കാപ്പി കുടിച്ചോളൂ, പക്ഷേ വൈകുന്നേരമായാൽ ഉറക്കവും തകരാറിലാകും-പഠനം

#Health Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

രു കപ്പ് കാപ്പി കുടിച്ചാൽ ഉഷാറാവും എന്നു പറയുന്നവരുണ്ട്. പക്ഷേ കാപ്പി കുടിക്കുന്നതിന്റെ സമയം കൂടി പരിഗണിക്കണമെന്ന് പറയുകയാണ് പുതിയൊരു പഠനം. വൈകുന്നേരങ്ങളിലാണ് കാപ്പി കുടിക്കുന്നതെങ്കിൽ അത് ഉറക്കം തടസ്സപ്പെടാൻ കാരണമാകുമെന്നാണ് പഠനം പറയുന്നത്.

പോളണ്ടിലെ റോക്ലോ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. തലച്ചോറിന്റെ പ്രവർത്തനം രേഖപ്പെടുത്തുന്ന ഇലക്ട്രോ എൻസെഫലോഗ്രാഫി (EEG) വഴി ഉറക്കത്തിന്റെ ദൈർഘ്യം അല്ലെങ്കിൽ ഉണരുന്ന നിമിഷങ്ങൾ, അതുപോലെ ഉറക്കത്തിന്റെ തന്നെ ഗുണനിലവാരം തുടങ്ങിയവ നിരീക്ഷിച്ചാണ് വിലയിരുത്തലിലെത്തിയത്.

ഒരാൾ ഉറങ്ങുന്നുണ്ടോ എന്ന് മാത്രമല്ല, മസ്തിഷ്കം എങ്ങനെയാണ് ഉറങ്ങുന്നത് എന്ന് മനസ്സിലാക്കാനും EEG സഹായിക്കുമെന്ന് റോക്ലോ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പഠനം തയ്യാറാക്കിയ ഡൊണാറ്റ കുർപസ് പറഞ്ഞു. ന്യൂട്രിയന്റ്സ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കാപ്പി കുടിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന കഫീൻ ഉറക്കം കുറയ്ക്കുകയോ ഉറങ്ങാൻ പ്രയാസമുണ്ടാക്കുകയോ ചെയ്തേക്കാമെന്ന് ഗവേഷകർ കണ്ടെത്തി. ഉറക്കത്തിന്റെ ദൈർഘ്യം സാധാരണമാണെന്ന് തോന്നുമ്പോൾ പോലും അത് അങ്ങനെയായിരിക്കണമെന്നില്ല എന്നും ഗവേഷകർ വ്യക്തമാക്കുന്നു. കഫീൻ ഉപയോഗവും ഉറക്കവുമായി ബന്ധപ്പെട്ട EEG ഫലങ്ങളും സംബന്ധിച്ച മുപ്പത്തിരണ്ട് പഠനങ്ങൾ വിശകലനം ചെയ്താണ് ഈ വിലയിരുത്തലിലെത്തിയത്.

കഫീൻ മനുഷ്യന്റെ ഉറക്കത്തിന്റെ ന്യൂറോഫിസിയോളജിക്കൽ ഘടനയെ സ്ഥിരമായി മാറ്റുകയും ഇത് ഉറക്കത്തിന്റെ ആഴം കുറയാനും ദുർബലപ്പെടാനും കാരണമാകുമെന്നും ഗവേഷകർ പറയുന്നു. എട്ടുമണിക്കൂർ കിടക്കയിൽ ചെലവഴിക്കുകയും ഉറങ്ങുന്നുണ്ടെന്ന് തോന്നുകയും ചെയ്താലും മസ്തിഷ്കത്തിന് പൂർണ വിശ്രമം ലഭിക്കില്ലെന്നാണ് വിലയിരുത്തൽ.

കഫീൻ നല്ലതോ, ചീത്തയോ എന്നല്ല മറിച്ച് അത് ഏതു സമയത്ത് ഉപയോഗിക്കുന്നു, പ്രായം, ജീവിതശൈലി തുടങ്ങിയവയെല്ലാം ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

ആരോഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്

  • പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്‌പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
  • ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.
  • ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
  • ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
  • രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
  • ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും, പൊരിച്ചതും, മസാല ചേർത്ത് അളവിൽ കൂടുതലും, ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
  • തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
  • ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.

Content Highlights: Evening caffeine consumption disrupts neurophysiological sleep structure., EEG studies show brain rest is compromised even if sleep duration feels normal