ദിവസവും 5 KM നടന്നു, പുകവലിയും മദ്യപാനവും ഇല്ല; എന്നിട്ടും 37-കാരന് ഹൃദ്രോഗം, രണ്ട് സ്റ്റന്റ്

#Health Desk

പലപ്പോഴും പ്രായമായവരേയും അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്നുവരേയും മാത്രമാണ് ഹൃദ്രോഗം ബാധിക്കുന്നത് എന്നായിരുന്നു നാം കരുതിയത്. എന്നാൽ, എല്ലായ്‌പ്പോഴും സ്ഥിതി അങ്ങനെയാകണമെന്നില്ല. കൃത്യമായി വ്യായാമം ചെയ്യുന്നവർ, സമീകൃതാഹാരം കഴിക്കുന്നവർ, പുകവലിയും മദ്യപാനവും ഒഴിവാക്കുന്നവരെപ്പോലും മുന്നറിയിപ്പുമില്ലാതെ ഗുരുതര ഹൃദ്രോഗം ബാധിച്ചേക്കുമെന്ന് പറയുകയാണ് കാർഡിയോളജിസ്റ്റ് ഡോ. സയ്യിദ് അക്രം അലി. 

37 വയസ്സുകാരനായ ഒരു ഹൈദരാബാദ് സ്വദേശിയുടെ കേസ് പങ്കുവെച്ചുകൊണ്ടാണ് ഡോക്ടർ മുന്നറിയിപ്പ് നൽകിയത്. അദ്ദേഹം ദിവസവും 5 കിലോമീറ്റർ ഓടുകയും, പുകവലിയും മദ്യപാനവും ഒഴിവാക്കുകയും ചെയ്തിരുന്നു. എങ്കിലും, രണ്ട് ഹൃദയ സ്റ്റന്റുകൾ അദ്ദേഹത്തിന് ആവശ്യമായി വന്നുവെന്നും ഡോക്ടർ പറയുന്നു.

ദിവസവും രാവിലെ അഞ്ച് കിലോമീറ്റർ ഓടുക, ജങ്ക് ഫുഡ് ഒഴിവാക്കുക, പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാതിരിക്കുക, കൃത്യ സമയത്ത് ഉറങ്ങുക എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഇദ്ദേഹം ശരിയായി ചെയ്തു. എന്നിട്ടും കഴിഞ്ഞ മാസം, നെഞ്ചിൽ സമ്മർദ്ദവും ഇടത് കയ്യിലെ ഭാരവുമായി അദ്ദേഹം ലാബിലെത്തി. ആൻജിയോഗ്രഫി ടെസ്റ്റ് എടുത്തപ്പോൾ അതിൽ രണ്ട് തടസ്സങ്ങളുണ്ടായിരുന്നു. രണ്ട് സ്റ്റന്റുകൾ ഇദ്ദേഹത്തിന് ആവശ്യമായി വന്നു.

ഇവ ശ്രദ്ധിക്കാം

  • ജനിതക അപകട സാധ്യത: കുടുംബത്തിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിൽ ശ്രദ്ധവേണം. മറ്റ് ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിച്ചാലും അപകട സാധ്യത വർധിക്കാം.
  • ലിപ്പോപ്രോട്ടീൻ: സാധാരണ കൊളസ്ട്രോൾ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്ത അപകടകരമായ കൊളസ്ട്രോളാണിത്. ഇത് പൂർണമായും ജനിതകമാണ്. എൽഡിഎൽ സാധാരണ നിലയിലാണെങ്കിലും ധമനികളിൽ ഇത് തടസ്സമുണ്ടാക്കാം.
  • മറഞ്ഞിരിക്കുന്ന വീക്കം: ഫിറ്റ്നസുള്ള പല ആളുകൾക്കും സിആർപി (CRP) ലെവൽ ഉയർന്ന നിലയിലായിരിക്കാം, ഇത് ധമനികളെ ബാധിക്കുന്നു.
  • തെറ്റായ ഉറക്കക്രമം: 7-8 മണിക്കൂറിൽ കുറവ് ഉറങ്ങുന്നത് ആരോഗ്യത്തെ ബാധിക്കും.

ഈ പരിശോധനകൾ അറിയണം

25 വയസ്സിനു മുകളിലുള്ള അപകടസാധ്യത നേരത്തെ കണ്ടെത്തുന്നതിന് ഈ പരിശോധനകൾ ഡോക്ടർ നിർദേശിക്കുന്നു. ലിപ്പോപ്രോട്ടീൻ(എ), എച്ച്എസ്-സിആർപി (വീക്കം), ApoB, HbA1c, ഫാസ്റ്റിങ്ങ് ഇൻസുലിൻ, വിറ്റാമിൻ ഡി, ഹോമോസിസ്റ്റീൻ, ടിഎംടി (രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ).

35 വയസ്സിനു മുകളിലുള്ളവർ കൊറോണറി കാൽസ്യം സ്കോറും പരിശോധിക്കണം. ഈ പരിശോധനകളിലൂടെ രോഗം നേരത്തേ കണ്ടെത്തുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന് ഡോക്ടർ പറയുന്നു.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Cardiologist Dr. Syed Akram Ali warns that even physically fit individuals with healthy lifestyles can develop serious heart disease without warning.