ഹൃദയാഘാതം; 48 മണിക്കൂർ മുമ്പ് ശരീരം മുന്നറിയിപ്പ് നൽകിയേക്കും, തിരിച്ചറിയാൻ വൈകരുത്

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകടെ മരണകാരണങ്ങളിൽ ഒന്നാണ് ഹൃദയാഘാതം. ധമനികളിൽ കൊഴുപ്പ് അടിയുകയും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുകയും ചെയ്യുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. സമയത്ത് ചികിത്സ ലഭിച്ചാൽ ജീവൻ രക്ഷിക്കാവുന്നതും എന്നാൽ വൈകുന്നത് മരണത്തിനുതന്നെ കാരണമാകുന്നതുമായ അവസ്ഥയാണിത്. ഇപ്പോഴിതാ, ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് ശരീരം സൂചനകൾ നൽകുമെന്ന് വിദഗ്ധർ പറയുന്നത്. 24 മുതൽ 48 മണിക്കൂർ മുമ്പുതന്നെ മുന്നറിയിപ്പ് ലക്ഷണങ്ങൾ പലർക്കും അനുഭവപ്പെടാറുണ്ട്. വിവിധ പഠനങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു.

ഹൃദയാഘാതം സംഭവിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ശരീരം മുന്നറിയിപ്പ് സൂചനകൾ കാണിക്കുന്ന ഘട്ടത്തെയാണ് പ്രോഡ്രോമൽ വിൻഡോ എന്ന് പറയുന്നത്. ഈ സമയത്ത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തകരാറിലായിരിക്കാൻ സാധ്യതയുണ്ട്. പൂർണമായ തടസ്സം സംഭവിക്കുന്നതിന് മുമ്പുതന്നെ ഹൃദയം സമ്മർദത്തിലാകാം. ഈ സമയം കാര്യങ്ങൾ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് ഒരു പരിധിവരെ വിഷയം ഗുരുതരമാകുന്നത് തടയാൻ സഹായിച്ചേക്കാം.

അസാധാരണമായ ക്ഷീണം

ഏറ്റവും സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ് അമിതമായ ക്ഷീണം. സാധാരണയായി തോന്നുന്ന ശീലം പോലെയായിരിക്കില്ല ഇത്. ചെറിയ കാര്യങ്ങൾ ചെയ്തതിന് ശേഷം, കുറച്ചു ദൂരം നടന്നതിന് ശേഷം, അല്ലെങ്കിൽ സാധാരണ ജോലികൾ ചെയ്തതിന് ശേഷം പോലും തളർന്നുപോകുന്ന പോലെ തോന്നിയേക്കാം. രക്തയോട്ടം കുറയുന്നതാണ് ഇതിന് കാരണം.

നെഞ്ചുവേദന

സാധാരണയുള്ള നെഞ്ചുവേദന പോലെയായിരിക്കില്ല പ്രോഡ്രോമൽ ഘട്ടത്തിലെ നെഞ്ചുവേദന. നെഞ്ചിൽ അസ്വസ്ഥത, ഭാരം, ഇറുകൽ എന്നിവ അനുഭവപ്പെട്ടേക്കാം. ഈ ലക്ഷണം ഇടയ്ക്കിടെ വരുമെങ്കിലും പലപ്പോഴും ആളുകൾ അവഗണിക്കാറാണ് പതിവ്. പലരും അസിഡിറ്റിയാണെന്നും തെറ്റിദ്ധരിക്കും.

ശ്വാസംമുട്ടൽ

മറ്റൊരു അപകടസൂചനയാണ് ശ്വാസംമുട്ടൽ. ചില രോഗികൾക്ക് കിടക്കുമ്പോൾ പോലും ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. ഇത് ശരീരത്തിന് ആവശ്യത്തിന് ഓക്സിജൻ എത്തുന്നതിൽ തടസ്സമുണ്ടാക്കിയേക്കാം. ക്ഷീണം, നെഞ്ചിലെ അസ്വസ്ഥത എന്നിവയോടൊപ്പം ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണാം.

വിയർപ്പും ഓക്കാനവും

തണുത്ത വിയർപ്പ്, തലകറക്കം, ഓക്കാനം, തലഭാരം തോന്നുക, വിശദീകരിക്കാനാവാത്ത ഉത്കണ്ഠ എന്നിവയും ശ്രദ്ധിക്കണം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അല്ലെങ്കിൽ ഹൃദ്രോഗത്തിന്റെ കുടുംബ ചരിത്രം പോലുള്ള അപകട ഘടകങ്ങളുണ്ടെങ്കിൽ ഈ ലക്ഷണങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Heart attack is one of the leading causes of death worldwide, primarily caused by fatty deposits blocking blood flow through the coronary arteries.