തണുക്കാൻ കുടിക്കുന്നവർ ജാഗ്രതൈ, വില്ലനാകും വെയിൽ കൊണ്ട പാനീയം

കോഴിക്കോട്:ചുട്ടുപൊള്ളുന്ന വെയിലിൽ ആർക്കായാലും കുപ്പിവെള്ളവും ശീതളപാനീയങ്ങളും വാങ്ങി കുടിക്കാൻതോന്നും. കൊടുംവെയിലിൽ ആശ്വാസമാകാൻ കുടിക്കുന്ന ഇവ വെയിലേറ്റതാണെങ്കിൽ ആശ്വാസം വൈകാതെ ആരോഗ്യപ്രശ്നമായി മാറും. കടകളിൽനിന്ന് കുപ്പിവെള്ളവും ശീതീകരിച്ച പാനീയങ്ങളും ലഭിക്കുമെങ്കിലും ഫ്രിഡ്ജിൽ കയറ്റുന്നതിനുമുൻപ് വെയിൽകൊള്ളുന്നരീതിയിൽ സൂക്ഷിക്കുന്നതും അടച്ച വാഹനത്തിലല്ലാതെ കടകളിലേക്ക് വിതരണത്തിനെത്തിക്കുന്നതും ഇവയുടെ ഗുണനിലവാരം ഇല്ലാതാക്കും.
നേരിട്ട് സൂര്യപ്രകാശമേൽക്കരുതെന്ന് കുപ്പികൾക്ക് മുകളിൽത്തന്നെ വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. ദീർഘനേരം വെയിലേറ്റാൽ കടുത്തചൂട് പാനീയത്തിലെ പ്രിസർവേറ്റീവുകളുടെ ഗുണം കുറച്ച് രാസപരമായ മാറ്റങ്ങൾക്ക് വഴിവെക്കും. കുപ്പിയുടെ പ്ലാസ്റ്റിക്കിന്റെ ഘടനയെത്തന്നെ മാറ്റി പാനീയത്തിലൂടെ മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്താനുള്ള സ്രോതസ്സുകളിലൊന്നായും മാറും.ഫ്രൂട്ട്ജ്യൂസുകളിലെ കുപ്പികൾക്ക് നേരിട്ട് ചൂടേൽക്കുമ്പോൾ പാനീയത്തിലെ ഘടകങ്ങൾ ഓക്സിജനുമായി പ്രതിപ്രവർത്തിക്കുകയും (ഓക്സിഡേഷൻ റിയാക്‌ഷൻ) ഇത് പാനീയത്തിന്റെ നിറം, രുചി, പോഷകമൂല്യം, രാസഘടന എന്നിവയ്ക്ക് മാറ്റമുണ്ടാക്കുകയും ചെയ്യും.
രാസമാറ്റം സംഭവിക്കും
പോളിഎഥലീൻ ടെറസ്താലിൻ(പെറ്റ്), ബിസ്ഫനോൾ എ( ബി.പി.എ.) എന്നീ സിന്തറ്റിക് രാസവസ്തുക്കൾ ഉപയോഗിച്ചാണ് ശീതളപാനീയങ്ങൾക്കുള്ള പ്ലാസ്റ്റിക് കുപ്പികൾ കൂടുതലായും നിർമിക്കുന്നത്. വെയിലേൽക്കുമ്പോൾ പെറ്റ് കുപ്പിയിലടങ്ങിയിരിക്കുന്ന ആന്റിമണി എന്ന രാസപദാർഥവും ബിസ്ഫനോൾ എന്ന രാസപദാർഥവും വെള്ളത്തിൽ ലയിക്കാൻ സാധ്യതയുണ്ട്. ഇത് ഉണ്ടാവാതിരിക്കാനാണ് വെയിലേൽക്കരുതെന്ന് പറയുന്നത്. ഏറെനേരം വെയിലേറ്റശേഷം ഫ്രിഡ്ജിൽവെച്ച് തണുപ്പിച്ചാലും സംഭവിച്ച രാസമാറ്റം ഇല്ലാതാവില്ല.
എം.എൻ. ഷംസിയ
ഭക്ഷ്യസുരക്ഷാ ഓഫീസർ
Content Highlights: Why You Should Never Drink Bottled Water Left in the Sun