ഹാര്‍ട്ട് ഫെയിലര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആരംഭിച്ചു

കൊച്ചി: ഹാര്‍ട്ട് ഫെയിലര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എച്ച്.എഫ്.എ.ഐ.-2025) 11-ാമത് ദേശീയ സമ്മേളനം ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ ആരംഭിച്ചു. ഹാര്‍ട്ട് ഫെയിലര്‍ രോഗങ്ങളുടെ നിര്‍ണയത്തിലും ചികിത്സയിലുമുള്ള ശാസ്ത്ര പുരോഗതികളും നൂതന രീതികളും ചര്‍ച്ച ചെയ്യുന്നതാണ് സമ്മേളനം.
ഹാര്‍ട്ട് ഫെയിലര്‍ സൊസൈറ്റി ഓഫ് അമേരിക്ക, യൂറോപ്യന്‍ സൊസൈറ്റി ഓഫ് ഹാര്‍ട്ട് ഫെയിലര്‍, ഏഷ്യന്‍ ഹാര്‍ട്ട് സൊസൈറ്റി, സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയിലര്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്‍, ജെസിവിഎ എന്നീ സംഘാനകളുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ നിയുക്ത പ്രസിഡന്റ് ഡോ. ഡി. പ്രഭാകര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹാര്‍ട്ട് ഫെയിലര്‍ വ്യാപനത്തിലുണ്ടായ
വര്‍ധന പരിഗണിച്ച് ഈ അവസ്ഥയെക്കുറിച്ച് പൊതുജന അവബോധം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
'ഹൃദയസ്തംഭനവും ഹാര്‍ട്ട് ഫെയിലറും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ പൊതുസമൂഹത്തിനുണ്ടാവണം. ഹൃദയസ്തംഭനം ഹൃദയാഘാതംപോലെ പെട്ടെന്ന് വരുന്നതല്ല. രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവ് ദുര്‍ബലമാകുന്നതാണ് ഹാര്‍ട്ട് ഫെയിലര്‍
''ഹൃദയ പേശികള്‍ക്ക് കട്ടി കൂടിയുണ്ടാവുന്ന കാര്‍ഡിയോമയോപ്പതി, ജന്മനായുള്ള ഹൃദ്രോഗം, പ്രമേഹം, രക്താതിമര്‍ദം, പൊണ്ണത്തടി, വൃക്കരോഗങ്ങള്‍, അസാധാരണമായ ഹൃദയതാളം എന്നിവ കാരണം ഹാര്‍ട്ട് ഫെയിലര്‍ സംഭവിക്കാം,'' ഡോ. ഡി. പ്രഭാകര്‍ പറഞ്ഞു. ഹാര്‍ട്ട് ഫെയിലര്‍ വ്യക്തിക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ ചികിത്സാസമീപനങ്ങളും വ്യത്യസ്തമാവും. അതിനാല്‍ 'വ്യക്തിഗത ഹൃദയസ്തംഭന ചികിത്സ' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും ലക്ഷ്യമിട്ട് രാജ്യത്ത് 1000 ഹാര്‍ട്ട് ഫെയിലര്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കേണ്ടതുണ്ടെന്ന് എച്ച്.എഫ്.എ.ഐ. പ്രസിഡന്റ് ഡോ. എബ്രഹാം ഉമ്മന്‍ പറഞ്ഞു. ഹാര്‍ട്ട് ഫെയില്യര്‍ രോഗനിര്‍ണയത്തിലും ചികിത്സയിലും ഡോക്ടര്‍മാരെ സഹായിക്കുന്ന ഒരു ലഘുലേഖ ചടങ്ങില്‍ പുറത്തിറക്കി.
എച്ച്.എഫ്.എ.ഐ. പ്രസിഡന്റ് ഡോ. എബ്രഹാം ഉമ്മന്‍, ഡോ. ഉദയ് എം. ജാദവ് (വൈസ് പ്രസിഡന്റ്), ഡോ. വിജയ്കുമാര്‍ ചോപ്ര (എച്ച്.എഫ്.എ.ഐ. സ്ഥാപകാംഗവും രക്ഷാധികാരിയും), ഡോ. ബഗീരഥ് രഘുരാമന്‍ (സെക്രട്ടറി), ഡോ. ജോര്‍ജ്ജ് കോശി എ. (ഓര്‍ഗനൈസിങ് ചെയര്‍മാന്‍), ഡോ. ജയഗോപാല്‍ പി.ബി. (ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ. എസ്. ഹരികൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടന സെഷനില്‍ സംസാരിച്ചു.
