വായിൽ പുണ്ണ്, എപ്പോഴും ക്ഷീണം; വൈറ്റമിൻ ബി 12-ന്റെ കുറവുണ്ടോ?, ലക്ഷണങ്ങൾ അറിയാം

പോഷകങ്ങൾ ശരീരത്തിന് ഏറ്റവും ആവശ്യമുളള ഘടകമാണ്. അത്തരത്തിൽ ശരീരത്തിന് വളരെ ആവശ്യമായ ഒരു പോഷകമാണ് വൈറ്റമിൻ ബി12. മനുഷ്യശരീരത്തിന് സ്വയം ഉത്പാദിപ്പിക്കാൻ സാധിക്കാത്ത ഈ പോഷകം മാംസം, മത്സ്യം, മുട്ട, പാൽ ഉത്പ്പന്നങ്ങളിൽ നിന്നോ സപ്ലിമെന്റുകളിൽ നിന്നോ നേടേണ്ടത് അത്യാവശ്യമാണ്. ഈ പോഷകം ശരിയായ അളവിൽ ലഭിച്ചിട്ടില്ലെങ്കിൽ ശരീരം ചില ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുമെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പ്രാരംഭ ഘട്ടത്തിൽ ഇത് നേരിതായിരിക്കുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ഈ വിഷയം ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. വൈറ്റമിൻ ബി12-ന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ പരിശോധിക്കാം.
നിരന്തരമായ ക്ഷീണം
വൈറ്റമിൻ ബി12 കുറവിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് നിരന്തരമായ ക്ഷീണം. വിശ്രമിച്ച ശേഷവും ഊർജ്ജനില താഴ്ന്നുതന്നെയിരിക്കുന്നെങ്കിൽ ശ്രദ്ധവേണം. ഓക്സിജൻ വഹിക്കാൻ ആവശ്യമായ ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
മരവിപ്പ് അനുഭവപ്പെടുന്നത്
ബി12-ന്റെ അളവ് കുറയുന്നത് കൈകളിലും കാലുകളിലും തരിപ്പിനോ മരവിപ്പിനോ കാരണമാകും. സൂചികുത്തുന്നത് പോലുള്ള ഈ തോന്നൽ പിന്നീട് ഗുരുതര പ്രശ്നങ്ങളായി മാറിയേക്കാം.
മാനസികാവസ്ഥയിലെ പ്രശ്നങ്ങൾ
സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയവയെ നിയന്ത്രിക്കാൻ ബി12 സഹായിക്കുന്നു. ഇതിന്റെ അളവ് കുറയുമ്പോൾ ആളുകൾക്ക് ദേഷ്യം, ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ മറവി എന്നിവ അനുഭവപ്പെട്ടേക്കാം. ശരിയായ ഭക്ഷണക്രമം പ്രധാനമാണ്. എന്നാൽ, ഭക്ഷണത്തിലൂടെ ആവശ്യമായ അളവിൽ പോഷകം ലഭിക്കാതെ വരുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്റ്സ് എടുക്കേണ്ടതാണ്.
വിളറിയ ചർമം
വൈറ്റമിൻ ബി12-ന്റെ കുറവ് പലപ്പോഴും ചർമ്മത്തിന് വിളർച്ചയോ മഞ്ഞനിറമോ നൽകുന്നു. ശരീരത്തിന് ആവശ്യമായ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ കഴിയാത്തും കോശങ്ങൾ നശിക്കുമ്പോൾ ബിലിറൂബിൻ അടിഞ്ഞുകൂടുകയും ചെയ്യുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
നാവിൽ വ്രണവും വീക്കവും
ചുവന്നതും, വീർത്തതും, മിനുസമുള്ളതുമായ നാവ് ബി12-ന്റെ കുറവിനെ സൂചിപ്പിക്കാം. Glossitis എന്ന് വിളിക്കുന്ന ഈ അവസ്ഥ നാവിൽ പുകച്ചിലിനോ വേദനയ്ക്കോ കാരണമായേക്കാം. ചിലർക്ക് വായിൽ പുണ്ണ് ഉണ്ടാകുകയും, ഇത് ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.
(മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ മറ്റ് രോഗങ്ങളുടെ ഭാഗമായുമുണ്ടായേക്കാം. ഒരു വിദഗ്ധ ഡോക്ടറെ കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്)
Content Highlights: Vitamin B12 Deficiency: Recognizing the Signs and Symptoms