുന്നത്. സമ്മർദം കൂടുന്നത് കോർട്ടിസോൾ എന്ന ഹോർമോണിന്റെ നില കൂട്ടുകയും ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും അണ്ഡത്തിന്റെ ഗുണനിലവാരത്തെയും മൊത്തത്തിലുള്ള പ്രത്യുത്പാദന ചികിത്സയെയും ബാധിക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ കരുതുന്നത്.
ഐ.വി.എഫ്.
സ്വാഭാവികമായി നടക്കേണ്ട അണ്ഡ-ബീജ സംയോജനം ശരീരത്തിന് പുറത്ത്, ലാബിൽ കൃത്രിമമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്). അങ്ങനെ ലാബിൽ വളർത്തിയെടുക്കുന്ന ഭ്രൂണത്തെ ഗർഭപാത്രത്തിൽ തിരികെ നിക്ഷേപിക്കുകയും ചെയ്യുന്നു.
ആർക്കൊക്കെ അനുയോജ്യം ?
അണ്ഡവാഹിനിക്കുഴലിന് തടസ്സം, എൻഡോമെട്രിയോസിസ് എന്നീ പ്രശ്നങ്ങളുള്ളവരിൽ ഐ.വി.എഫ്. പ്രയോജനപ്പെടുത്താറുണ്ട്. കൂടാതെ ബീജത്തിന്റെ ചലനക്കുറവും എണ്ണക്കുറവും ഉള്ളവർക്കും ഐ.വി.എഫ്. ആവശ്യമായി വരാം. കൃത്യമായി കാരണം കണ്ടെത്താൻ കഴിയാത്ത വന്ധ്യതയുള്ളവർക്കും ഐ.വി.എഫ്. നിർദേശിക്കാറുണ്ട്. ഇൻട്രായൂട്ടറൈൻ ഇൻസെമിനേഷൻ (ഐ.യു.ഐ.) ചികിത്സ പരാജയപ്പെട്ടവർക്കും ഐ.വി.എഫ്. വേണ്ടിവരും.
ചികിത്സാരീതി
കൂടുതൽ അണ്ഡങ്ങളെ ഒരേസമയം പാകമാക്കാൻ ഗൊണോഡോട്രോപ്പിൻ എന്ന ഹോർമോൺ ഇഞ്ചക്ഷൻ നൽകും. വജൈനൽ അൾട്രാസൗണ്ട് വഴി അണ്ഡത്തിന്റെ വളർച്ച നിരന്തരം വിലയിരുത്തും. അതിനനുസരിച്ച് ഹോർമോൺ ഇഞ്ചക്ഷന്റെ അളവിലും മാറ്റം വരുത്തും.
അണ്ഡമുള്ള ഫോളിക്കളുകൾക്ക് 18 മില്ലീമീറ്ററെങ്കിലും വലുപ്പം ആകുന്നതോടെ അണ്ഡവിസർജനത്തിന് പാകമാക്കാൻ സഹായിക്കുന്ന ഹ്യൂമൺ കോറിയോണിക് ഗൊണാഡോട്രോഫിൻ ഇഞ്ചക്ഷൻ നൽകും. ഈ ഇഞ്ചക്ഷൻ നൽകിയശേഷം 34-36 മണിക്കൂറുകൾക്കുശേഷമാണ് അണ്ഡങ്ങൾ ശേഖരിക്കുക.
അൾട്രാസൗണ്ട് പ്രോബ് ഉപകരണത്തോട് ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സൂചി ഉപയോഗിച്ചാണ് ഇരു അണ്ഡാശങ്ങളിൽനിന്നും അണ്ഡങ്ങൾ ശേഖരിക്കുന്നത്. ശേഖരിച്ച അണ്ഡങ്ങൾ ഉടൻ ലാബിലെ കൾച്ചർ മീഡിയമുള്ള ഡിഷിലേക്ക് മാറ്റും. 4-5 മണിക്കൂറിനുള്ളിൽ ഇതിലേക്ക് ഏറ്റവും ഗുണമേന്മയുള്ള ബീജങ്ങളെ നിക്ഷേപിക്കും. 16-20 മണിക്കൂറിനുശേഷം പരിശോധിക്കുമ്പോൾ ബീജസങ്കലനം നടന്നോ എന്ന് മനസ്സിലാക്കാനാകും.
ബീജസങ്കലനത്തിനുശേഷം അഞ്ചുദിവസംവരെ ലാബിൽതന്നെ വളരാൻ അനുവദിക്കും. അതിൽ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുക. ആറുമുതൽ പത്തുവരെ കോശങ്ങളുള്ള ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) എന്ന ഭ്രൂണവളർച്ചാ ഘട്ടത്തിലാണ് ഇതിനെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. ഗർഭാശയമുഖത്തിലൂടെ കടത്തുന്ന കത്തീറ്ററിലൂടെ അൾട്രാസൗണ്ട് സഹായത്തോടെയാണ് ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുക. അതിനുമുൻപുതന്നെ ഭ്രൂണത്തെ സ്വീകരിക്കാൻ ഗർഭപാത്രത്തെ സജ്ജമാക്കാൻ സഹായിക്കുന്ന മരുന്നുകൾ നൽകും. കഴിയുന്നതും ഒരു ഭ്രൂണംമാത്രമാണ് നിക്ഷേപിക്കുക. 35 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഒന്നിലധികം ഭ്രൂണങ്ങളെ നിക്ഷേപിക്കാറുണ്ട്. ബാക്കിയുള്ള ഭ്രൂണത്തെ ഭാവിയിൽ ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ ശീതീകരിച്ച് സൂക്ഷിക്കുകയും ചെയ്യാം.
Content Highlights: Anxiety and stress are critical factors in IVF treatment failures., Higher cortisol levels due to stress may negatively impact egg quality