റെയില്‍വേ സ്റ്റേഷനില്‍ പ്രണയപുഷ്പം വിരിയിച്ച 'കെയറിങ് ഹാര്‍ട്ട്'

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി കോഴ്‌സ് പൂര്‍ത്തിയാക്കി തിരുവനന്തപുരത്ത് 'വൈറ്റ് കോട്ട് ഹാര്‍മണി'യില്‍ പങ്കെടുക്കാനായി പോയവര്‍ക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ഹൃദയദിനാചരണവേദിയില്‍ ഹൃദ്യമായ സ്വീകരണം. ഹൃദയസംരക്ഷണ ബോധവത്കരണത്തിനായി, കാരിത്താസ് ആശുപത്രിക്കൊപ്പം മാതൃഭൂമിയാണ് 'കെയറിങ് ഹാര്‍ട്ട്' പരിപാടി നടത്തിയത്. ഗോപിക ദേവര്‍ഷി, എസ്.ആതിര, ബിന്‍സി ഗോപന്‍, ശൈത്യ തുടങ്ങിയവര്‍ക്ക് ഹൃദയാരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ പകര്‍ന്നുനല്‍കി.
അവരെ ബാഡ്ജ് ധരിപ്പിച്ചു. സമ്മാനങ്ങള്‍ നല്‍കി. ഹൃദയസംരക്ഷണം ഉറപ്പാകട്ടെയെന്ന് ആശംസിച്ചു. തുടര്‍ന്ന് എത്തിയ യാത്രക്കാര്‍ക്കെല്ലാം ബോധവത്കരണം ഉണ്ടായിരുന്നു.
ഹൃദ്രോഗങ്ങള്‍ മൂലമുണ്ടാകുന്ന അകാലമരണം ഒഴിവാക്കാന്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക ഹൃദയദിനം ആചരിച്ചത്. കോട്ടയം റെയില്‍വേസ്റ്റേഷനും അതിന് വേദിയാകുകയായിരുന്നു.
'പടികള്‍ കയറൂ...നിങ്ങള്‍ക്കായി സമ്മാനങ്ങള്‍ കാത്തിരിക്കുന്നു' എന്ന പ്‌ളാറ്റ്‌ഫോമിലെ അറിയിപ്പ് കണ്ട് എത്തിയവര്‍ക്ക് അപ്രതീക്ഷിതമായി സമ്മാനങ്ങളും നല്‍കി. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞും യാത്രക്കാര്‍ സമ്മാനം നേടി. 'ഹൃദയം'എന്ന വാക്കുള്ള സിനിമാഗാനം ഏതെന്ന ചോദ്യത്തിന് ''ഹൃദയസരസിലെ പ്രണയപുഷ്പമേ''. എന്ന ഉത്തരമാണ് പലരും നല്‍കിയത്. പടിക്കെട്ടുകള്‍ കയറിവന്നവരുടെ നെഞ്ചിടിപ്പ് പരിശോധിക്കാന്‍ ആശുപത്രിയിലെ ആരോഗ്യവിദഗ്ധര്‍ ഉണ്ടായിരുന്നു.
ഹൃദയം ഇനി കൂടുതല്‍ പരിരക്ഷിക്കണമെന്ന തിരിച്ചറിവുമായാണ് എല്ലാവരും മടങ്ങിയത്. കാരിത്താസ് ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാരും വിദ്യാര്‍ഥികളും നടത്തിയ ഏകാഭിനയവും, ഫ്‌ളാഷ് മോബും യാത്രക്കാര്‍ക്ക് നവ്യാനുഭവമായി. സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസ് 'കെയറിങ് ഹാര്‍ട്ട്' ഉദ്ഘാടനം ചെയ്തു.
കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഫാ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയിസ് നന്തികുന്നേല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജിസ്‌മോന്‍ മഠത്തില്‍, മാതൃഭൂമി റീജണല്‍ മാനേജര്‍ ടി. സുരേഷ്, സീനിയര്‍ ന്യൂസ് എഡിറ്റര്‍ പി.കെ. ജയചന്ദ്രന്‍, റെയില്‍വേ അഡീഷണല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ.മുജീബ് റഹ്‌മാന്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ (കൊമേഴ്‌സ്യല്‍) ആര്‍. മഹേഷ്, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) കെ.എന്‍. ശ്രീരാജ്, ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതാപ് സത്യന്‍, ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ എ.ജെ. ജിബിന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: Heart Day Program In Kottayam Railway Station