പത്തിൽ ഒമ്പതുപേർക്കും കൊളസ്ട്രോൾ, നിസ്സാരമാക്കിയാൽ ഹൃദയാഘാതവും പക്ഷാഘാതവും അരികെ; ശ്രദ്ധിക്കേണ്ടത്

ഇന്ത്യയിൽ പ്രായപൂർത്തിയായ പത്തിൽ ഒമ്പതുപേരിലും കൊളസ്ട്രോൾ നില കൂടുതലെന്ന് പഠനം. ഇത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു. ഐസിഎംആർ നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ ഭൂരിഭാഗം മുതിർന്നവരുടെയും രക്തത്തിൽ കൊളസ്ട്രോളിന്റെയും കൊഴുപ്പിന്റെയും അളവു കൂടുതലാണെന്നു കണ്ടെത്തിയത്.
ജേണൽ ഓഫ് ക്ലിനിക്കൽ ലിപിഡോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ICMR-INDIAB പഠനത്തിന്റെ ഭാഗമായി 23,665 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ 87.3 ശതമാനം പേർക്കും കൊളസ്ട്രോൾ അല്ലെങ്കിൽ ട്രൈഗ്ലിസറൈഡ് നില കൂടിയ ഡിസ്‌ലിപിഡെമിയ എന്ന അവസ്ഥയുണ്ടെന്നു കണ്ടെത്തിയത്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിലും സ്ത്രീകളിലും ഇത് കൂടുതലാണെന്നും പഠനം പറയുന്നു. അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉള്ളവരിൽ ഡിസ്‌ലിപിഡെമിയ സാധാരണമായി കാണുന്നുവെന്നും പഠനം പറയുന്നു.
നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎല്ലിന്റെ( ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) അളവു കുറയുന്നതാണ് ഡിസ്‌ലിപിഡെമിയയുടെ പ്രധാന കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. പഠനത്തിന്റെ ഭാഗമായ 66.8% പേരിൽ എച്ച്ഡിഎൽ കൊളസ്ട്രോൾ കുറവായിരുന്നുവെന്നു കണ്ടെത്തി. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ, ഉയർന്ന ട്രൈഗ്ലിസറൈഡ് തുടങ്ങിയവ കൂടുതലുമായിരുന്നു. വ്യായാമം ചെയ്യാതിരിക്കൽ, ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയവയാണ് ഡിസ്‌ലിപിഡെമിയയുടെ സാധ്യത കൂട്ടുന്ന ഘടകങ്ങൾ.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമല്ലാത്തപ്പോഴും വണ്ണം കൂടുമ്പോഴും രക്തസമ്മർദ്ദം കൂടുമ്പോഴും കൊളസ്ട്രോൾ പ്രശ്നങ്ങൾ സാധാരണമാകുന്നുവെന്ന് ഗവേഷകർ വിലയിരുത്തുന്നു. എന്നാൽ ഇവയൊന്നുമില്ലാത്ത 40 ശതമാനംപേരിലും ഡിസ്‌ലിപിഡെമിയ ഉണ്ടായിരുന്നുവെന്ന് ഗവേഷകർ കണ്ടെത്തി,
ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ ഡിസ്‌ലിപിഡെമിയ വ്യാപകമാണെന്നും ഇക്കൂട്ടർ കൊളസ്ട്രോൾ നില നിരന്തരം നിരീക്ഷിക്കണമെന്നും ഗവേഷകർ പറയുന്നു. ഇതിലൂടെ രാജ്യത്തെ യുവാക്കളെ ഹൃദ്രോഗങ്ങളിൽ നിന്നും പക്ഷാഘാതങ്ങളിൽ നിന്നും സംരക്ഷിക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
കൊളസ്ട്രോൾ നില ഉയരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കു നയിക്കാതിരിക്കാൻ കൊളസ്ട്രോൾ നില പതിവായി പരിശോധിച്ച് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതു പ്രധാനമാണ്.
കൊളസ്ട്രോൾ പ്രതിരോധം; ശ്രദ്ധിക്കേണ്ടത്
പണ്ടുകാലത്തേതുപോലെ പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നല്ല ഉയർന്ന കൊളസ്ട്രോൾ. മെലിഞ്ഞവർക്കും ഉയർന്ന കൊളസ്ട്രോൾ വരാം. വ്യായാമം ചെയ്യുന്നവരിൽ ഭക്ഷണക്രമം ശരിയല്ലെങ്കിലും ശ്രദ്ധവേണം. സമ്മർദ്ദം, ഉറക്കം, പുകവലി എന്നിവയും ശ്രദ്ധിക്കണം.
കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കുക
കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതിനുള്ള ആദ്യപടി കൊഴുപ്പുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുന്നതാണ്. എന്നാൽ, എല്ലാ കൊഴുപ്പും ശരീരത്തിനെ സംബന്ധിച്ച് മോശമല്ല.റെഡ് മീറ്റ്, വെണ്ണ, നെയ്യ്, ക്രീം, കൊഴുപ്പ് നിറഞ്ഞ ചീസ് എന്നിവയിൽ സാധാരണയായി കാണുന്ന പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാം. അതിനാൽ, എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അപൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കാം. സാൽമൺ, അയല പോലുള്ള മത്സ്യങ്ങളും ഒലിവ് ഓയിൽ, നട്സ്, വിത്തുകൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വ്യായാമം
ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ വ്യായാമം ചെയ്യേണ്ടത് നിർബന്ധമാണ്. സ്ഥിരമായ വ്യായാമം കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തും. മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങൾക്ക് വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കും.
