കോവിഡനന്തരം പല രോഗ ലക്ഷണങ്ങളിലും മാറ്റം; ഹെപ്പറ്റൈറ്റിസ് എ പഴയതുപോലല്ല, മഞ്ഞപ്പിത്തം തീവ്രമാവുന്നു

കണ്ണൂർ: ഹെപ്പറ്റൈറ്റിസ് എ വൈറസ് കാരണമുള്ള മഞ്ഞപ്പിത്തം കേരളത്തിൽ വ്യാപകം. സംസ്ഥാനത്ത് ഈ വർഷം 17,865 പേർക്ക് രോഗം ബാധിച്ചു. മുൻപൊക്കെ വലിയ ആരോഗ്യഭീഷണിയല്ലാതിരുന്ന ഹെപ്പറ്റൈറ്റിസ് എ ഇപ്പോൾ തീവ്രസ്വഭാവം കാണിക്കുകയാണ്. രോഗം ബാധിച്ച് ഈ വർഷം 82 പേർ മരിച്ചു.
കരൾ ഉൾപ്പെടെയുള്ള ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നതാണ് കാരണം. കുടിക്കുന്ന വെള്ളത്തിന് കുഴപ്പമുണ്ട് എന്നാണ് മഞ്ഞപ്പിത്തം സൂചിപ്പിക്കുന്നത്. ഒപ്പം ശുചിത്വക്കുറവും.
എന്തുകൊണ്ട് തീവ്രത
കോവിഡനന്തരം പല രോഗങ്ങളും ശരീരത്തിലുണ്ടാക്കുന്ന ലക്ഷണങ്ങളിൽ മാറ്റം കാണിക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് എ വൈറസിനെ തുരത്താൻ ശരീരത്തിന്റെ പ്രതിരോധസംവിധാനം അമിതമായി പ്രതികരിക്കുന്നുണ്ടോ എന്ന് സംശയിക്കണം. പൊതുവേ കരളിന്റെ ആരോഗ്യക്കുറവും കാരണമാവുന്നുണ്ടാവാമെന്ന് എറണാകുളം കിൻഡർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഹെപ്പറ്റോളജിസ്റ്റ് ഹരികുമാർ ആർ. നായർ പറയുന്നു. ഹെപ്പറ്റൈറ്റിസ് എ തടയാൻ സുരക്ഷിതവും ഫലപ്രദവുമായ വാക്സിൻ ലഭ്യമാണ്.
വൈറസിനോട് നോ പറയാം
മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. മലത്തിലൂടെ പുറത്തുവരുന്ന വൈറസ് വെള്ളത്തിൽ കലർന്നാൽ മാസങ്ങളോളം അവിടെ തുടരും. വെള്ളം തിളപ്പിക്കാതെയോ ക്ലോറിൻ ചേർക്കാതെയോ ശുദ്ധീകരിക്കാതെയോ നേരിട്ട് ഉപയോഗിച്ചാൽ വൈറസ് അകത്തെത്തും.
ശ്രദ്ധിക്കാം, മൂന്നുകാര്യങ്ങൾ
- തിളപ്പിച്ചാറിയ വെള്ളംമാത്രമേ കുടിക്കാവൂ. ജ്യൂസും മറ്റും തയ്യാറാക്കുന്നതിനും ഇത്തരം വെള്ളമേ ഉപയോഗിക്കാവൂ.
- മലവിസർജനശേഷം സോപ്പുപയോഗിച്ച് കൈകാലുകൾ വൃത്തിയായി കഴുകണം. ശൗചാലയം അണുനാശിനി ഉപയോഗിച്ച് വൃത്തിയായി കഴുകി സൂക്ഷിക്കുക.
- മഞ്ഞപ്പിത്തം സ്ഥിരീകരിച്ചാൽ മറ്റുള്ളവരിൽനിന്ന് മൂന്നാഴ്ച അകന്നുനിൽക്കുക.
Content Highlights: Hepatitis A Steps to Prevent Spreading Infection