വിവാഹത്തിനുമുമ്പ് എച്ച്.ഐ.വി. പരിശോധന നിർബന്ധമാക്കണോ? മെഡിക്കൽ ഹിസ്റ്ററി കൈമാറണോ?

പത്തനംതിട്ട: വിവാഹത്തിന് എച്ച്.ഐ.വി. പരിശോധന നിർബന്ധമാക്കണമെന്ന മാർത്തോമ്മാസഭ വൈദിക ട്രസ്റ്റി റവ. ഡോ.കെ.തോമസ് പറഞ്ഞതിനു പിന്നാലെ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കി കത്തോലിക്കസഭയുടെ നേതൃത്വത്തിലുള്ള പത്രവും. സഭയുടെ ഔദ്യോഗിക നിലപാടല്ലെങ്കിലും ഇതു പുതിയ ചർച്ചകൾക്കു തുടക്കമിടും. എയ്ഡ്‌സ് ഒളിപ്പിച്ചുവെച്ച് വിവാഹിതരായി പങ്കാളിയെയും മക്കളെയും രോഗികളാക്കുന്നത് സ്വകാര്യതയല്ല, ചതിയാണെന്ന് പത്രത്തിന്റെ ശനിയാഴ്ചത്തെ മുഖപ്രസംഗം പറയുന്നു.
റവ.തോമസ് പറഞ്ഞത് പോസിറ്റീവായ രീതിയിലല്ലെങ്കിലും നിർദേശം സ്വീകാര്യമാണെന്ന് പ്രമുഖ ന്യൂറോ സർജനും എഴുത്തുകാരനുമായ ഡോ.മനോജ് വെള്ളനാട് സാമൂഹികമാധ്യമത്തിൽ കുറിച്ചു. കല്യാണത്തിനുമുമ്പ് പങ്കാളികൾ പരസ്പരം മെഡിക്കൽ ഹിസ്റ്ററി കൈമാറുന്നത് നല്ലതാണെന്നും അദ്ദേഹം നിർദേശിക്കുന്നു. പരസ്പരവിശ്വാസത്തോടെയും മറ്റാർക്കും കൈമാറില്ലെന്ന ധാരണയോടെയും ഇതുചെയ്യുന്നതാണ് നല്ലത്. എന്തെങ്കിലും രോഗത്തിനു മരുന്നു കഴിക്കുന്നവരാണെങ്കിൽ അതു പരസ്പരം അറിഞ്ഞിരിക്കണം. തുറന്നുപറഞ്ഞതിനുശേഷം ആ ബന്ധം വേണ്ടെന്നുവെക്കുകയാണെങ്കിൽ പങ്കുവെച്ച വിവരങ്ങൾ രണ്ടാളും രഹസ്യമായി സൂക്ഷിക്കണം-ഡോക്ടർ അഭിപ്രായപ്പെടുന്നു.
വിവാഹിതരാകുന്നവർക്ക് എയ്ഡ്‌സ് സർട്ടിഫിക്കറ്റ് അഥവാ എച്ച്.ഐ.വി. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ ആർക്കാണു കുഴപ്പമെന്ന് കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള പത്രം ചോദിക്കുന്നു. പല രാജ്യങ്ങളിലും ഇതു നടപ്പായി. കേരളം കാപട്യം വെടിയണമെന്ന് പത്രം നിർദേശിക്കുന്നു.
ഇന്ത്യയിൽ വ്യക്തിയുടെ സമ്മതമില്ലാതെ എച്ച്.ഐ.വി. പരിശോധന നടത്താൻ നിയമം അനുവദിക്കുന്നില്ല. ഏതെങ്കിലും സമൂഹമോ സഭയോ നിർബന്ധമാക്കിയാൽ നടപ്പാക്കേണ്ടിവരും. അത് എതിർപ്പിനും നിയമപ്രശ്നങ്ങൾക്കും കാരണമാകാം. അതിനാൽ കരുതലോടെയാകും എല്ലാവരുടെയും പ്രതികരണം.
ഔദ്യോഗിക നിലപാടല്ല
പത്രത്തിൽ വന്നത് സഭയുടെ ഔദ്യോഗിക നിലപാടല്ല. അവരുടെ എഡിറ്റോറിയൽ നയത്തിൽ ഇടപെടാറില്ല. എച്ച്.ഐ.വി. വിഷയത്തിൽ വിശദമായി പഠിച്ചതിനുശേഷമേ പ്രതികരിക്കാൻ കഴിയൂ.
-ഫാ.ടോം ഓലിക്കരോട്ട്, സിറോ മലബാർ സഭ പി.ആർ.ഒ.
എച്ച്.ഐ.വി. കേസുകൾ കൂടുന്നു
ഓരോ സാമ്പത്തികവർഷവും എച്ച്.ഐ.വി. പോസിറ്റീവ് കേസുകൾ കൂടുന്നതായി കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2024-25 വർഷംമാത്രം അൽപ്പം കുറവുണ്ടായി.
വർഷം കേസുകളുടെ എണ്ണം((2026 ജനുവരിവരെയുള്ള കണക്ക്)
- 2020-21 787
- 2021-22 921
- 2022-23 1183
- 2023-24 1263
- 2024-25 1213
Content Highlights: Kerala considers mandatory hiv testing for marriage, raising health and privacy concerns, as hiv and aids cases continue to rise in the region.