ഹാര്‍ട്ട് ഫെയിലര്‍ രോഗനിര്‍ണയത്തിലും ചികിത്സയിലും പുരോഗതി കൈവരിക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ.ഐ.) പങ്കിനെക്കുറിച്ച് സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചകള്‍ നടന്നു. എ.ഐ. അധിഷ്ഠിത ഇമേജ് വിശകലന ഉപകരണങ്ങള്‍ക്ക് ഹൃദയത്തിലെ ഘടനാപരവും പ്രവര്‍ത്തനപരവുമായ കുഴപ്പങ്ങള്‍ വേഗത്തിലും കൃത്യമായും തിരിച്ചറിയാനും രോഗനിര്‍ണയ കൃത്യത മെച്ചപ്പെടുത്താനും കഴിയുമെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ജയഗോപാല്‍ പി.ബി. പറഞ്ഞു. 'രക്തത്തിലെ ബയോമാര്‍ക്കറുകള്‍, ഇലക്ട്രോകാര്‍ഡിയോഗ്രാമുകള്‍ (ഇ.സി.ജി.), ജനിതക ഡേറ്റ എന്നിവ ഐ.ഐ. വഴി വിശകലനം ചെയ്ത് ഹാര്‍ട്ട് ഫെയിലര്‍ സാധ്യത കൂടുതലുള്ള രോഗികളെ തിരിച്ചറിയാനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്,' ഡോ. ജയഗോപാല്‍ പി.ബി പറഞ്ഞു.
രോഗനിര്‍ണയത്തിലും വ്യക്തിഗത ചികിത്സയ്ക്കും എ.ഐ. നല്‍കുന്ന സംഭാവനകള്‍ ഡോ. അനില്‍ ബാലചന്ദ്രന്‍ വിശദീകരിച്ചു. ഇംപ്ലാന്റ് ചെയ്യാവുന്ന കാര്‍ഡിയാക് ഉപകരണങ്ങളില്‍ എ.ഐ. സംയോജിപ്പിക്കുന്നതിന്റെ പ്രയോജനങ്ങള്‍ ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് കോശി എ. വിശദീകരിച്ചു. നൂതന മരുന്നുകളുടെ ഗവേഷണത്തിന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും എ.ഐ. പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസങ്ങളില്‍ രണ്ട് സമാന്തര വേദികളിലായി 35 സുപ്രധാന ശാസ്ത്ര സെഷനുകളും വര്‍ക്ക്‌ഷോപ്പുകളും നടക്കുന്നുണ്ട്. എ.ഐ. വഴിയുള്ള രോഗനിര്‍ണയം, ജീന്‍ തെറാപ്പി, സ്ത്രീകളിലും യുവാക്കളിലുമുണ്ടാവുന്ന ഹാര്‍ട്ട് ഫെയിലര്‍, ഹൃദയമാറ്റ ശസ്ത്രക്രിയയിലെ പുരോഗതികള്‍, പൊണ്ണത്തടി മരുന്നുകള്‍, ഹൃദയസ്തംഭന മാനേജ്‌മെന്റില്‍ ഇമേജിങ്ങിന്റെ പങ്ക് തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍.
നഴ്സുമാരുടെ പരിശീലന പരിപാടികള്‍, 'മീറ്റ് ദി മാസ്റ്റേഴ്സ്' സെഷനുകള്‍, നെറ്റ്വര്‍ക്കിങ് അവസരങ്ങള്‍, കാര്‍ഡിയോളജി ഫെലോകള്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടികള്‍ എന്നിവയും സമ്മേളനത്തിലുണ്ട്. 15 അന്താരാഷ്ട്ര ഫാക്കല്‍റ്റികളാണ് സെഷനുകള്‍ നയിക്കുക. രാജ്യത്തെ 125-ലധികം ഹാര്‍ട്ട് ഫെയിലര്‍ വിദഗ്ധരും 750-ലധികം കാര്‍ഡിയോളജിസ്റ്റുകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Content Highlights: heart filure association of india national conference