മെട്രോ യാത്ര ആരോഗ്യത്തിനും ഗുണകരം, 15വരെ മിനിറ്റ് അധിക വ്യായാമം ലഭിക്കുമെന്ന് പഠനം

ബെംഗളൂരു: മെട്രോ തീവണ്ടിയിൽ യാത്ര ചെയ്യുന്നത് ആരോഗ്യത്തിനും ഉത്തമമെന്ന് പഠനം. നമ്മ മെട്രോ യെല്ലോ ലൈൻ റൂട്ടിലെ പതിവ് യാത്രക്കാർക്കിടയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എ സ്.സി.) സംഘം നടത്തിയ പഠനത്തിലാണ് മെട്രോ തീവണ്ടിയെ ആശ്രയിക്കുന്നവർക്ക് സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിനെക്കാൾ വ്യായാമം ലഭിക്കുമെന്ന് കണ്ടെത്തിയത്. ദിവസം 10മുതൽ 15വരെ മിനിറ്റ് അധിക വ്യായാമം മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ലഭിക്കുന്നു.
വീട്, ഓഫീസ് എന്നിവിടങ്ങളിൽനിന്ന് മെട്രോ സ്റ്റേഷനിലേക്കുള്ള ദൂരം നടക്കേണ്ടിവരുന്നത് അടക്കമുള്ള കാരണത്താലാണ് അധിക ശാരീരികാധ്വാനം വേണ്ടിവരുന്നത്. സ്റ്റേഷൻ വരെ സ്വകാര്യ സ്വകാര്യ വാഹനത്തിൽ വന്നിട്ട് മെട്രോ തീവണ്ടിയിൽ കയറുന്നവർക്കും കുറ ച്ചു ദൂരം സ്റ്റേഷനുള്ളിൽ നടക്കേണ്ടി വരും. അതിനാൽ ഇവർക്കും ഇതൊരു വ്യായാമമാണ്. മെട്രോയിൽ യാത്ര ചെയ്യുന്നവരിൽ കുടുതൽ പേർക്കും നിന്ന് തന്നെയാത്ര ചെയ്യേണ്ടി വരും. ഇതിനും പരിമിതമെങ്കിലും കുറച്ച് ശാരീരികാധ്വാനം വേണം.
എല്ലാ സ്റ്റേഷനുകളിലും ലിഫ്റ്റും യന്ത്രപ്പടിയുമുണ്ടെങ്കിലും ഇവയ്ക്ക് പകരം പടിക്കെട്ട് കയറാൻ ശ്രമിച്ചാൽ അത് വഴിയും അധികം വ്യായാമം ലഭിക്കും. പഠനത്തിന്റെ ഭാഗമായി സർവേയിൽ പങ്കെടുത്ത ഒട്ടുമിക്കവർക്കും ഇതിന് മുമ്പ് ഇത്തരത്തിൽ വ്യായാമം ലഭിച്ചിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.
ദിവസം 10-15 മിനിറ്റ് വ്യായാമം ലഭിക്കുന്നതിനാൽ ആഴ്ചയിൽ അഞ്ച് ദിവസം മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് 50 മുതൽ 73 മിനിറ്റ് അധിക വ്യായാമം ലഭിക്കും.
അന്തരീക്ഷ മലിനീകരണം ഇരുചക്രവാഹനത്തിലും ബസിനും യാത്ര ചെയ്യുന്നവരെ ബാധിക്കുന്നത് പോലെ മെട്രോ യാത്രക്കാരെ ബാധിക്കുന്നില്ല. ഇതും ആരോഗ്യത്തിന് ഗുണകരമാണ്. ഗതാഗതക്കുരുക്കിൽപ്പെടാത്തതിനാൽ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ മെട്രോ യാത്ര സഹായിക്കും. ഇതിലൂടെ മാനസിക സമ്മർദം ഒഴിവാക്കാമെന്നതും മെട്രോ യാത്രക്കാർക്ക് ലഭിക്കുന്ന ഗുണങ്ങളാണ്
Content Highlights: Metro commuters gain 10-15 minutes of daily physical activity., Walking to and from stations provides essential exercise., Standing during commutes contributes to daily caloric expenditure