മറ്റ് ഒമിക്രോൺ വകഭേദങ്ങളെപ്പോലെയല്ല, തീവ്രവ്യാപനശേഷി; XBB.1.5 വകഭേദത്തെക്കുറിച്ച് ഗവേഷകർ

Representative Image| Photo: ANI
Representative Image| Photo: ANI

ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന് കാരണക്കാരനായ ബി.എഫ്.7എന്ന പുതിയ വകഭേദത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദ്രുത​ഗതിയിൽ പടരാൻ ശേഷിയുള്ള ബി.എഫ്.7 ആശങ്കപ്പെടുത്തുന്ന വകഭേദമാണ് എന്ന് വിദ​ഗ്ധരും പറയുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ അതിനേയും കടത്തിവെട്ടുന്ന മറ്റൊരു വകഭേദമാണ് വാർത്തകളിൽ നിറയുന്നത്. അമേരിക്കയിലെ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമായി ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്ന XBB.1.5 വകഭേദമാണത്. 

അമേരിക്കയിലെ കോവി‍ഡ് കേസുകളിൽ 41 ശതമാനവും ഈ  വകഭേദം മൂലമാണെന്നാണ് ​സി.ഡി.സി.പി.(Centers for Disease Control and Prevention) പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ഓരോ ആഴ്ച്ചയിലും ഈ വകഭേദം മൂലമുള്ള രോ​ഗികളുടെ എണ്ണം ഇരട്ടിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി തവണ പരിവർത്തനം സംഭവിച്ചിട്ടുള്ള ഈ വകഭേദത്തെ കഴിഞ്ഞ കുറച്ചുമാസങ്ങളായി ആരോ​ഗ്യപ്രവർത്തകരും ​ഗവേഷകരും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിനുകളെയും ഒമിക്രോൺ ബൂസ്റ്ററിനെയും പോലും അതിജീവിക്കാൻ പ്രാപ്തമായവ ആണ് പുതിയ വകഭേദം എന്നും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിൽ ഓ​ഗസ്റ്റ് ഒന്നിനാണ് XBB ആദ്യമായി റിപ്പോർട്ട് ചെയ്തത്. സിം​ഗപ്പൂരിലും ഈ വകഭേദം പടരുകയുണ്ടായി. തുടർന്ന് ഈ വകഭേദത്തിൽ നിന്ന് പരിവർത്തനം സംഭവിച്ചാണ് XBB.1-ഉം പിന്നീട് XBB.1.5- ഉം ഉണ്ടായത്. XBB പോലുള്ള വകഭേദങ്ങൾ കൂടിവരുന്നത് കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും വീണ്ടും വൈറസ് പടരുന്നതിനും ഇടയാക്കുമെന്ന് കൊളംബിയ സർവകലാശാലയിലെ ​ഗവേഷകർ ഈ മാസമാദ്യം നടത്തിയ പഠനത്തിൽ പറഞ്ഞു. 

പ്രതിരോധശേഷി കുറഞ്ഞവർ കോവിഡിനെ പ്രതിരോധിക്കാനായി ആശ്രയിച്ച Evusheld എന്ന ആന്റിബോഡി കോക്ക്ടെയിലിനെ പോലും അതിജീവിക്കാൻ XBB ഉപവകഭേദങ്ങൾക്ക് ശേഷിയുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. രോ​ഗം വന്നുപോയതിൽ നിന്നും വാക്സിനേഷനിൽ നിന്നുമൊക്കെ ലഭിച്ച ആന്റിബോഡികളെ പ്രതിരോധിക്കാനുള്ള ശേഷി  XBB ഉപവകഭേദങ്ങൾക്ക് ഉണ്ട് എന്നതാണ് ആശങ്കപ്പെടുത്തുന്നതാണ് എന്നാണ് വിദ​ഗ്ധർ പറയുന്നത്. അതിൽ തന്നെയും XBB.1.5 വകഭേദത്തെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന് വൈറോളജിസ്റ്റായ എറിക് ഫീ​ഗൽ ഡിങ് പറയുന്നു.

BQ1 വകഭേദത്തെ അപേക്ഷിച്ച് 108 ശതമാനത്തോളം വേ​ഗത്തിൽ വ്യാപിക്കുന്ന വകഭേദമാണ് XBB.1.5 എന്നാണ് കണക്കുകൾ പറയുന്നത്. ഒക്ടോബറിൽ ന്യൂയോർക്കിൽ വ്യാപനം ആരംഭിച്ച ഈ വകഭേദം ഇപ്പോഴും പടർന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യകോശങ്ങളെ കടന്നാക്രമിക്കാൻ ശേഷിയുള്ള വകഭേദം എന്നതും രോ​ഗം ബാധിച്ചവരിലേറെ പേരെയും ആശുപത്രിവാസത്തിലേക്ക് നയിക്കുന്നു എന്നതും ഈ വകഭേദത്തിന്റെ പ്രത്യേകതയാണ്.

XBB15 വകഭേദത്തെ മറ്റ് ഒമിക്രോൺ വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന 4 പ്രധാന ഘടകങ്ങൾ

  • ഇന്നുവരെ കണ്ടതിൽ വച്ച് പ്രതിരോധശേഷിയെ തകർക്കുന്ന പ്രധാന വകഭേദങ്ങളിലൊന്ന്
  • മനുഷ്യകോശങ്ങളിൽ പ്രവേശിക്കാനും ആക്രമിക്കാനും ശേഷിയുള്ള വകഭേദം
  • മുമ്പത്തെ  XBB, BQ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷി
  • രോ​ഗവ്യാപനമുള്ളയിടങ്ങളിൽ ആശുപത്രിവാസങ്ങൾക്ക് ഇടയാക്കുന്നു

സാധാരണ ഒമിക്രോൺ വകഭേദം അല്ല ഇതെന്നും കരുതലോടെ പുതിയ വകഭേ​ദത്തെ സമീപിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുകയാണ് ​ഗവേഷകർ.  

Content Highlights: highly immune evasive omicron XBB.1.5 variant is quickly becoming dominant