സംസ്ഥാനത്ത് ജനുവരിയിൽമാത്രം വീട്ടിൽ പ്രസവിച്ചവർ 14, മരണം 3; ഒരുവർഷത്തിനിടെ മരിച്ചത് 9 നവജാതശിശുക്കൾ

#സുജിത്ത് ബാലകൃഷ്ണൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

വൈക്കം: വീട്ടിലെ പ്രസവം നിരുത്സാഹപ്പെടുത്താൻ സർക്കാർ മാർഗരേഖ പുറപ്പെടുവിക്കണമെന്ന ആവശ്യം ഇനിയും നടപ്പാക്കാതെ ആരോഗ്യവകുപ്പ്. കഴിഞ്ഞദിവസം കടുത്തുരുത്തിയിൽ വീട്ടിലെ പ്രസവത്തിൽ നവജാതശിശു മരിച്ചതോടെ, ഒരിക്കൽക്കൂടി ഈ വിഷയം ചർച്ചയാകുന്നു.

2026 ജനുവരിയിൽമാത്രം സംസ്ഥാനത്ത് 14 വീട്ടുപ്രസവം നടന്നതായും അതിൽ മൂന്ന്‌ നവജാതശിശുക്കൾ മരിച്ചതായും, ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന് ആരോഗ്യവകുപ്പ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. 2025 ജനുവരിമുതൽ 2026 ജനുവരിവരെ 202 വീട്ടുപ്രസവം സംസ്ഥാനത്ത് റിപ്പോർട്ടുചെയ്തു. അതിൽ ഒൻപത് നവജാതശിശുക്കൾ മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

കടുത്തുരുത്തി വെള്ളാശ്ശേരി തത്തപ്പള്ളി ആലുമേൽ അനീഷിന്റെ ഭാര്യ കാർത്തിക (36) ശനിയാഴ്ച വീട്ടിൽ പ്രസവിച്ചു. കുഞ്ഞ് പുറത്തുവന്നയുടൻ മരിച്ചു. കാർത്തികയെ ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിലെ പ്രസവം ഒഴിവാക്കാൻ സർക്കാർ മാർഗരേഖ ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന സാമൂഹികപ്രവർത്തക ഡോ. കെ. പ്രതിഭ ഇക്കാര്യത്തിൽ അന്വേഷണമാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.

വീട്ടിലെ പ്രസവം നിരുത്സാഹപ്പെടുത്താൻ ബോധവത്കരണപരിപാടികൾക്ക് കഴിഞ്ഞവർഷം തദ്ദേശഭരണവകുപ്പ് സർക്കുലർ പുറപ്പെടുവിച്ചതാണ്. വീട്ടിലെ പ്രസവം അമ്മയ്ക്കും കുഞ്ഞിനും അപകടമാണെന്നതിനാൽ, പ്രസവം ആരോഗ്യസ്ഥാപനങ്ങളിൽ ഉറപ്പാക്കണമെന്ന് ഡോ. കെ. പ്രതിഭ, ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കുലർ. മലപ്പുറം താനൂർ ഗവ. താലൂക്ക് ആശുപത്രിയിലെ അസി. സർജനാണ് ഡോ. പ്രതിഭ.

ഗർഭസ്ഥകാലത്ത് ആരോഗ്യസ്ഥാപനങ്ങളോട് സഹകരിക്കാത്തവരെയും, പ്രസവത്തിനായി ഇത്തരം സ്ഥാപനങ്ങളെ സമീപിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്തി ആരോഗ്യവകുപ്പിൽ റിപ്പോർട്ടുചെയ്ത് തുടർനടപടി സ്വീകരിപ്പിക്കുന്നതിൽ പലപ്പോഴും വീഴ്ചവരുന്നു. വീട്ടിലെ പ്രസവത്തിൽ അപായം സംഭവിച്ചാൽ, മനഃപൂർവമുള്ള നരഹത്യയ്ക്കുള്ള വകുപ്പുചേർത്ത് കേസെടുക്കണമെന്നും ഡോ. കെ. പ്രതിഭ അഭിപ്രായപ്പെടുന്നു.

Content Highlights: 14 home births and 3 infant deaths reported in January 2026 alone., 202 home births and 9 infant deaths recorded between 2025 and 2026., Medical experts demand strict government guidelines to prevent home births.