ഹാന്റാ വൈറസ്; സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ല, നിലവിൽ ഇന്ത്യയ്ക്ക് ഭീഷണിയില്ല-ഡോ. നവീൻ കുമാർ

എം.വി. ഹോൺഡിയസ് കപ്പലിലെ ഹാന്റാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി ഐസിഎംആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. നവീൻ കുമാർ. കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന
വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് കേസുകൾ ഒറ്റപ്പെട്ടവയാണെന്നും നിലവിൽ ഇന്ത്യയ്ക്ക് ആരോഗ്യ ഭീഷണിയില്ലെന്നും നവീൻ കുമാർ വ്യക്തമാക്കിയത്.
സാമൂഹിക വ്യാപനത്തിനുള്ള സാധ്യത നിലവിലില്ല. റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹാന്റാ വൈറസ് കേസുകൾ ഒറ്റപ്പെട്ടവയാണെന്നും ഇന്ത്യയ്ക്ക് അടിയന്തര പൊതുജനാരോഗ്യ ഭീഷണി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 പോലെ ഹാന്റാ വൈറസ് മനുഷ്യരിൽ വേഗത്തിൽ പടരുന്നില്ലെന്നും ഡോ. നവീൻ കുമാർ പറഞ്ഞു.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഹാന്റാ വൈറസ് കേസുകൾ അപൂർവമാണ്. ഏഷ്യയിലും യൂറോപ്പിലുമൊക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടവ മനുഷ്യർക്കിടയിൽ പടരാത്തതാണ്. ഹാന്റാ വൈറസിന്റെ അത്യപൂർവ വകഭേദമായ ആൻഡീസ് ആണ് മനുഷ്യർക്കിടയിൽ പടരുന്നത്.
ഗോഡൗണുകൾ, കപ്പലുകൾ, സംഭരണകേന്ദ്രങ്ങൾ തുടങ്ങിയ വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിൽ എലിശല്യത്തിന് സാധ്യതയുള്ളതിനാൽ ഇത്തരം ചുറ്റുപാടികളിൽ ജോലിചെയ്യുന്നവർ കരുതലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീര് എന്നിവയിലെ വൈറസ് കണങ്ങൾ ശ്വസിക്കുന്നതിലൂടെയാണ് ആളുകൾക്ക് രോഗം ബാധിക്കുന്നത്.
ഹാന്റാവൈറസ് സംബന്ധിച്ച് സംശയാസ്പദമായ കേസുകൾ കണ്ടെത്താൻ രാജ്യത്തിന് മതിയായ ലാബ് സംവിധാനവും നിരീക്ഷണ ശേഷിയുമുണ്ടെന്നും ഡോ.നവീൻ കുമാർ പറഞ്ഞു. ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലൂടെയും രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 165 ലബോറട്ടറികളുള്ള വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി നെറ്റ്‌വർക്കിലൂടെയും രോഗനിർണയം നടത്താനാവും. സംശയാസ്പദമായ കേസുകൾ സ്ഥിരീകരിക്കുന്നതിനുള്ള RT-PCR സൗകര്യങ്ങൾ ഇവിടെ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണയായി രോഗബാധയേറ്റ് ഒന്നുമുതൽ അഞ്ച് ആഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമെന്നും തുടക്കത്തിൽ ഫ്ലൂ പോലുള്ള അസുഖങ്ങൾക്ക് സമാനമായിരിക്കും ലക്ഷണങ്ങളെന്നും അദ്ദേഹം പറഞ്ഞു. പനി, കഠിനമായ ശരീരവേദന, തലവേദന, ക്ഷീണം, വിറയൽ, ഓക്കാനം, ഛർദ്ദി, വയറുവേദന, വരണ്ട ചുമ എന്നിവയാണ് പൊതുവേ കാണാറുള്ള ലക്ഷണങ്ങൾ. ഗുരുതരമായ സന്ദർഭങ്ങളിൽ, രോഗികൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, രക്തസമ്മർദ്ദം കുറയുക, അല്ലെങ്കിൽ മൂത്രത്തിൻ്റെ അളവ് കുറയുന്നതിനോടൊപ്പം കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയും ഉണ്ടാകാം.
കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, ആസൂത്രിതമല്ലാത്ത നഗരവൽക്കരണം, മോശം മാലിന്യ നിർമാർജനം, എലികളുടെ വാസസ്ഥലങ്ങളിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റം എന്നിവ ലോകമെമ്പാടും ഇന്ത്യയിലും എലികൾ പെറ്റുപെരുകുന്നതിനും അവവഴിയുള്ള രോഗങ്ങളുടെ വർധനവിനും കാരണമാകുമെന്ന് ഡോ. നവീൻ കുമാർ മുന്നറിയിപ്പ് നൽകി.
ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട കപ്പലാണ് എം.വി. ഹോൺഡിയസ്. നിലവിൽ 23 രാജ്യങ്ങളിൽനിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്. ഇതിൽ 80 പേർ യാത്രക്കാരാണ്. ബ്രിട്ടൻ, യു.എസ്., സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. 114 യാത്രക്കാരുമായാണ് കപ്പൽ പുറപ്പെട്ടത്.
കപ്പലിലെ വൈറസ് ബാധയെത്തുടർന്ന് മൂന്നുപേരാണ് ഇതുവരെ മരിച്ചത്. എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവർ ബ്രിട്ടൻ, ജർമനി, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ചികിത്സയിലാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ കേപ്പ് വെർദയിൽനിന്ന് പുറപ്പെട്ട എം.വി. ഹോൺഡിയസ് സ്‌പെയിനിലെ ടെനറിഫ് ദ്വീപിലേക്ക് പോവുകയാണ്. എന്നാൽ, കപ്പലിനെ തീരത്തടുക്കാൻ സ്‌പെയിനോ ഡച്ചോ അനുവദിച്ചിട്ടില്ല. അതേസമയം, വൈറസ് ലോകവ്യാപകമായി ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്.
എന്താണ് ഹാന്റാ വൈറസ്?
എലികളാണ് ഹാന്റാ വൈറസ് പടർത്തുന്നത്. എലികളുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലെ വളരെ ചെറിയ കണങ്ങൾ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ സ്പർശിക്കുകയോ അറിയാതെ ഭക്ഷണത്തിൽ കലരുകയോ, അണുബാധയുള്ള എലികളുടെ കടിയേൽക്കുകയോ ചെയ്യുമ്പോഴാണ് രോഗം പകരുന്നത്. ശ്വാസകോശത്തെ ബാധിക്കുന്നത്, വൃക്കകളെ ബാധിക്കുന്നത് എന്നിങ്ങനെ രണ്ടുതരത്തിൽ മനുഷ്യശരീരത്തെ ബാധിക്കുന്ന വൈറസുകളാണ് ഹാന്റ വൈറസിന്റേത്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റാ വൈറസ് പൾമണറി സിൻഡ്രോം എന്ന വിഭാഗമാണ് ഏറ്റവും അപകടകരം. ഇതിന്റെ മരണനിരക്ക് ഏകദേശം 40 ശതമാനം ആണ്.
1970-കളിൽ തെക്കൻ കൊറിയയിലെ ഹാന്റാൻ നദിക്കടുത്താണ് ആദ്യമായി ഈ രോഗം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് ഹാന്റാ വൈറസ് എന്ന പേര് ലഭിച്ചത്. അതിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസുകൾ താരതമ്യേന കുറവാണ്.
ലക്ഷണങ്ങൾ
സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുക. വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പനി, ക്ഷീണം, ശരീരവേദന, തലവേദന, ഛർദി, വയറുവേദന തുടങ്ങിയവ പ്രകടമാകും. ദിവസങ്ങൾക്കുള്ളിൽ സ്ഥിതി വഷളാകാം. ക്രമേണ ചുമ, ശ്വാസതടസ്സം, രക്തസമ്മർദം കുറയൽ, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവയിലേക്കും നയിക്കും. അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണകാരണമാകും.
ചികിത്സ
ഹാന്റാ വൈറസിന് മാത്രമായുള്ള ചികിത്സാരീതി ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും പിന്തുണയുമാണ് നൽകുന്നത്. വീടും ചുറ്റുപാടും വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് രോഗപ്രതിരോധത്തിൽ പ്രധാനം.
Content Highlights: Hantavirus Update: No Threat to India, ICMR Confirms