പാമ്പുകടി മരണമില്ലാത്ത നാടെന്ന സ്വപ്‌നത്തിനായി ശ്രമം, വില്ലനാകുന്നത് മുഴമൂക്കൻ കുഴിമണ്ഡലി

#ജോസഫ് മാത്യു
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പത്തനംതിട്ട: അടുത്ത നാലുവർഷംകൊണ്ട് പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ സംസ്ഥാനം ശ്രമിക്കുമ്പോൾ ഏറ്റവും വില്ലനാകുന്നത് മുഴമൂക്കൻ കുഴിമണ്ഡലി എന്ന ഹമ്പ് നോസ്ഡ് പിറ്റ് വൈപ്പർ. അണലി വിഭാഗത്തിൽപ്പെട്ട ഇത്‌ കടിച്ചാൽ പ്രതിവിഷമില്ല. മറ്റു വിഷപ്പാമ്പുകളെ അപേക്ഷിച്ച് വിഷം കുറവാണെങ്കിലും ഗർഭിണികൾ, കുട്ടികൾ എന്നിവരിൽ ഗുരുതരമാകാം.

നാലുവർഷംകൊണ്ട് ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ മുൻനിർത്തി ആരോഗ്യവകുപ്പ് തയ്യാറാക്കിയ രേഖയിൽ, കുഴിമണ്ഡലിയുടെ അപകടസാധ്യത വിവരിക്കുന്നുണ്ട്.

കേരളത്തിലെ ഒരു മുൻനിര ആശുപത്രിയിൽ നടത്തിയ പഠനമാണ് ചൂണ്ടിക്കാണിക്കുന്നത്. അവിടെ പാമ്പുകടിയേറ്റ് എത്തിയതിൽ പാമ്പിനെ തിരിച്ചറിഞ്ഞ 47.3 ശതമാനം കേസുകളിൽ 15.4 ശതമാനം മുഴമൂക്കൻ കുഴിമണ്ഡലി കടിച്ചതായിരുന്നു. അണലി (23.1 ശതമാനം), മൂർഖൻ(5.5), ശംഖുവരയൻ അഥവാ വെള്ളിക്കട്ടൻ(3.3) എന്നിങ്ങനെയാണ് ബാക്കി. കേരളത്തിൽ 'ബിഗ് ഫോർ' എന്നറിയപ്പെടുന്ന അണലി, മൂർഖൻ, ശംഖുവരയൻ, ചുരുട്ട മണ്ഡലി എന്നിവയ്‌ക്കൊപ്പം മുഴമൂക്കൻ കുഴിമണ്ഡലി ഇല്ല.

ഇന്ത്യയിൽ പാമ്പിന് പ്രതിവിഷമുള്ളതും പ്രധാനമായും ബിഗ് ഫോറിനാണ്. ഇത് മുഴമൂക്കന്റെ വിഷത്തിന് ഫലപ്രദമല്ല. ഈ പ്രതിവിഷം ഉപയോഗിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യാം. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. ഡയാലിസിസും വേണ്ടിവരാം.

മുകളിലേക്കുവളഞ്ഞ മൂക്കുള്ളതുകൊണ്ടാണ് ഇതിനെ മുഴമൂക്കൻ എന്നു വിളിക്കുന്നത്. ഈർപ്പമുള്ള പച്ചക്കാടുകൾ, അതിനോടു ചേർന്നുള്ള പ്രദേശങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിൽ ഇവയെ കാണാം. വലുപ്പം വളരെ കുറവാണ്. അതുകാരണം പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല.

ഇന്ത്യയിൽ 2000 മുതൽ 2019 വരെ 12 ലക്ഷം പേർ പാമ്പുകടിയേറ്റ് മരിച്ചതായി ആരോഗ്യവകുപ്പിന്റെ രേഖ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Kerala aims for zero snakebite deaths by 2026., Hump-Nosed Pit Viper is not covered by the standard 'Big Four' antivenom., The species is common in moist, green environments and plantations.