മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ അപകടം, വൃക്കകൾ തകരാറിലായേക്കും

#Health Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുറത്തിറങ്ങിയാൽ പിന്നെ തിരിച്ച് വീട്ടിലെത്തിയാൽ മാത്രം ശുചിമുറി ഉപയോഗിക്കുന്നവർ നമുക്കിടയിലുണ്ട്. മീറ്റിങ്ങ് തിരക്കുകളോ യാത്രയ്ക്കിടയിൽ വൃത്തിയുള്ള ശുചിമുറി കണ്ടെത്താനാകാത്തതുകൊണ്ടോ മൂത്രശങ്കയുണ്ടായാലും പിടിച്ചുവയ്ക്കുന്നുവരുമുണ്ട്. എന്നാൽ, ഇത് പതിവാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതിനും മൂത്രനാളിയുടേയും വൃക്കകളുടേയും ആരോഗ്യം നിലനിർത്തുന്നതിനും കൃത്യസമയത്ത് മൂത്രം ഒഴിക്കേണ്ടത് പ്രധാനമാണ്.

ഒരു മസ്കുലാർ സാക്കിന്റെ(Muscular Sac) രൂപത്തിലുള്ളതാണ് മൂത്രസഞ്ചി. ഇത് നിറയുന്നതിനനുസരിച്ച് സ്ട്രെച്ച് റിസപ്റ്ററുകൾ മസ്തിഷ്കത്തിലേക്ക് സിഗ്നലുകൾ അയക്കുന്നു. സാധാരണ 400-500 മില്ലി മൂത്രം ഉൾക്കൊള്ളാൻ കഴിയും. എന്നാൽ, ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ മൂത്രസഞ്ചിയിൽ മൂത്രം സംഭരിച്ച് വെക്കാൻ സാധിക്കൂ. പ്രായപൂർത്തിയായവർ വളരെക്കുറച്ച് നേരം മൂത്രം പിടിച്ചുനിർത്തുന്നത് വലിയ ദോഷം ചെയ്തോണമെന്നില്ല. എന്നാൽ, പതിവായി മൂത്രമൊഴിക്കുന്നത് വൈകിക്കുന്നത് മൂത്രസഞ്ചി അമിതമായി വലിയുന്നതിന് കാരണമായേക്കും. ഇത് ഒരുപക്ഷേ ഗുരുതര പ്രശ്നങ്ങൾക്കും വഴിവെച്ചേക്കാം.

മൂത്രാശയ അണുബാധ

ദീർഘനേരം മൂത്രസഞ്ചിയിൽ മൂത്രം പിടിച്ചുനിർത്തുന്നത് മൂത്രം കെട്ടിനിൽക്കാനും ബാക്ടീരിയകൾക്ക് പെരുകാനുമുള്ള സാഹചര്യമുണ്ടാക്കുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കിൽ, ഈ അണുബാധ വൃക്കകളിലേക്ക് വ്യാപിക്കുകയും ഗുരുതരമായ വൃക്കരോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്തേക്കാം.

മൂത്രസഞ്ചി അമിതമായി വലിയും

അമിതമായി നിറയുന്നത് മൂത്രസഞ്ചി വലിഞ്ഞുനിവരാൻ കാരണമാകുന്നു. ഇത് മൂത്രസഞ്ചി ശരിയായി ചുരുങ്ങാനും പൂർണ്ണമായും മൂത്രം പുറന്തള്ളാനുള്ള പ്രക്രിയയെ ബാധിക്കുന്നു. ഇത് മൂത്രം കെട്ടിക്കിടക്കുകയോ, അറിയാതെ പോകുകയോ ചെയ്യുന്ന പ്രശ്നങ്ങൾക്ക് കാരണമാകും. മൂത്രസഞ്ചി അമിതമായി ദുർബലമാകുന്ന സാഹചര്യങ്ങളിൽ ഒരു ട്യൂബ് കടത്തി മൂത്രം പുറത്തുകളയുന്ന കത്തീറ്ററൈസേഷൻ എന്ന ചികിത്സ ആവശ്യമായി വന്നേക്കാം.

വേദന

സാധാരണയായി ഒരു മൂത്രസഞ്ചിയുടെ ശേഷി 300 മുതൽ 500 മില്ലി വരെയാണ്. ഇതിൽ കൂടുതൽ മൂത്രം നിലനിർത്തുന്നത് അടിവയറ്റിൽ വേദനയ്ക്ക് കാരണമാകും.

മൂത്രസഞ്ചിയിലെ കല്ലുകൾ

ദീർഘനേരം മൂത്രം കെട്ടിക്കിടക്കുന്നത് മൂലം മൂത്രത്തിലെ ധാതുക്കൾ അടിഞ്ഞുകൂടി ക്രിസ്റ്റലുകളായി രൂപപ്പെടാം. ഇത് കാലക്രമേണ കല്ലുകളായി മാറിയേക്കും

വൃക്കകൾക്കും തകരാറ്

ദീർഘകാലം ഈ പ്രശ്നം അവഗണിക്കുന്നത് വൃക്കകളെ ബാധിക്കും. മൂത്രസഞ്ചി ശരിയായി കാലിയാവാത്തത് മൂത്രം നിരന്തരം വൃക്കകളിലേക്ക് തിരികെ കയറുന്നതിന് കാരണമാകും. ഇത് വൃക്കകളെ സാരമായി ബാധിക്കും.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Discover the hidden health risks of holding your urine. Learn why your body urges you to pee and what happens when you ignore it. Protect your urinary and kidney health.