ശരീരത്തിന്റേയും ചർമത്തിന്റേയും ആരോഗ്യം തിളങ്ങും; എന്തുകൊണ്ട് ബദാം കുതിർത്ത് കഴിക്കണം?

ബദാം കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ബദാം വെറുതെ കഴിക്കുന്നതിനേക്കാൾ നല്ലത് കുതിർത്ത് കഴിക്കുന്നതാണ്. ഇപ്പോഴിതാ, ദിവസവും അഞ്ച് ബദാം വീതം ഒരുമാസം കുതിർത്ത് കഴിക്കുന്നത് നമ്മുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ബദാം കുതിർക്കുന്നത് ദഹനം എളുപ്പമാക്കുകയും പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
- മെച്ചപ്പെട്ട ദഹനം: ബദാം കുതിർക്കുന്നത് ടാനിൻ, ഫൈറ്റിക് ആസിഡ് പോലുള്ള പോഷക വിരുദ്ധ ഘടകങ്ങൾ കുറയ്ക്കുകയും അതുവഴി ദഹനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.
- ദിവസംമുഴുവൻ ഊർജ്ജം: ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു.
- തിളക്കമാർന്ന ചർമ്മം: ബദാമിൽ വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യവും തിളക്കവുമുള്ള ചർമം നൽകുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
- ഓർമയും ഏകാഗ്രതയും: ബദാമിൽ അടങ്ങിയിരിക്കുന്ന റൈബോഫ്ലാവിൻ, എൽ-കാർണിറ്റൈൻ പോലുള്ള ഘടകങ്ങൾ ഓർമശക്തിയും ശ്രദ്ധയും വർധിപ്പിക്കാൻ സഹായിക്കുന്നു.
- ഹൃദയാരോഗ്യം മികച്ചതാകും: ബദാം കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം ക്രമീകരിക്കാനും സഹായിക്കുന്നു.
- ശരീരഭാരം നിയന്ത്രിക്കാം: കലോറി കൂടുതലാണെങ്കിലും, ബദാമിൽ അടങ്ങിയിട്ടുള്ള നാരുകളും പ്രോട്ടീനും വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും
- എല്ലുകളുടെ ബലം: കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കളാൽ സമ്പന്നമായ ബദാം എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം: ഗ്ലൈസെമിക് ഇൻഡെക്സ് കുറവായതിനാൽ പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബദാം സഹായിക്കുന്നു.
- മനസ്സ് ശാന്തമാകും: കുതിർത്ത ബദാം ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് മനസ്സിനെ ശാന്തമാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)
Content Highlights: Discover the amazing health benefits of eating soaked almonds daily