ചെറുപ്പക്കാരെയും ബാധിക്കുന്ന കേൾവിക്കുറവ്; വില്ലൻ തൊട്ടടുത്ത്, എന്താണ് നാം പാലിക്കേണ്ട 60/60 നിയമം?

പ്രതീകാത്മക ചിത്രം | Photo: Meta AI
പ്രതീകാത്മക ചിത്രം | Photo: Meta AI

ഒരുകാലത്ത് പ്രായമായവരെ മാത്രം ബാധിച്ചിരുന്ന ആരോ​ഗ്യപ്രശ്നമായിരുന്നു കേൾവിക്കുറവ്. എന്നാൽ, ഇന്ന് ചെറുപ്പക്കാരെയും ഈ പ്രശ്നം അലട്ടുന്നു. നൂറു കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവിസംബന്ധമായ പ്രശ്നങ്ങളാൽ വലയുന്നുവെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ തന്നെ പറയുന്നത്. ഹെഡ്‌ഫോണുകളും ഇയർബഡുകളും പോലുള്ള ശ്രവണ ഉപകരണങ്ങളുടെ സുരക്ഷിതമല്ലാത്ത ഉപയോഗരീതിയും വിനോദ കേന്ദ്രങ്ങളിലെ ഉച്ചത്തിലുള്ള ശബ്ദങ്ങളുമാണ് പ്രശ്നത്തിലേക്ക് വഴിവെയ്ക്കുന്നത് എന്നാണ് വിദ​ഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്കൂൾ വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ കേൾവി സംബന്ധമായ പ്രശ്നങ്ങൾ വർധിച്ചുവരുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ചെവി വേദന, ചെവിയിൽ മൂളൽ, കേൾവിക്കുറവ്, സംസാരം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചെറുപ്പക്കാരായ മിക്ക രോഗികളും വരുന്നത്. ഇതെല്ലാം ശബ്ദം മൂലമുണ്ടാകുന്ന കേൾവിക്കുറവിന്റെ ലക്ഷണങ്ങളാണ്. സുരക്ഷിതമായ പരിധി കവിയുന്ന പേഴ്സണൽ ഓഡിയോ പ്ലെയറുകളിലൂടെ ഉച്ചത്തിലുള്ള ശബ്ദം സ്ഥിരമായി കേൾക്കുന്നതുമൂലം ഇത്തരം പ്രശ്നങ്ങളുണ്ടാകാം. ഹെഡ്‌ഫോണുകൾ, ഇയർഫോണുകൾ എന്നിവ നല്ല നിലവാരമുള്ളതാണോ എന്ന് ഉറപ്പുവരുത്തണമെന്നും ഇവർ പറയുന്നുണ്ട്. 

കേൾവിയെ എങ്ങനെ സംരക്ഷിക്കാം ?

  • ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോ​ഗിക്കാതിരിക്കുക. തുടർച്ചയായുള്ള ഉപയോ​ഗമാണെങ്കിൽ 60/60 നിയമം പാലിക്കുക. അതായത് 60 ശതമാനം മാത്രം ശബ്ദത്തിൽ 60 മിനിറ്റ് നേരം മാത്രം ഉപകരണം ഉപയോ​ഗിക്കുക. 
  • ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. 
  • അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക. 
  • ​ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോ​ഗിക്കാതിരിക്കുക. 
  • ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക. 
  • മറ്റൊരാളുടെ ഇയർഫോൺ ഉപയോ​ഗിക്കുന്ന ശീലം അരുത്.
  • ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോ​ഗിക്കേണ്ടി വരുമ്പോൾ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോ​ഗിക്കാതിരിക്കാൻ ശ്രമിക്കുക. 
  • കൃത്യമായി കേൾവി പരിശോധനകൾ നടത്തുക

Content Highlights: The 60/60 Rule: Protecting Young Ears from Headphone Damage