മദ്യപാനവും പുകവലിയും ഒഴിവാക്കാം
കൊളസ്ട്രോൾ നില ഉയർത്തുന്നതിനും ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾക്കും പുകവലി കാരണമാകും. എത്രയും പെട്ടെന്ന് പുകവലി നിർത്തുന്നുവോ അത്രയും വേഗം ആരോഗ്യം മെച്ചപ്പെടും. അതുപോലെ, അമിതമായ മദ്യപാനം ശരീരത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് വർധിപ്പിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് മദ്യപാനം കുറയ്ക്കാനോ അല്ലെങ്കിൽ പൂർണമായി ഒഴിവാക്കാനോ ശ്രമിക്കുക.
കൊളസ്ട്രോളിന്റെ ചില ലക്ഷണങ്ങൾ
1. കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞനിറമുള്ള മുഴകൾ
കൺപോളകളിൽ ചെറുതും മൃദലവും മഞ്ഞനിറമുള്ളതുമായ മുഴകളുണ്ടെങ്കിൽ ശ്രദ്ധവേണം. സാന്തലാസ്മ(Xanthelasma) എന്നാണ് ഇവയെ പറയുക. ചർമത്തിന് താഴെ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമാണിത്. പലപ്പോഴും വലിയ ശ്രദ്ധ കൊടുക്കാതിരിക്കുന്ന ഈ വിഷയം ശരീരത്തിൽ കൊളസ്‌ട്രോൾ കൂടുതലാണെന്നും ഹൃദയത്തിന്റെ ആരോഗ്യം അപകടത്തിലാണ് എന്നതിന്റേയും സൂചനയാണ്. പലപ്പോഴും, സൗന്ദര്യപരമായ ഒരു പ്രശ്നം മാത്രമാണ് ഇതെന്ന് പല സ്ത്രീകളും കരുതുന്നു.
2. ക്ഷീണം
നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം തോന്നുന്നത് കൊളസ്‌ട്രോൾ ധമനികളെ ബാധിച്ചത് മൂലമാകാം. രക്തത്തിന്റേയും ഓക്സിജന്റേയും ഒഴുക്ക് കുറയുന്നത് നിങ്ങളെ വല്ലാതെ ക്ഷീണതരാക്കും. എന്നാൽ, തിരക്ക് നിറഞ്ഞ സമയക്രമോ സമ്മർദമോ ആയിരിക്കാം ഈ ക്ഷീണത്തിന്റെ കാര്യമെന്ന് പലരും കരുതുന്നു.
3. ശ്വാസംമുട്ടൽ
പടികൾ കയറുമ്പോഴോ ചെറിയ ജോലികൾ ചെയ്യുമ്പോഴോ ശ്വാസം കിട്ടാതെ വരുന്നത് കൊളസ്ട്രോളിന്റെ സൂചനയാകാം. ഇത് ധമനികൾ ചുരുങ്ങിയതിനാൽ ഹൃദയത്തിന്റെ ആരോഗ്യം പ്രശ്നത്തിലാണെന്ന് വ്യക്തമാക്കുന്നു. പലപ്പോഴും ഉത്കണ്ഠയോ ശാരീരികക്ഷമത കുറവോ ആണെന്ന് സ്ത്രീകൾ തെറ്റിദ്ധരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യും.
4. കൈകളിലും കാലുകളിലും തണുപ്പോ മരവിപ്പോ അനുഭവപ്പെടുക
ചൂടുള്ള കാലാവസ്ഥയിൽ പോലും കൈകളും കാലുകളും തണുക്കുകയോ മരവിക്കുകയോ ചെയ്യുന്നെങ്കിൽ ശ്രദ്ധവേണം. കൊളസ്ട്രോൾ അടിഞ്ഞുകൂടി രക്തയോട്ടത്തിലുണ്ടാകുന്ന കുറവാകാം ഇതിന് കാരണം.
5. ചർമത്തിലുണ്ടാകുന്ന മാറ്റങ്ങൾ
കണ്ണുകൾക്ക് ചുറ്റുമുള്ള മുഴകൾ കൂടാതെ, കൈകൾ, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിൽ കാണുന്ന മഞ്ഞനിറത്തിലുള്ള പാടുകൾ കൊളസ്ട്രോളിൻ്റെ സൂചനയാകാം.
6. താടിയെല്ല്, കഴുത്ത്, നടുവിന് മുകളിൽ എന്നിവിടങ്ങളിൽ വേദന
താടിയെല്ല്, കഴുത്ത്, നടുവിന് മുകളിൽ എന്നിവിടങ്ങളിൽ വേദനയുണ്ടെങ്കിൽ ശ്രദ്ധവേണം. പ്രത്യേകിച്ച്, നെഞ്ചിലെ അസ്വസ്ഥയും ഇതിനോടപ്പമുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണണം. പേശിവേദനയായോ ദഹനപ്രശ്നമായോ ഇത് അവഗണിക്കാനുള്ള സാധ്യത കൂടുതലാണ്.
Content Highlights: 87.3% of Indian adults suffer from dyslipidemia according to the ICMR-INDIAB study., Low HDL (good cholesterol) is the primary driver of cardiovascular risk., Common symptoms include Xanthelasma, persistent fatigue, and unexplained shortness of breath.